My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, July 30, 2008

മതമില്ലാ പ്രകൃതി

ക്രുദ്ധമാകുമ്പോള്‍ കാറ്റ് അംഗീകരിക്കില്ല
കടല്‍ അംഗീകരിക്കില്ല
അലറി വരും
തിരകളും പെരുമഴയും
ഇരുട്ടും തീയും
അഗ്നിപര്‍വതങ്ങളും
അണുക്കളും ക്ഷുദ്രജന്തുക്കളും
സര്‍വ്വചരാചരങ്ങളും
മുള്ളും കരിംകല്ലും
മാനിക്കില്ല നിന്നെ
ജാതി പറഞ്ഞ് എത്ര നിലവിളിച്ചാലും.

Sunday, July 27, 2008

താരദൂരം

കോടിപ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം
നിന്ന് എന്തിനിങ്ങനെ
പുഞ്ചിരിക്കുന്നു.

എത്രജന്മമെടുത്താലും
എത്തിടില്ല നിന്റെ ദൂരം.

സ്നേഹം കൂപ്പുകുത്തി
ശൂന്യതയുടെ പെരുവഴിയില്‍
ഉല്‍ക്കപോല്‍ മറഞ്ഞതറിഞ്ഞില്ലേ..

അനന്തതയിലിരുന്നു
പെറ്റു പെരുകുന്നതെന്തിനെന്നാകാശാം
നിറയെ
മിന്നും പൂങ്കാവനമൊരുക്കുന്നത്?

എങ്കിലും
ശാന്തമാണെന്നുറക്കം
മേലെ കാത്തിടുന്നുണ്ടാം
നിറങ്ങളെല്ലാം തുടിക്കുമൊരാ-
യിരം പനീര്‍പ്പൂക്കള്‍.

കവര്‍ സത്യം.

പാലു പോലുള്ളതാണിപ്പോള്‍ സത്യങ്ങള്‍
അണുനാശിനികള്‍ ചേര്‍ത്തത്
ഭംഗിയായ് പൊതിഞ്ഞത്
ശീതീകരിച്ചു
ആവശ്യമുള്ളപ്പോള്‍
ഗുണം കൂട്ടിയും കുറച്ചും
വിലകൊടുത്തു വാങ്ങാവുന്നത്.

സൂക്ഷിച്ചു വച്ചില്ലേല്‍
പുളിച്ചു നാറുന്നവ.
എന്നാലുമവ
വെണ്മയോടെ
നാടുനീളേ സത്യം സത്യം
എന്നു വിളമ്പപ്പെടുന്നു.

Saturday, July 12, 2008

സ്നേഹാനേഷണം.

എന്നില്‍ നിന്നും വേറിട്ട എന്തൊ ഒന്നായ് അത്
യാതൊരനുസരണയുമില്ലാതെ
തോന്നുമ്പോള്‍ വന്നു കൂടുവച്ച്
കുറുങ്ങിയും ചുമച്ചും
ഭീകരത മുഴുപ്പിച്ചും
ഒരരിപ്രാവായ്,

ഇരുട്ടില്‍ നിന്നിരുട്ടിലേക്ക്
ചിറകടിക്കുന്ന നരിചീറായ്,

എകാന്തതയുടെ ഉലയിലിരുന്നു വിളിക്കുന്ന
ചെമ്പോത്തായ്,

പകലെന്നൊ രാവെന്നോ നോക്കാതെ
നീട്ടിപ്പാടുടന്ന കുയിലായ്,

ഹൃദയത്തിന്റെ കോണുകളിലെല്ലാം
പൂ‍ക്കളുണ്ടെന്നറിയിച്ചു
ചുവരിലൂടൊലിക്കുന്നതേനായി,

എനിക്കിതില്‍
പങ്കില്ലെന്നു മധുരം പറയുന്ന
കുരുവിയായ്...

സ്വസ്തത തരാത്ത ഇതിനെ
നുള്ളിക്കളയാനൊ പൂട്ടാനൊ
ഒന്നെത്തി നോക്കിയാല്‍
ഭയപ്പെടുത്തുന്ന ശൂന്യതയായ്

പിറകിലാക്കി പടിയിറങ്ങിയാലൊ
ക്രൂരമാം കൂട്നിലവിളിയായ്.
അകത്ത് ഓര്‍മ്മ കത്തിച്ച മണവും
നടുവില്‍ തീനാളനൃത്തവും.

ഇത്..
എന്നില്‍ നിന്നും വേറിട്ടത്.
ഞാന്‍..
എനിക്കൊരുപങ്കുമില്ലാത്തതു.
സ്നേഹം.,
എന്നിട്ടും നഖം ഇറുക്കെ വളര്‍ത്തി
എന്നിലിറക്കുന്നത്.

ഇനി
എന്റെ നാവും പിഴുതു നീ തന്നെ പാടുക,
വാനത്തിലൂടൊരു കഴുകന്റെ വിളിയായ്.,
നീട്ടി നീട്ടി പാടുക.
നീയും എന്നില്‍ നിന്നു വേറിട്ടതെന്തോ എന്ന്.. ..
ഞാനും എന്നില്‍ നിന്നും വേറിട്ടതെന്തൊ എന്നും...

Sunday, July 6, 2008

അന്ധവിശ്വാസം...!


പഴക്കടക്കാരന്‍ അവന്റെ കടയിലെ

മഞ്ഞ മാമ്പഴം ഭക്ഷിക്കില്ല

കുട്ടിയ്ക്കും ഭാര്യക്കും കൊടുക്കില്ല

പാലും പടവലവും ചോറും മറ്റെല്ലാം

കഴിക്കും

പാല്‍ക്കാരന് ആ കവര്‍ പാല്‍ മത്രം വേണ്ടാ

മറ്റെല്ലാം ഇഷ്ട്മാണ്

മീങ്കാരിക്ക് ആ വലിയമീന്‍ ഇഷ്ട്മേയല്ല.

കീടനാശിനി തളിച്ചിട്ടൊരിക്കലും കഴുകാതെ

ഉണക്കി കിട്ടിയ ചായപ്പൊടി മതി

കോഴിക്കടക്കാരനു കടയിലെ കോഴിയേം വേണ്ടാ

മുട്ടേം വേണ്ടാ

പോത്തിറച്ചിയില്‍ ഇത്തിരികൂടി രുചിവിശ്വാസം

എത്ര ഭംഗിയാ‍യ് എല്ലാരും

പരസ്പ്പരം വിഷം നല്‍കി വിശപ്പടക്കുന്നു

വിശ്വാസം ആഘോഷിക്കുന്നു...

കരളറ്റുപോയവനും, ശ്വാസകോശം അടഞ്ഞവനും,

ചിന്ത മരിച്ചവനും, കാഴ്ച്ച നരച്ചവനും,

പഞ്ചാര വിരുദ്ധനും ...

Saturday, July 5, 2008

ആരാണ് ?


എനിക്കറിയേണ്ടത്

ആരാണ് ഞാനറിയാതെന്നെ

ഭൂമിക്കൊപ്പവും

പിന്നെ സൂര്യനുചുറ്റും വലം

ചെയ്യിക്കുന്നതെന്നാണ്.

എനിക്കറിയേണ്ടത്

ഈ നേര്‍ച്ചയ്ക്കു ശേഷം

ഞാനെത്ര ബാക്കിയുന്ണ്ടാവുമെന്നാണ്..


Friday, July 4, 2008

അവധി

എല്ലാവരും പോകെ ശബ്ദമില്ലാത്തിടത്ത്

അവധിയായ് നില്‍ക്കെ..

ജലമായിരുന്നെങ്കില്‍ ഇന്നലെ മുറ്റത്ത്

തളം കെട്ടിയെന്നാലും,

പെയ്തേനൊരിക്കലെന്ന്..,


നനയുമൊരു കാകന്‍ പറന്നെത്തി മണ്ണില്‍

ചിതറുമൊരു കാലടി കൂട്ടെന്നു വരച്ചെണ്‍കില്‍,

ഏകാന്തത ചിരിച്ചേനെ ചിറകുകളില്‍

ഉയരത്തിലേക്കു ഞാനും കളിച്ചെങ്കിലെന്നും..

ഓര്‍ത്തോര്‍ത്തോരോ സ്വപ്നം പിറക്കെ.,

ഏത് ഭ്രാന്തന്‍ കാറ്റെന്നെ

നിശ്വസിച്ചാകിനാക്കളില്‍നിന്നു

ഭൂമിക്കുമപ്പുറം എറിഞ്ഞുടച്ചു.?

ചൊരിയുമാചോര തെറിപ്പിച്ച് അന്തിയില്‍

തന്തയില്ലാപ്രണയമിരുട്ടഴിച്ചാടുന്നോ..?

രാവിറങ്ങുന്നൊ ചുവടുകള്‍ മായ്ക്കുന്നൊ

ആ പുലരിപ്പെരുമഴ മന്ത്രിച്ച സ്നേഹത്തിന്‍..