My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, January 26, 2011

വനിതാ ചലചിത്ര ക്യാമ്പില്‍ നിന്നും....

          ഒരു സ്ത്രീ, ജീവിതത്തില്‍ എത്ര ചിത്രങ്ങള്‍ കാണാനാണ് ?
 അബദ്ധവശാല്‍ ക്ലാസ്സിക്ക് പടങ്ങള്‍ ഇഷ്ടമെന്നാല്‍ പോലും ഒന്നേലും കാണാനാകുമോ?
ചലചിത്രോത്സവങ്ങളൊ..!  ?
( ഒരു സാധാ‍രണക്കാരിയുടെ ജീവിത്തെ കുറിച്ചാണ് പറയുന്നത്.)

         അവരില്‍ ചിലരിലേക്കു ഈ സൌന്ദര്യബോധ നിര്‍മ്മാണാസ്വാദന കലയെ പരിചയപ്പെടുവാന്‍ ഉള്ള പണിയായുധങ്ങളും വഴികളും എത്തിക്കാനായി ഇക്കഴിഞ്ഞ 22ണ്ട് 23ന്നു തീയതികളില്‍ വനിതകള്‍ക്കായി വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ ചലചിത്രക്യാമ്പ്  നടത്തിയ സംഘാടകരെ വളരെയേറെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഏകദേശം അന്‍പതോളം സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു. (http://womencinema.blogspot.com)

        പൂത്തുലയുന്ന വൃക്ഷത്തിന്റെ ഉപരിഭാഗമായ് വിലസ്സുന്ന ആണ്‍കലകളില്‍ ഒന്നായ് തീര്‍ന്നതാണീ സിനിമയും..ഇത് കേരളത്തിലെ സ്ഥിതി. സ്ത്രീകള്‍, താഴെ അടുക്കള വേരോട്ടങ്ങളും. വേരുകള്‍ക്കു കാഴ്ച്ചയും ഭൂത കണ്ണാടികളും ക്യാമറയും കിട്ടിയാല്‍ മുകളിലൂടെ നടന്നു മാത്രം കണ്ട കാഴ്ചകളില്‍ നിന്നും എത്ര വ്യത്യസ്തവും ഇതുവരെ കാണാത്തതും ഭംഗിയാര്‍ന്നതുമായ് ഒരു ലോകം എന്തു കൊണ്ടു പുറത്തു വന്നു കൂടാ?

             കാരണം ഭൂമി പുറം വരെ മാത്രം കാഴ്ച്ചകളും കാരണങ്ങളും ചിന്തകളും ഉടക്കി നിന്നു പോകുന്ന സാധാരണ മനുഷ്യര്‍ക്കിടയിലെ സ്ത്രീവര്‍ഗ്ഗത്തിന്, അവരുടെ അടഞ്ഞ ചുവരുകളും ചുവടുകളും., സംവേദനത്തിന് ഇന്ദ്രിയങ്ങള്‍ സ്ഥിരം കൊണ്ടെത്തിക്കുന്ന; കുട്ടികള്‍, ഭര്‍ത്താവ്, പാത്രം, ചൂല്‍ , ഒഫീസ്സ് ഫയലുകള്‍, തിരക്കുകള്‍.,ക്ഷീണിത രാത്രികള്‍ ഉറക്കമെടുത്തോടും മുന്‍പ് ഉണര്‍ത്തിവിടുന്ന കൃത്യനിഷ്ടകള്‍...ഇവപോലുള്ളവയില്‍ നിന്നു ഭിന്നമായി ചിന്തിക്കാന്‍ ഏതു ഇടവേളകള്‍..?

ജന്മം തൊട്ടെ സംസ്ക്കാ‍രം പാകപ്പെടുത്തിയെടുത്ത അടിച്ചേല്‍പ്പിക്കലുകള്‍ , ചോദ്യം ചെയ്യപ്പെട്ടുകൂടാ എന്നു രേഖപ്പെടുത്തിയ മേല്‍ക്കോയിമ്മകള്‍, ബന്ധങ്ങള്‍ തൊട്ടു വസ്ത്രവിധാനം വരെ പരുങ്ങലിലാക്കുന്ന വ്യവസ്ഥകള്‍...
ഇതിനിടയില്‍ സ്ത്രീ............

അപ്പോള്‍ ആണ്‍പൂമരമേ., പെണ്‍വേരുകള്‍ക്കു കാഴ്ച കിട്ടുമ്പോള്‍ അരുവികളുടെ അരികു പറ്റി വെള്ളം തേടുന്നവരെ, ഇടയ്ക്കിടെ പൊങ്ങി വന്നു ആകാശത്തെക്കുനോക്കുന്നവരെ., കൃമി ലോകങ്ങളെ താണ്ടി പോകുന്നവരെ അങ്ങിനെ അങ്ങിനെ ഒരു വലിയ ലോകം കണ്ടുകൂടെ..?

ക്യാമ്പില്‍ ശ്രീ. നീലന്‍‍, ശ്രീ.വി.കെ.ജോസഫ്, ശ്രീ. ജി.ആര്‍. സന്തോഷ്  എന്നിവരുടെ സുന്ദരമായ ക്ലാസ്സുകള്‍ ഭാഗികമായ് കേള്‍ക്കാന്‍ കഴിഞ്ഞു. അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് മറ്റു ക്ലാസ്സുകള്‍ കേല്‍ക്കുവാനുള്ള ഭാഗ്യം കിട്ടിയില്ല..

അവിടെ കണ്ട സിനിമകളില്‍ ഒന്നു കുറോസ്സാവിന്റെ ട്രീംസ് ആയിരുന്നു. റ്റണെല്‍ എന്ന സിനിമ തുടര്‍ച്ചയായ വൈകാരികതയുടെ നിശ്ചലാവസ്ഥ നീട്ടി കൊടുക്കുന്ന നിശബ്ദമായ ധ്യാനമായ്  മുന്നില്‍ നിന്നു‍. രണ്ടുമനസ്സുകളുടെ വ്യാപാരത്തിന്റെ പോക്കുവരവുകള്‍ ആ തുരങ്കത്തിന്റെ അങ്ങേപ്പുറം ഇങ്ങേപ്പുറം വന്നു പോകുന്ന ചുവടൊച്ചകള്‍ പോലെ മൂന്നാമനായ പ്രേക്ഷകനെ കൂടി കോര്‍ത്തിരുത്തി നിശ്ചലമാക്കുന്നതും ഇതില്‍ കണ്ടു.

നിമിത്തപൂരിതമായ ജീവിതത്തെ മറ്റൊരാളുടെ മനസ്സിന്റെ ഇടനാഴിയില്‍ ഇരുന്നു അയാള്‍ കാഴ്ചകളും ശബ്ദങ്ങളും കൊണ്ടു നടത്തുന്ന  ബുദ്ധിപരമായ കോര്‍ത്തിണക്കത്തിന്റെയും,പരമ്പരയായ ഉത്തരം കണ്ടെത്തലുകളുടെയും, സൂക്ഷ്മമായ നിമിഷങ്ങളുടെ, നീണ്ടുനില്‍ക്കുന്ന വൈകാരികമായ ഉണര്‍ച്ചകളുടെയും, ബോധാബോധങ്ങളുടേയും സ്വപ്ന്‍ങ്ങളുടെയും ഒരു കവിതചൊല്ലലായ്  സിനിമയെ വ്യാഖ്യാനിക്കാന്‍ തോന്നി.

അവന്റെ മനസ്സുകൊണ്ടു ഇവന്റെ മനസ്സു നീട്ടി ചൊല്ലുന്ന കവിത. ഇത് ഒരു കൈവിരലിലെണ്ണാവുന്ന ക്ലാസ്സിക് സിനിമകള്‍ പോലും കാണാന്‍ തരപ്പെടാത്ത സാധാരണ ഒരുവള്‍ എന്ന നിലയിലുള്ള എന്റെ അടയാളപ്പെടുത്തലാണ്.

ഇനി ബാക്കി എഴുതുവാനീ സ്ത്രീക്കു നേരമില്ല....ഡോ.പി എസ്സ്. ശ്രീകലയ്ക്കും, കെ ജി സൂരജിനും നന്ദി. മുട്ടിയാല്‍ മാത്രം തുറക്കപ്പെടുന്ന ജനാലകള്‍ പോലെ ആണ് ചില പെണ്‍കാഴ്ചകളും.......