
മടങ്ങിപ്പോയി ആ വാതില്‍ തുറന്നു
ഞാന്‍ നോക്കാറേയില്ല.
എല്ലാമവിടെ ഇപ്പോഴുമുണ്ടോ എന്ന്,
ദൈവവും, വിളക്കുകളും
സത്യസന്ധമായ് സ്നേഹമറിയിച്ചു മറഞ്ഞ
സാമ്പ്രാണികളും
ഭസ്മവും ചന്ദനവും
അവിടെ ഉണ്ടാകുമൊ?
എനിക്കറിയില്ല.
ഇനിയും ഞാന്‍ തിരക്കാറില്ല.,
കാലം കൊണ്ടുപോയ പോക്കില്‍
നെഞ്ചിനുള്ളില്‍ സ്നേഹമൂതിയ
പവിത്രമാം ശംഖു തകര്‍ന്നു പോയതും ഞാന്‍
നോക്കാറില്ല.
പൊളിച്ചെറിഞ്ഞ
സ്മാരകത്തിനു മീതെ പണിത
സത്രങ്ങള്‍
സ്ഫോടനത്തില്‍ വെന്തപ്പോള്‍
തീവ്രവാദ തൂണുകള്‍ക്കിടയില്‍,
കാലത്തിനുള്ളില്‍ ,
കാറ്റു വകഞ്ഞു നീക്കി
നോക്കയായിരുന്നു ഇവിടെ
ഞാനെവിടെയാനെന്ന്.
(Drawings by kala ; acrylic on paper)