My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, December 3, 2008

ഒരു ചീന്തു കാലംമടങ്ങിപ്പോയി ആ വാതില്‍ തുറന്നു

ഞാന്‍ നോക്കാറേയില്ല.

എല്ലാമവിടെ ഇപ്പോഴുമുണ്ടോ എന്ന്,

ദൈവവും, വിളക്കുകളും

സത്യസന്ധമായ് സ്നേഹമറിയിച്ചു മറഞ്ഞ

സാമ്പ്രാണികളും

ഭസ്മവും ചന്ദനവും

അവിടെ ഉണ്ടാകുമൊ?

എനിക്കറിയില്ല.


ഇനിയും ഞാന്‍ തിരക്കാറില്ല.,

കാലം കൊണ്ടുപോയ പോക്കില്‍

നെഞ്ചിനുള്ളില്‍ സ്നേഹമൂതിയ

പവിത്രമാം ശംഖു തകര്‍ന്നു പോയതും ഞാന്‍

നോക്കാറില്ല.


പൊളിച്ചെറിഞ്ഞ

സ്മാരകത്തിനു മീതെ പണിത

സത്രങ്ങള്‍

സ്ഫോടനത്തില്‍ വെന്തപ്പോള്‍

തീവ്രവാദ തൂണുകള്‍ക്കിടയില്‍,

കാലത്തിനുള്ളില്‍ ,

കാറ്റു വകഞ്ഞു നീക്കി

നോക്കയായിരുന്നു ഇവിടെ

ഞാനെവിടെയാനെന്ന്.

(Drawings by kala ; acrylic on paper)

Tuesday, December 2, 2008

ജനാലയ്ക്കലെ പാവക്കുട്ടിഈ പാവക്കുട്ടി എത്രനാളായി
ജനാലയ്ക്കല്‍ തന്നെ ഇരിപ്പാണെന്നൊ
സുന്ദര നിറങ്ങള്‍ ഏറെ സുതാര്യമായ ശരീരം
കുപ്പിച്ചില്ലിനാല്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ട്
പുലരിയും സായന്തനവും
അവളില്‍ നിറഭേദങ്ങല്‍
എഴുതുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഉള്ളീലേക്കറങ്ങിയ സൂര്യരശ്മികള്‍
അവളുടെ ചോപ്പിലും
പച്ചയിലും അലിഞ്ഞുചേര്‍ന്ന മഞ്ഞയിലും
പറഞ്ഞു കൊണ്ടേയിരുന്നു.,
മരച്ചില്ലകളുടേ നിഴലിനപ്പുറത്തു
നിന്നും
വന്നും പോയും രാവും.

അതു കണ്ടിട്ടാകാം
സുതാര്യത സുതാര്യതയോടും
വെളിച്ചം വെളിച്ചത്തോടും
നിശബ്ധമാകും പോലെ
രശ്മികള്‍ക്കുള്ളിലലിഞ്ഞു
ഒന്നൊനിലേക്കു കൈമറിയുമൊരൂര്‍ജ്ജമായ്
ഒറ്റ തപസ്സിരിക്കാത്തതെന്തേ
എന്ന് ചുറ്റുമുള്ള സമയമെന്നോടു
എപ്പോഴും
ചോദിച്ചു കൊണ്ടേ ഇരിക്കുന്നത്.
(photo by kala.)

Tuesday, November 11, 2008

ചവറ്

ക്ഷായും ക്ത്രയും ജ്ഞയും.. മെല്ലാം
ഉള്ളില്‍ വച്ചു
മുന്നിലിരിപ്പുണ്ട് ഞാന്‍
നിനക്കുകേള്‍ക്കേണ്ടതൊക്കെ നീ
സ്വയമറിഞ്ഞു പൊയ്ക്കൊള്‍ക
കോര്‍ത്തിണക്കി
വിഷം വിതറി
രുചിപ്പിച്ച വാക്കുകള്‍
നല്‍കുന്ന
ഫാസ്റ്റ്ഫൂട് കടയെനിക്കില്ല.

Saturday, November 1, 2008

coloured escapes

peeping to us
through the yellow of mists,
                                 the whites of dawn,

                                                                                               and with the stills of life
..................................our own contemporaries,

Wednesday, October 29, 2008

അവസ്ഥാന്തരം

ഞാന്‍ നിന്നോട് പറയുമ്പോല്‍
എരിവും നീറ്റലും സുഗന്ധവും
തെറിപ്പിക്കും
മധുരനാരങ്ങാത്തോട് പൊളിക്കും പോലെ
നീയെന്നോട് പറയുമ്പോല്‍
കടല്‍ തുഴഞ്ഞകലുന്ന മനസ്സാണു
കാഴ്ച്ചയില്‍.
നാം
നിശബ്ധരാകുമ്പോള്‍
ചേക്കേറുന്നില്ല
വാതില്‍പ്പുറം സ്പര്‍ശിക്കാതെ
മടങ്ങുന്ന വാക്കുകള്‍.
നിറഞ്ഞ സത്തകള്‍ക്കു പിന്നില്‍
നാം നിശബ്ധര്‍.
മുന്‍പേ നടന്നില്ല
പിന്‍പേയും ഞാന്‍,
സമകാലീന ജന്മങ്ങളാം
ഭാഗ്യങ്ങള്‍ മാത്രം നാം.

Sunday, October 26, 2008

അവതാളംവാക്കുകള്‍ കൂട്ടാമായ് ഒരുപോലെ
ചുവടുകളുയര്‍ത്തി
നൃത്തം ചെയ്ത് അടുത്തേയ്ക്കു വന്നു
അകത്തേയ്ക്കു കാല്‍ വയ്ച്ചു
മേളങ്ങള്‍ ഉച്ചത്തിലാകവേ
തണുവടര്‍ത്തിയിട്ടു ഇളം ചൂടുവിതറി
കൈപിടിച്ചവ
പറയുകയായിരുന്നു പരസ്പ്പരം.. ,
ഒരുനിമിഷം ..
കാല്‍ തട്ടി വീണൊന്നുപെട്ടന്നു
പിന്നെ പിറകേ ഓരോന്നും
ചിതറി അപരിചിതരാം
ഒറ്റയക്ഷരങ്ങാളായ് അറിയാത്തപോല്‍
തമ്മിലകന്നു പിന്തിരിഞ്ഞു
പടിയിറങ്ങി പോകുന്നെത്രവേഗത്തില്‍
തെരുവിലേക്ക് പലവാഹനങ്ങളിലായ്...!

Saturday, October 18, 2008

സിദ്ധികള്‍......

                 (ഒരു കഥയെഴുതിനോക്കിയതാണേ...)


                    നോക്കിനോക്കി നിന്നു സ്നേഹമേറി, പാളികള്‍നീട്ടി പൂണ്ടക്കം പിടിക്കുമ്പോള്‍, എല്ലാ കാഴ്ച്ചകളും നഷ്ടമാ‍കുന്നു എന്നതായിരുന്നു ജനാലകളുടെ ദുര്‍വിധി. അതിനുള്ളില്‍ വലകള്‍ നെയ്തു പോയ പുറം കാഴ്ച്ചകളിലൂടെ ഒരു ലോകം.

                    ഒരു ദിവസം ആ ജനാലയിലൂടെ ഒറ്റപ്പെട്ട മേഘങ്ങളുടെ നിസ്സാഹായത നോക്കി നില്‍ക്കെയാണ് അവള്‍ അതു കണ്ടത്, നാരകത്തിന്റെ കൊമ്പില്‍ ഒരു പക്ഷി, ഇളം കാറ്റ് വീശുന്നുടായിരുന്നു., തൂവലുകള്‍ പതിയെ അനങ്ങുന്നുണ്ടായിരുന്നു. മഞ്ഞും തണുപ്പും പുരയ്ക്കു മീതെ പെയ്തു നിന്നിരുന്നു.

                     പെട്ടെന്നാണ് അവള്‍ക്കാ സിദ്ധി കൈവന്നത്. കാഴ്ച്ചകളെല്ലാം സുതാര്യമാകുന്നപോലെ. നോക്കി നില്‍ക്കെ പക്ഷിയുടെ മൃദുവായ തൂവല്‍ അപ്രത്യക്ഷമായി.തൊലിയും ചട്ടക്കൂടുകളും മാഞ്ഞു എല്ലുകള്‍ കാണായി. പിന്നീട് പക്ഷിക്കുള്ളിലൊരു നീലിമ ., അവസാനം അതും അപ്രത്യക്ഷമായി. ആത്മാവിലേക്ക് കണ്ണുകല്‍ പാഞ്ഞു പോകെ പിന്നെ ഒന്നും കാണാനാവാത്ത പരിഭ്രാന്തി. ആത്മാവെവിടെ?

                      അതു തന്നെ മനസ്സിന്റെ എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്ന ചോദ്യമായി. അവള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു തിരികെ ശാഖകളിലീക്ക് മടങ്ങിയെത്തി. ദിവസ്സങ്ങള്‍ കഴിഞ്ഞെങ്കിലും അത് അവളെ അലട്ടിയിരുന്നു. പിന്നെ പിന്നെ പതിയെ എല്ലാം മറന്നു തുടങ്ങി.


                     ഒരു ഞാ‍യറാഴ്ച്ചയായിരുന്നു. സ്നേഹത്തിന്റെ തുലാസ് വല്ലാതെ ഉലയുന്നതവള്‍ അറിഞ്ഞൂ. വല്ലത്തഭാരം. നെഞ്ചിന്റെ ഇടതു വശം ചേര്‍ന്നു ഹൃദയത്തിന്റെ തട്ട് താണു പോകും പോലെ.

                     ഒരു  കാരണവുമില്ലാതെ സ്നേഹപ്രകോപനങ്ങല്ള്‍. കാറ്റിനോടും ചില്ലകളോടും, മണ്ണിനോടും ആകാശത്തോടും അങ്ങിനെ എല്ലാത്തിനെയും സ്നേഹിക്കും പോലെ. എന്നിട്ടും സന്തുലിതമാകാത്ത തട്ടുകള്‍ അവളെ അസ്വസ്ഥയാക്കി. പരിഭ്രാന്തിയില്‍ ഓരോന്നിനോടും സല്ലപിച്ചു... എല്ലാ കഴിവുകളേയും കലകളേയും തൂക്കി സദ്ഗുണങ്ങളെ തൂക്കി... ഒന്നിനും മറുതട്ടില്‍ ഭാരമുണ്ടായിരുന്നില്ല.

                        അവസാനം രക്ഷപെടലിന്റെ ഭാഗമായാണ് അതേ പോലെ പ്രണയ ഭാരം പേറുമൊരുവന് പറന്നു പറന്നു തളരവെ വിശ്രമിക്കാനിടം നല്‍കിയത്. കടുത്ത പ്രണയ ഭാരം കണ്ണിലൂടെ തെറിപ്പിച്ച്    ഒരു കാട്ടുപൂച്ചയെപ്പോലെ വീടിനു ചുറ്റും വിവശമായ ശബ്ദങ്ങളായ് അതു നിലവിളിച്ചു കരഞ്ഞുകൊണിരുന്നു.

                       തുലാസ്സിന്റെ തട്ടിലൊന്നു എന്നിട്ടും ഉയര്‍ന്നു തന്നെ കിടന്നു.  പ്രപഞ്ചം മുഴുക്കെ തൂ‍ക്കുമ്പോഴും ബാക്കിയാകുന്നു സ്നേഹം പിന്നെയും. അങ്ങിനെയാണ് ജീവിതം ഈവിധം തലകുത്തി നയിക്കാനാവില്ലാ എന്നവള്‍ തീരുമാനിച്ചത്. ആദ്യത്തെ ചുവട് കൃത്യമായ കാരണം കണ്ടുപിടിക്കലാണ്. പിന്നെ ആരെ സ്നേഹിക്കണം എന്തിന് വേണ്ടി?... വീണ്ടും വീണ്ടും ചോദ്യങ്ങളായി.
അസ്വസ്ഥത ഒഴിവാക്കാന്‍..,
സ്വന്തം സുഖത്തിനു വേണ്ടി ...
സ്നേഹം സ്വാര്‍ത്ഥ സുഖമോ?എനു പോയി ചോദ്യങ്ങള്‍.

ഭ്രാന്തമായ അന്വേക്ഷണത്തിനു മുന്‍പേ സ്നേഹിക്കാതെ വയ്യ എന്ന അവസ്ഥമാറ്റുകായായിരുന്നു പ്രധാനം.

                       അപ്പോഴേക്കും വിശ്രമിക്കാനെത്തിയവന്‍  വിടര്‍ന്ന പൂവാകുന്ന നേരമെത്തിയിരുന്നു.  പ്രണയം ആകാശത്തില്‍ ഒരായിരം താമരപ്പൂക്കള്‍ വിരിയിച്ചു. ഓടിയും നൃത്തം വയ്ച്ചുമവര്‍ ഭൂഖണ്ടങ്ങള്‍ക്ക് അപ്പുറം നിന്നു കൈകോര്‍ത്തു കടലില്‍ ചാടി.

                        ആഴങ്ങളില്‍ പായലുകളും, പവിഴങ്ങളും, പാറയിടുക്കുകളില്‍ ഇളം ചൂട് മധ്യാഹ്നം ഒഴുകുമ്പോല്‍, തെറ്റി തെന്നി കൈകോര്‍ത്ത് വര്‍ണ്ണമത്സ്യങ്ങളുടെ നഗ്നത ഉരുമി അവര്‍ നീന്തി.

                       ഭീമാകാരങ്ങളായ ശംഖിനുള്ളിലെ ഇരുട്ടിന്റെ ചുരുണ്ട അകങ്ങളില്‍ നിവര്‍ന്നു നിശ്ചലം ശയിച്ചു. കടല്‍ത്തട്ടില്‍ അരിച്ചെത്തുന്ന നീലവെളിച്ചവും മൌനങ്ങളുടെ അനക്കങ്ങളും,കാവല്‍ ജലവും അവരെ പുണര്‍ന്നു. താഴെ വിരല്‍ തൊട്ടും തൊടാതെയും ജലസ്പര്‍ശ്ങ്ങളാല്‍ താങ്ങി ഒഴുകി.

                     പക്ഷേ വിഭ്രാന്തികള്‍ക്കൊടുവില്‍ പെട്ടന്നാണ് മറുതട്ടു പണിപറ്റിച്ചത്. ഇടത് വലതിന്റെ മടിയിലിരുന്ന് ചങ്ങലകള്‍ ചുറ്റി കറങ്ങി. എന്നിട്ട് പ്രഖ്യാപിച്ചു; “ഇവിടെ തട്ടുകളും തുലാസ്സുകളും ആവശ്യമില്ല, എന്നില്‍നിന്നുമെന്നിലേക്കും,നിന്നില്‍നിന്നും നീ‍ന്നിലേക്കും നമുക്കു പരസ്പരവും , അളക്കേണ്ടതില്ല. ഭ്രമണവേഗതപോല്‍ പരസ്പ്പരം ചുറ്റിവരിഞ്ഞു ചങ്ങലകള്‍ എല്ലാ തൂക്കങ്ങളേയും ഒന്നാക്കി. പിന്നെ നിശബ്ദമത് അറ്റ് കടലിനുള്ളിലെ സുനാമിമലകള്‍ക്ക് മുകളില്‍ ചെന്നു ചേര്‍ന്നു.

                     കടല്‍ കവച്ചു വച്ച് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. കാറ്റു തേടിയെത്തിയ സായാഹ്ന്നങ്ങളില്‍ കടല്‍ പൂറം വിജനമായിരുന്നു. മുകളിലൂടെ വഞ്ചികള്‍ ഉള്‍കടലിലേക്കു പാഞ്ഞതും ആകാശത്തില്‍ മഴവില്ലു മാഞ്ഞതും അവര്‍ അറിഞ്ഞില്ല.

                        തെങ്ങിന്‍ കൂട്ടവും കുട്ടിലിനു മുന്നില്‍ കളിക്കുന്ന കുട്ടികളും വളരെ വളരെ ദൂരത്തെ ലോകമായി,
                      
                        അവിടെ വച്ച് അപ്പോഴാണ് അവള്‍ക്ക് വീണ്ടും ആ ദൃശ്യ സിദ്ധി വന്നത്. അവളുടെ ദൃഷ്ടികള്‍ അവന്റെ തൊലിയും മാംസവും അസ്ഥിയും കഴിഞ്ഞു ആത്മാവിന്റെ നീലിമിയിലുടക്കി.

                       ഒരു  നിമിഷം.... ലോകത്തിന്റെ എല്ലാ ചലനങ്ങളും ഒരെ നിറത്തിലവസാനിക്കുന്നു എന്നവള്‍ അറിഞ്ഞൂ.
                        ആ ഞെട്ടലില്‍ ഒരു തോന്നല്‍ അവളില്‍ നിന്നും വലുതായ് വലുതായി ഉയര്‍ന്നു  കടലിന്റെ പുറം തൊലി പൊട്ടിച്ച് അന്തരീക്ഷത്തിലേക്ക് പറന്നു..............

Friday, October 17, 2008

ചിഹ്ന്നംവിളി

തൊലിക്കുള്ളില്‍
നൂതന വഴികാട്ടികളെ ഇറക്കിവച്ചു
മറ്റൊരുവര്‍ഗ്ഗത്താല്‍
നയിക്കപ്പെടുന്ന ജീവിതം
ആനകള്‍ക്കാണേലും ഭാരിച്ചതു തന്നെ
കാട്ടിലേക്കെന്നു ചിഹ്ന്നം വിളിച്ചാല്‍
ഭ്രാന്തിളകിയെന്ന മയക്കുവെടി
ഹാ.. പക്ഷേ എന്നിട്ടും
മൃഗങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നില്ലല്ലൊ!
ചിലപ്പോള്‍ മൃഗങ്ങളേയും കണ്ടറിയേണം

Sunday, October 12, 2008

ജീവന്റെ ജോലി

ആത്മമര്‍മ്മരങ്ങള്‍ക്ക്
ഉറക്കമില്ല
പറഞ്ഞില്ലേ..
എനിക്കറിയില്ല രഹസ്യങ്ങള്‍
പ്രണയോല്‍പ്പത്തിയും,
പ്രപഞ്ചോല്‍ല്പത്തിയും,
കാഴ്ച്ചകളുടെ
വേദനാനന്ദങ്ങളും,
ആശ്ച്ചര്യചിഹ്ന്നങ്ങളും,
ജീവന്റെ ജോലി ജീവിക്കുക
എന്നല്ലാതെ...!

Sunday, August 31, 2008

പഴയ ചില ചിത്രങ്ങള്‍


എന്റെ വരകള്‍
മാഞ്ഞുപോകും മുന്‍പു.........


                                              

Thursday, August 21, 2008

കാവല്‍

ശൂ.. ശ് ..
ശ്രദ്ധിക്കുക..
ഇരുട്ടും നിലാവും രഹസ്യം പറയുന്നുണ്ട്.
ചീവീടുകളെ...
കാറ്റിനെ കീറാ‍തെ
കൂട്ടുകാരാ ..
ഉള്ളിലിരുന്നു നീ ശ്വാസം പിടിക്കാതെ....

എനിക്കു പതുക്കെ
പതിയെ നടക്കാന്‍ നേരമായ്
തിരമുറിച്ച് തണുപ്പു കുടിച്ച്
വൃത്തത്തില്‍ കൈവീശി
കറങ്ങി പറന്നാണ്
പോകേണ്ടത്

കടലിന്റെ നടുവിലാണവര്‍
നിശ്വാസം പങ്കുവയ്ക്കുന്നത്
ആരും മന്ത്രിക്കരുത്
എനിക്ക് ആഴക്കടലില്‍
പവിഴപുറ്റുകളിലേക്ക്
അസ്തമിക്കേണ്ടത് അപ്പോഴാണ്

കാരണം നിലാവറിയാതെ വേണം
ഉപേക്ഷിക്കപെട്ട ശംഖിലെ
തീര്‍ത്ഥം കടലിലൊഴുക്കാന്‍

അത്രകണ്ടു
പ്രണയിച്ചെന്നറിഞ്ഞിട്ടാവാം
കാറ്റ്
കടലിന്റെ ഗല്‍ഗദത്തിനു മീതെ
ഇപ്പൊഴും
ചൂണ്ടുവിരല്‍ അമര്‍ത്തി പിടിക്കുന്നത്.

Thursday, August 14, 2008

ശിലയെ നീ അറിയൂ

ശിലേ..
നിന്നിലുറഞ്ഞ കാലഘട്ടങ്ങള്‍
മൌനം നിറച്ചതാണെങ്കിലും
ഭാഷ മരിച്ചെന്നോടുരിയാടുവാന്‍
ജീവന്റെ ലക്ഷണമില്ല,
ചിതറുന്നു ഉടച്ചുവാര്‍ക്കുന്നു
എല്ലാവരുമെങ്കിലും..

സ്നേഹിക്കട്ടെ നിന്നെ
പകരമൊരംഗ വിക്ഷേപമൊ
നോട്ടമൊ വാക്കോ
 മടക്കാനാവില്ലയെങ്കിലും
ഉള്ളിലലിയുന്നുണ്ടു എല്ലാത്തിലും
ഒരു നേര്‍ രേഖാസ്പന്ദനമെന്നറിയിക്കുന്നു
നീ.

Wednesday, July 30, 2008

മതമില്ലാ പ്രകൃതി

ക്രുദ്ധമാകുമ്പോള്‍ കാറ്റ് അംഗീകരിക്കില്ല
കടല്‍ അംഗീകരിക്കില്ല
അലറി വരും
തിരകളും പെരുമഴയും
ഇരുട്ടും തീയും
അഗ്നിപര്‍വതങ്ങളും
അണുക്കളും ക്ഷുദ്രജന്തുക്കളും
സര്‍വ്വചരാചരങ്ങളും
മുള്ളും കരിംകല്ലും
മാനിക്കില്ല നിന്നെ
ജാതി പറഞ്ഞ് എത്ര നിലവിളിച്ചാലും.

Sunday, July 27, 2008

താരദൂരം

കോടിപ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം
നിന്ന് എന്തിനിങ്ങനെ
പുഞ്ചിരിക്കുന്നു.

എത്രജന്മമെടുത്താലും
എത്തിടില്ല നിന്റെ ദൂരം.

സ്നേഹം കൂപ്പുകുത്തി
ശൂന്യതയുടെ പെരുവഴിയില്‍
ഉല്‍ക്കപോല്‍ മറഞ്ഞതറിഞ്ഞില്ലേ..

അനന്തതയിലിരുന്നു
പെറ്റു പെരുകുന്നതെന്തിനെന്നാകാശാം
നിറയെ
മിന്നും പൂങ്കാവനമൊരുക്കുന്നത്?

എങ്കിലും
ശാന്തമാണെന്നുറക്കം
മേലെ കാത്തിടുന്നുണ്ടാം
നിറങ്ങളെല്ലാം തുടിക്കുമൊരാ-
യിരം പനീര്‍പ്പൂക്കള്‍.

കവര്‍ സത്യം.

പാലു പോലുള്ളതാണിപ്പോള്‍ സത്യങ്ങള്‍
അണുനാശിനികള്‍ ചേര്‍ത്തത്
ഭംഗിയായ് പൊതിഞ്ഞത്
ശീതീകരിച്ചു
ആവശ്യമുള്ളപ്പോള്‍
ഗുണം കൂട്ടിയും കുറച്ചും
വിലകൊടുത്തു വാങ്ങാവുന്നത്.

സൂക്ഷിച്ചു വച്ചില്ലേല്‍
പുളിച്ചു നാറുന്നവ.
എന്നാലുമവ
വെണ്മയോടെ
നാടുനീളേ സത്യം സത്യം
എന്നു വിളമ്പപ്പെടുന്നു.

Saturday, July 12, 2008

സ്നേഹാനേഷണം.

എന്നില്‍ നിന്നും വേറിട്ട എന്തൊ ഒന്നായ് അത്
യാതൊരനുസരണയുമില്ലാതെ
തോന്നുമ്പോള്‍ വന്നു കൂടുവച്ച്
കുറുങ്ങിയും ചുമച്ചും
ഭീകരത മുഴുപ്പിച്ചും
ഒരരിപ്രാവായ്,

ഇരുട്ടില്‍ നിന്നിരുട്ടിലേക്ക്
ചിറകടിക്കുന്ന നരിചീറായ്,

എകാന്തതയുടെ ഉലയിലിരുന്നു വിളിക്കുന്ന
ചെമ്പോത്തായ്,

പകലെന്നൊ രാവെന്നോ നോക്കാതെ
നീട്ടിപ്പാടുടന്ന കുയിലായ്,

ഹൃദയത്തിന്റെ കോണുകളിലെല്ലാം
പൂ‍ക്കളുണ്ടെന്നറിയിച്ചു
ചുവരിലൂടൊലിക്കുന്നതേനായി,

എനിക്കിതില്‍
പങ്കില്ലെന്നു മധുരം പറയുന്ന
കുരുവിയായ്...

സ്വസ്തത തരാത്ത ഇതിനെ
നുള്ളിക്കളയാനൊ പൂട്ടാനൊ
ഒന്നെത്തി നോക്കിയാല്‍
ഭയപ്പെടുത്തുന്ന ശൂന്യതയായ്

പിറകിലാക്കി പടിയിറങ്ങിയാലൊ
ക്രൂരമാം കൂട്നിലവിളിയായ്.
അകത്ത് ഓര്‍മ്മ കത്തിച്ച മണവും
നടുവില്‍ തീനാളനൃത്തവും.

ഇത്..
എന്നില്‍ നിന്നും വേറിട്ടത്.
ഞാന്‍..
എനിക്കൊരുപങ്കുമില്ലാത്തതു.
സ്നേഹം.,
എന്നിട്ടും നഖം ഇറുക്കെ വളര്‍ത്തി
എന്നിലിറക്കുന്നത്.

ഇനി
എന്റെ നാവും പിഴുതു നീ തന്നെ പാടുക,
വാനത്തിലൂടൊരു കഴുകന്റെ വിളിയായ്.,
നീട്ടി നീട്ടി പാടുക.
നീയും എന്നില്‍ നിന്നു വേറിട്ടതെന്തോ എന്ന്.. ..
ഞാനും എന്നില്‍ നിന്നും വേറിട്ടതെന്തൊ എന്നും...

Sunday, July 6, 2008

അന്ധവിശ്വാസം...!


പഴക്കടക്കാരന്‍ അവന്റെ കടയിലെ

മഞ്ഞ മാമ്പഴം ഭക്ഷിക്കില്ല

കുട്ടിയ്ക്കും ഭാര്യക്കും കൊടുക്കില്ല

പാലും പടവലവും ചോറും മറ്റെല്ലാം

കഴിക്കും

പാല്‍ക്കാരന് ആ കവര്‍ പാല്‍ മത്രം വേണ്ടാ

മറ്റെല്ലാം ഇഷ്ട്മാണ്

മീങ്കാരിക്ക് ആ വലിയമീന്‍ ഇഷ്ട്മേയല്ല.

കീടനാശിനി തളിച്ചിട്ടൊരിക്കലും കഴുകാതെ

ഉണക്കി കിട്ടിയ ചായപ്പൊടി മതി

കോഴിക്കടക്കാരനു കടയിലെ കോഴിയേം വേണ്ടാ

മുട്ടേം വേണ്ടാ

പോത്തിറച്ചിയില്‍ ഇത്തിരികൂടി രുചിവിശ്വാസം

എത്ര ഭംഗിയാ‍യ് എല്ലാരും

പരസ്പ്പരം വിഷം നല്‍കി വിശപ്പടക്കുന്നു

വിശ്വാസം ആഘോഷിക്കുന്നു...

കരളറ്റുപോയവനും, ശ്വാസകോശം അടഞ്ഞവനും,

ചിന്ത മരിച്ചവനും, കാഴ്ച്ച നരച്ചവനും,

പഞ്ചാര വിരുദ്ധനും ...

Saturday, July 5, 2008

ആരാണ് ?


എനിക്കറിയേണ്ടത്

ആരാണ് ഞാനറിയാതെന്നെ

ഭൂമിക്കൊപ്പവും

പിന്നെ സൂര്യനുചുറ്റും വലം

ചെയ്യിക്കുന്നതെന്നാണ്.

എനിക്കറിയേണ്ടത്

ഈ നേര്‍ച്ചയ്ക്കു ശേഷം

ഞാനെത്ര ബാക്കിയുന്ണ്ടാവുമെന്നാണ്..


Friday, July 4, 2008

അവധി

എല്ലാവരും പോകെ ശബ്ദമില്ലാത്തിടത്ത്

അവധിയായ് നില്‍ക്കെ..

ജലമായിരുന്നെങ്കില്‍ ഇന്നലെ മുറ്റത്ത്

തളം കെട്ടിയെന്നാലും,

പെയ്തേനൊരിക്കലെന്ന്..,


നനയുമൊരു കാകന്‍ പറന്നെത്തി മണ്ണില്‍

ചിതറുമൊരു കാലടി കൂട്ടെന്നു വരച്ചെണ്‍കില്‍,

ഏകാന്തത ചിരിച്ചേനെ ചിറകുകളില്‍

ഉയരത്തിലേക്കു ഞാനും കളിച്ചെങ്കിലെന്നും..

ഓര്‍ത്തോര്‍ത്തോരോ സ്വപ്നം പിറക്കെ.,

ഏത് ഭ്രാന്തന്‍ കാറ്റെന്നെ

നിശ്വസിച്ചാകിനാക്കളില്‍നിന്നു

ഭൂമിക്കുമപ്പുറം എറിഞ്ഞുടച്ചു.?

ചൊരിയുമാചോര തെറിപ്പിച്ച് അന്തിയില്‍

തന്തയില്ലാപ്രണയമിരുട്ടഴിച്ചാടുന്നോ..?

രാവിറങ്ങുന്നൊ ചുവടുകള്‍ മായ്ക്കുന്നൊ

ആ പുലരിപ്പെരുമഴ മന്ത്രിച്ച സ്നേഹത്തിന്‍..
Sunday, June 29, 2008

പുനര്‍ജന്മം

പ്രണയമേ നിനക്കു ശരീരമുരിഞ്ഞിട്ട്

നഗ്നരായ് ആത്മാക്കളായ് നോക്കും,

സ്പര്‍ശവും, ഗന്ധവുമില്ലാതെ

അറിവായ് അലിഞ്ഞാല്‍ പോരത്തതെന്ത്?

Thursday, June 19, 2008

കളഞ്ഞുകിട്ടിയത്

മരച്ചുവട്ടില്‍ ഇളം നിറത്തിലുള്ള

ദിവാസ്വപ്നങ്ങളില്‍ ഞാനുറക്കമായിരുന്നു.

നെഞ്ചില്‍ മുങ്ങിത്താഴുന്ന സ്നേഹവാക്കിന്റെ

ചിരി കേട്ടാണ് ഞാനുണര്‍ന്നത്.


മേഖങ്ങള്‍ക്കുമുയരെ പറക്കുന്ന അവന്റെ

ചുണ്ടില്‍നിന്നും കളഞ്ഞു പോയതാണതെന്നു

ഞാനൊ.,

എന്റെ നെഞ്ചിലാണതു വീണെതെന്നവനൊ

അറിഞ്ഞിരുന്നില്ല.


മുറിഞ്ഞാക്ഷരങ്ങളെ അവന്‍ തിരികെ

കൊത്തിവലിക്കെ

കൂടെ രുചിച്ചതെന്‍ ഹൃദയമെന്നൊ

ദാഹം തീര്‍ത്തതെന്‍ രക്തത്തിലെന്നൊ

അവന്‍ അറിഞ്ഞിരുന്നില്ല.മേഘങ്ങള്‍ക്കുമുയരെ പറക്കുന്ന പക്ഷീ.,

ഇനി വരും വേനലൊക്കെ ഒഴിഞ്ഞൊരെന്‍

നെഞ്ചില്‍ പെയ്തിറങ്ങട്ടെ!

കാത്തിരിക്കുമെന്റെ മനസ്സില്‍

മഞ്ഞു പെയ്തു മരവിക്കട്ടെ!പക്ഷെ മനസ്സു തലയിലും

സ്നേഹം ഹൃദയത്തിലുമല്ലല്ലൊ..

ഇല്ലെങ്കില്‍ അറുത്ത ധമനികളുടേ

ശൂന്യതയില്‍ ഒരു

സ്നേഹമിരുന്നിങ്ങനെ വിങ്ങുമൊ?

തല്ല്

ഇതു കവിതയല്ല
എന്നെ തല്ലികൊഴിച്ചിട്ട വാക്കുകളാണ്.
അവയ്ക്കു തീ കൊളുത്തും മുന്‍പ്,
നീ മടങ്ങിവരും മുന്‍പ്,
വടിമേല്‍ തല വയ്ച്ചു,
വാക്കുകളെ പുണര്‍ന്നു ഞാനുറങ്ങി,
ആ സ്വപ്നത്തിലെല്ലാവരെയും കടലെടുത്തു പോയി.

Wednesday, June 11, 2008

ഓര്‍മ്മ പക്ഷികള്‍

ആയിരം കൈകള്‍ ചേര്‍ത്തു
നില്‍ക്കയാണു നാം,
നൂറ്റാണ്ടുകള്‍ മുഖമുഖം തൊട്ടു.

മൌനക്കടലാണു മുന്നില്‍
വാക്കുകള്‍ മണല്‍ത്തരികളായ്
കാലടികളില്‍ ഉറയവെ.

ഞാന്‍ നടക്കയാണു
മുന്നോട്ടും പിന്നോട്ടും
മുറിവേറ്റൊരി സ്നേഹപ്പീലികള്‍
പെറുക്കി,
താളുകളിലടുക്കിയും,
പരിചരിച്ചും,
വാനം കാണാതൊളിപ്പിച്ചും.

എന്നിട്ടും
ഇതാ...
പുസ്തകത്തില്‍ നിന്നും
പുറത്തുവന്നുറ്ക്കെ കരയുന്നു,
മൈലാട്ടം കളിക്കുന്നു
തൂവല്‍ തിരയുന്നു
എന്നോര്‍മ്മപക്ഷികള്‍.

ഞാന്‍ പോകയാണു
ഭൂമിക്കുള്ളിലെ
ഇരുള്‍ നിറങ്ങളില്‍
പരതി
ദ്രവിച്ചു പോകുന്നൊര
വര്‍ണ്ണ ബിന്ദുക്കളില്‍
ചരിത്രാതീതമാം ജന്മസ്മരണകള്‍
തേടി..

ഞാനും ശയിക്കയാണു..
ഒരു ഫോസ്സിലായ്
കാലം പുറത്തു താങ്ങി
ശയിക്കയാണ്.

Wednesday, June 4, 2008

മായുന്ന വരികള്‍


നിന്ന നില്പില്‍ കരച്ചില്‍ വരുന്നു

ചുറ്റും നോക്കി.

കരയിപ്പിക്കുന്ന ഒന്നിനേയും കണ്ടില്ല.

പിന്നെ പിറകോട്ടു വായിച്ചുനോക്കി.,

തൊട്ടുമുന്‍പു നടന്ന കാര്യങ്ങളെ ,

കണ്ട കാഴ്ച്ചകളെ,

പറഞ്ഞുപോയ വാക്കുകളെ,

ഓരോന്നും പൊളിച്ചു നോക്കി.

ഏതു വരിയാണു മതിമറന്നിരിക്കുമ്പോള്‍

കവിതയുടെ ലഹരികള്‍ക്കുള്ളില്‍

ദു:ഖമെഴുതി വച്ചിട്ടു പോയത്?

കിട്ടി അവസാനം

ഒറ്റവരിമാത്രം മതിയല്ലൊ..

‘ഒരിക്കല്‍

നെഞ്ചില്‍ നിന്നുമീ തൂലിക മാറ്റിടും,

അപ്പോള്‍

എഴുതപെട്ട എല്ലാ വാക്കുകളും താനേ മാഞ്ഞിടും’.

..........................Tuesday, June 3, 2008

സദാചാര ചൂല്.

എതോ ഒരു ചൂലു എപ്പൊഴും വന്ന്

എന്റെ മനസ്സിന്റെ പുരപ്പുരം വൃത്തിയാക്കുന്നു.

അപ്പപ്പോള്‍ വീഴും ഓരൊ കെട്ട വാക്കും,

പൂക്കളേപ്പോലെ പാറി വന്നു

വീണിടുമ്പോള്‍ പുഴുക്കളാകുനവയെയും

എല്ല ഓവുകളുമടയ്ക്കാന്‍ വന്നെത്തുന്ന

വലിയ തേക്കിന്‍ ഇലകളേയും

അപ്പപ്പോള്‍ തൂത്തു മാറ്റുന്നു.

വെള്ളം കെട്ടിനില്‍ക്കതെ, പായല്‍ പിടക്കാതെ

വെയില്‍ ചൂടു കൊണ്ടു മനം

സുന്ദരമായ് പൊള്ളി കിടക്കുന്നു.

എങ്കിലും ഒരു ചൂലു തന്നെ വേണമല്ലൊ

എന്നും എന്റെ മനപ്പുറം തൂക്കാന്‍.

Sunday, June 1, 2008

ഒരു കഷ്ണം മരവിപ്പ്

ആദ്യം
നിറയെ ശലഭങ്ങളായിരുന്നു.
ചുവപ്പും മഞ്ഞയും, കറുപ്പും കലര്‍ന്നവ.
വഴിയിലൊക്കെ
മുന്‍പിലും പിറകിലുമായ്
അവ വല്ലാതെ ചിറകടിച്ചു പാറി,
അതിലൊന്നു മേശമേല്‍ വന്നൂ
കറങ്ങി വീഴും വരെ.
പിന്നെ പല്ലികളാ‍യ്
അവ ഓരൊ ചെയ്തികളുമായി
എപ്പോഴും വന്നു.
നടക്കവെ കുറുകെ ചാടി,
മച്ചിന്‍ പുറത്തുനിന്നു
താഴേയ്ക്കു വീണു.,
പാത്രം കഴുകുമ്പോള്‍
മതിലോരം ചേര്‍ന്നു
ഒന്നിനോടൊന്നു പിടഞ്ഞു
മറിഞ്ഞു.
അവസാനം ഫ്രിട്ജ്ജ് തുറക്കെ ഉള്ളില്‍
മരവിച്ചൊന്നു ചേര്‍ന്ന
ഒരുകഷ്ണം പ്രണയമാകും വരെ.

Saturday, May 31, 2008

ഭാവഭേദം

എന്നും
രാവിലെ പിന്നാമ്പു‌റവാതില്‍ തുറക്കെ
ഒരു കൂട്ടം കാക്കകള്‍ കാത്തിരിപ്പുണ്ട്.,
ഇലിമ്പിപുളിയിലെ പച്ചുറുമ്പുകള്‍
കൊമ്പുകളുയര്‍ത്തി പുഞ്ചിരിക്കുന്നു,
വെയില്‍ത്തള്ളിനീക്കി മണ്ണിര പിഞ്ചു മുഖം കാട്ടി
ഒക്കെയും നന്ദിയായ് സ്നേഹമായ്...

ആരുമില്ല പരിസരത്തപ്പോള്‍
ഞാന്‍ ചോദിയ്ക്കും
നാളേം വരില്ലെ?
ഒരു കീരി തലയുയര്‍ത്തി
ശലഭങ്ങള്‍ പോട്ടേ എന്നു ചിറകുരുമ്മി
പൈന്മരത്തിലെ പൂക്കള്‍ പാറി മുടിമേലിരിപ്പായി
സുഖമാണോ എന്നു ഞാന്‍
സുഖമെന്നവര്‍.,


എന്നും
പിന്നാമ്പുറ വാതിലടയ്ക്കുമ്പോള്‍
പുറത്തേയ്ക്കു ഒരു ചിറകടി
നെഞ്ചില്‍ നിന്നും
അവര്‍ക്കിടയിലേക്കു പറന്നിരുന്നു.


ഒരു ദിനം
എല്ലാം താനെ നിലച്ചു
പിന്നെ കുയില്‍ പറഞ്ഞതെന്തെന്ന് കേട്ടില്ല
പൂവാങ്കുറുന്തല്‍ ഒന്നും മിണ്ടിയില്ല
കാട്ടുപൂക്കളെല്ലാം കാണാത്തപോലെന്നെ. ..

Monday, May 26, 2008

നേരിന്റെ നേര്‍ത്തൊരീണം....

വെളിച്ചത്തിനു ശബ്ദമില്ല,
ശബ്ദത്തിനു വെളിച്ചമില്ല
കാറ്റിനു നിറവുമില്ല.
ഉണ്ടായിരുന്നെങ്കില്‍ ,
പകല്‍ വെളിച്ചത്തിന്റെ അലര്‍ച്ചയില്‍
കണ്ണുകളിലെ തിളക്കത്തിന്റെ
ശൂളം വിളി‍കളില്‍
ചെവിപൊത്തി നാം ഇരുട്ടിലൊളിച്ചേനെ .

രാത്രിയില്‍
കുഞ്ഞൂവെളിച്ചം കാട്ടി
നിലാവും നക്ഷത്രങ്ങളും
കൂടിയലോചിക്കുന്നതും
കൂര്‍ക്കംവലികള്‍ മിന്നാമിനുങ്ങാകുന്നതും
നമ്മെ ഭ്രാന്തു പിടിപ്പിച്ചേനെ.

പക്ഷെ
പലവര്‍ണ്ണങ്ങളിലെ കാറ്റില്‍
നമ്മുടെ നിശ്വാസങ്ങള്‍
നമ്മില്‍ നിന്നും ദൂരെമാറി
ഒന്നിച്ചുചേരുന്നതും
വീണ്ടും നമ്മില്‍ മാറിമാറീ
വന്നുപോകുന്നതും കാണാനയേനെ.
അവയുടെ നിറഭേദങ്ങള്‍
വീണ്ടും ശബ്ധമാകുമ്പോള്‍
നെഞ്ചില്‍ നിന്നു നേര്‍ക്കുനേര്‍നോക്കുന്ന
നേരിന്റെ നേര്‍ത്തൊരീണം
നാം കേട്ടേനെ..
...

Saturday, May 24, 2008

നേര്‍ച്ച
ദൈവമെ കൈക്കൂലി വാങ്ങാനൊ
കൊടുക്കുവാനൊ ഇട വരുത്തരുതെ..,
ദൈവമെ സ്വജനപക്ഷപാതം കൂടാതെ
ധര്‍മത്തോടെ ജീവിക്കാനാകണെ..,
ദൈവമെ ഇന്ന് രണ്ടു തെങ്ങാ കൂടി
ഞാന്‍ കൂടുതല്‍ അടിച്ചിട്ടുണ്ടെ..,
ദൂരത്തേയ്ക്കിട്ട എന്റെ ട്രാന്‍സ്ഫര്‍
നാട്ടിലെക്ക് മാറ്റി തരണെ..
നീയുമിങ്ങ്നെ മനുഷ്യരെ പോലെ ആകല്ലെ .. കൂടുതല്‍ തേങ്ങാ
നിനക്കെന്തിനാ ?

Wednesday, May 21, 2008

നൈരാശ്യങ്ങളുടെ ആപേക്ഷികത

ഈ പൂക്കുല മുഴുക്കെ
തട്ടി എന്റെ മേലിട്ടത്
ഈ സുഗന്ധം മുഴുക്കെ
കാറ്റിലലിയിച്ചത്
എന്നെ ശ്വാസം മുട്ടിക്കുവാനൊ?

കാണക്കാണെ
തെരുവില്‍ കൈനീട്ടുമൊരുവളുടെ
പല്ലും മുഖവും
മാറി നിന്നു ചിരിക്കുന്നു
പരിഹാസം
ഒക്കത്തിരുന്നു
ഭിക്ഷ ചോദിക്കുന്നു.

എന്നിട്ടും
ദുരിതമെന്നും ദുഖമെന്നും
കുരുക്കിടുന്നു ഞാന്‍.
മാറിടതെ
പിന്നെയും കൈനീട്ടുമവള്‍.
കയറഴിച്ചെന്നെയിറക്കി
ഞാന്‍ ദാനം കൊടുക്കെ
തിരികെ ജീവനും ഒരു കാഴ്ച്ചപ്പാടും
ബാക്കിയായ്.
നൈരശ്യങ്ങളുടെ ആപേക്ഷികത...

Saturday, May 17, 2008

മുറിവുകള്‍ പറയുന്നത്.

മുറിവുകളല്ലെ പറഞ്ഞുതന്നതു..
ശാഖപിരിഞ്ഞു പൂത്തുലഞ്ഞു
സ്നേഹത്തിന്റെ ചോപ്പായി
ധമനികള്‍ നിറഞ്ഞ് ഒഴുകുമ്പോള്‍..
പുറത്തൊ അകത്തൊ കാണാത്ത വേദന-
ഇരിപ്പിടവും, വഴിയും, അയലും,
നാടും നഗരവും നിറച്ച്,
കൂര്‍ത്ത നഖം നീട്ടിയ മരപട്ടികളുമായ്
ഇരുട്ടിന്റെ കോണുകളിലെല്ലാം പതുങ്ങി
നെഞ്ചുരിച്ചു തകര്‍ക്കാനിരിപ്പുണ്ടന്ന്.?
ഈ വേര്‍പെട്ട മുറുവുകളല്ലെ കാട്ടിതരുന്നത് ?

Tuesday, May 13, 2008

തെറ്റി

ഇത്രമേല്‍ പൂക്കളായ് ഈ തെറ്റി ചോക്കാമൊ?
ഇത്രമേല്‍ ദലങ്ങളായ് മകരം കൊഴിയാമൊ?
ഇത്രമേല്‍ സ്നേഹമായ് ഈ കാറ്റു വീശാമൊ?
ഇത്രമേല്‍ മൌനം ഈ താരകള്‍ ചിമ്മാമൊ?

Tuesday, May 6, 2008

ശരിതെറ്റുകള്‍


ഓരോന്നും ശരിയാകുന്നതില്‍

തെറ്റാകുന്നതില്‍

എനിക്കെന്തു പങ്ക്?

കേട്ടതെപ്പൊള്‍

പറഞ്ഞതാര്

നടന്നതെവിടെ

മാതാവാര്

പിതാവാര്

മറ്റെല്ലാരും മൊഴിഞ്ഞതെന്ത്

ഒക്കെ കഴികെ

തീരുമാനമായി.ഞാനൊ,

അവരോ, കാലമൊ,

ശരികളെ ശരിയാക്കുന്നത്

തെറ്റിനെ തെറ്റാക്കുന്നത്?

അല്ലേല്‍ ഒരു ശരി മറ്റൊരുവന്റെ

തെറ്റാകുന്നതെങ്ങിനെ?

ഹോമം


ഉരുവിട്ടനേകാക്ഷരങ്ങളിലൂടെ

ജപിച്ചകറ്റുന്നു

ഓര്‍മ്മക്കൂട്ടങ്ങളെ,

മലകളീല്‍ തലയിടിച്ചു

താഴ്വാരങ്ങളില്‍ വീണുമരിക്കട്ടതിന്‍

ധ്വനികള്‍ പോലുമേ....ഇന്നെന്തേ.. മഴേ..?

ഇന്നെന്തേ മഴേ.,

ഇത്ര പെയ്തിട്ടും നീയെന്നില്‍

തണുവായ് നിറായാത്തെ?

ഒക്കെ പറയാനും,

കേള്‍ക്കാനും,

മഴപോലെ അറിയാനും

മഴ മാത്രമല്ലെയുള്ളു?

കാല്‍ പിടിച്ചെന്നെ നിനവിലാഴ്ത്തി

അലിവോടെപ്പൊഴും ഒരുമിച്ചൊഴുക്കി

ചുറ്റും തുള്ളികള്‍ മൃദുവായ് ചിതറി

ബാല്യം കണ്ടപോല്‍

കുളിരായ് കുതറവേ..

കണ്ണില്‍ തഴുകുമൊരോര്‍മ്മ ചിരിയായ്

എന്നും മുന്നില്‍

മഴേ.., നീ മാത്രം,

നീ മാത്രം സ്നേഹമായ്

നേര്‍ക്കുനേര്‍

അത്മാവില്‍ മുഖം പൂഴ്ത്തി

നനവാര്‍‍ന്നു നില്‍ക്കാന്‍.

പേരാലായ് ആയിരം വേരാല്‍ തീരാത്ത പ്രണയം ചെയ്യുന്നു മണ്ണില്‍ ഒരു സാത്ത്വിക വൃക്ഷം.

Saturday, May 3, 2008

അവകാശി

വിതച്ചതും നീതന്നെ
നനച്ചതും നീ തന്നെ
വളര്‍ത്ത്യതും, പൂവിറുത്തതും
മാലകോര്‍ത്തതും,
പിഴുതിട്ടതും, നിലവിളിച്ചതും
കത്തിച്ചതും, കാവലിരുന്നതും
നീ തന്നെ...

വളര്‍ന്നതും പൂത്തതും
ഗന്ധം പകര്‍ന്നതും
നിലതെറ്റി വീണതും
കരയാതെ കരിഞ്ഞതും
പറയാതെ മരിച്ചതും
ഞാന്‍.

എങ്കിലും
വിതച്ചാലുമിരുന്നൂടെ
മുളയ്ക്കാതെയെന്നും?
പിഴുതാലുമിരുന്നൂടെ
മരിക്കതെയെന്നും ?
കലിതുള്ളും ചോദ്യങ്ങള്‍
അവ്നുണ്ടിനിയും..

Friday, May 2, 2008

തൊഴുമ്പോള്‍


എത്ര സമൃദ്ധമായ് എന്നില്‍
ആകാശം പെയ്തിരിപ്പൂ
വലകളില്‍ പൊതിഞ്ഞു വച്ച
കാറ്റായ് ഞാന്‍
കണ്ണികള്‍ക്കുള്ളില്‍
പരിധി തീര്‍ക്കാതെ..

ഞാന്‍ ചിരിക്കെയെന്നില്‍
ആരിത്ര സന്തൊഷിപ്പൂ?
ഇരുട്ടു വീഴ്ത്തുന്നേതു വെളിച്ചം
വന്നു പിന്‍വാങ്ങിയും..
ജ്വലിച്ചടങ്ങിയും?

എത്ര കുളീര്‍മ്മയോടെ
രാവുനിറയുന്നെന്നില്‍
അന്തിവെയിലും നിലാവും
നടക്കാനിറങ്ങുന്നു

ഒരുമണിനാദം
തുള്ളിയായ് ശീതമായ്
അനുഗ്രഹമായ്
കയ്യപിടിച്ചെന്‍
മനം തൊട്ടുകാട്ടിടുന്നു.

Wednesday, April 30, 2008

വാക്ക്

നാദത്തിനഗ്രത്തു പെരുവിരലീല്‍ ഊന്നിനിന്നു

ഉലയുകയാണു., തിരിനാളം പോലെ

സുഷിരതിനടുത്തെവിടെയൊ കമ്പനംകൊള്ളും

വായുവായ് .. വാക്ക്

എന്റെ ശബ്ധം പിറക്കുമിടത്തു എന്നെ കാണാതെ

പിന്നെയും പറയുന്നു ഞാന്‍

സുദീര്‍ഘമെന്നെ തന്നെ

പറത്തിവിടുന്നിതാ.. വാക്ക്

അവയില്‍ ഞാനില്ലയെങ്കിലു മറിയുന്നവരെന്നെ..

വാക്കിനുള്ളിലൊളിക്കും

ശൂന്യതയെന്നറിയാതെ...

Sunday, April 27, 2008

തിരയാതെ വയ്യ..

തിരയുകയായിരുന്നു
തിരഞ്ഞിട്ടും തിരഞ്ഞിട്ടും
ഇതുവരെയും കണ്ടില്ല
കണ്ടിലല്ലൊ കണ്ടില്ലല്ലോ
ഇതെന്തൊരു വേദന
പെരുമഴയത്തും
ഇരുളത്തും ആകാശത്തിന്‍
ആഴത്തിലും
ഇല്ലല്ലോ.
കരയട്ടെ കരയട്ടെ
തിരഞ്ഞതെന്തീനെയെന്നു
അറിയില്ലയെന്നറിയും വരെ.
എങ്കിലും കിട്ടിയില്ലല്ലൊ
കിട്ടിയില്ലെല്ലൊ എന്നു
കരയാതെ വയ്യല്ലൊ !

Friday, April 25, 2008

നീതിസാരം


കടല്‍ കരയിലെക്ക് എറിഞ്ഞ
വാക്കുകള്‍ക്ക്
ഭംഗിയില്ല,
അലര്‍ച്ചയും
കടുത്ത ഉപ്പും മാത്രം.
ആഴങ്ങളില്‍ അക്ഷരങ്ങള്‍
ചേര്‍ന്നു നിന്നു വിളിച്ചതു
പുറം ലോകത്തിന്‍ ഇഷ്ടം നോക്കിയല്ല,

ഭൂമിപിളര്‍ന്നതു ഉഗ്രമായി
ആക്രോശീച്ചല്ലെന്നും,
ഗ്രഹങ്ങള്‍ ഓരോന്നും
കനല്‍ വിഴുങ്ങീയിട്ടില്ലെന്നും
വിശ്വസിക്ക. !

സുനാമി തിരകള്‍ക്കു
കൊടുമുടി ഉയരത്തില്‍
ഭ്രാന്തഭംഗിയും,
പിറകില്‍ ക്ഷണമാശ്ചര്യ
മരണ ഭീതിയും നില്‍ക്കെ..,
അപ്പുറം
നന്മ ശബ്ധിച്ചത്
നീതി പീടംങ്ങക്ക്
നിലവിളികളെ
മരിക്കും വരെ കഴുത്തു
ഞെരിച്ചു കൊല്ലുവാനല്ല.

രാവുറന്ങ്ങുന്ന മറുപാതിയില്‍
പകലുറങ്ങാതിരുന്നതും
വഴിമുടക്കുന്നവനെ മാത്രം
വെളിച്ചം കാട്ടുന്നതും
നിലക്കാത്ത ഭ്രമണത്തില്‍
പ്രപഞ്ചം തളരാത്തതും
ന്യായാധിപനറിയുന്നില്ല

നീതി കൊണ്ടു
ശരിയുടെ ശിരസ്സറുത്ത്
തെറ്റ്നു
മുഖം തീര്‍ത്ത്
വാക്കുകള്‍‍ കൊണ്ടു
ശവദാഹം ചെയ്തു
ഭരിക്കയാണ‍വര്‍........

Wednesday, April 23, 2008

പുറപ്പാട്

എവിടെ എന്നില്‍ ഞാനെന്നറിയാതിരിക്കെ
നീ കൂടി കൈവീശി എന്നിലേക്കിതെങ്ങോട്ടു
ദീര്‍ഘദൂരയാത്രികാ ..
ഭാണ്ഡം പടിക്കല്‍ ചിതറുവാനും
മുഖം അഴിച്ചെറിയുവാനും
വയ്യേ..?
നഗ്നമാക്ക നിന്നെ നിന്‍ ചര്‍മ്മമുരിച്ചു
പിന്നെയും മാംസമില്ലാതാക്ക
ഉള്ളിലേക്കു വീണ്ടും
കാണ്‍ക
നിന്നസ്ഥിക്കുള്ളില്‍
വിശ്രമിപ്പില്ലൊരു രക്താണുവുമെന്‍-
നാമമുച്ചരിച്ചു
നിവര്‍ത്തികേടാണു സ്നേഹം ചിലപ്പോള്‍
ഏറ്റു വാങ്ങേണ്ട പകരം തരേണ്ട
നീ കൂടി
അറിയാത്ത യാത്രയ്ക്കു
പുറപ്പെടേണ്ട..

Saturday, April 19, 2008

ഒഴുക്ക്

അഗ്നിയില്‍ നിന്നൊഴുകി ജലമാകുന്നത്,
തണുത്തുറഞ്ഞ് ധ്രുവപാളികളായ്
ഹിമവാനില്‍ നിന്നും കടലോളം
കുടിച്ചുവറ്റിച്ചത്;
അറിയാത്തപോലെ മരുഭൂവായ്
മണല്‍കാറ്റായ് വീണ്ടും
ആര്‍ത്തിപൂണ്ടു വൈരമായ്
നിലവിളിക്കുന്നതു
സ്നേഹമാണൊ?

കള്ളം

എത്ര നാളായി ഈ കള്ളം
ഞാനെന്നോടു സ്താപിക്കുന്നു
വാക്കുകള്‍ അടരാതെ തെറ്റാതെ
ദൃഡമായ് നാക്കിലൊട്ടിയ്ച്ചു വയ്ച്ചു
അകത്തേയ്ക്കു
ഉറക്കെ വിഴുങ്ങുന്നു
ഞാന്‍ മാത്രം കേള്‍ക്കാനായ്?

എത്രനാള്‍ എത്രനാള്‍
കഴിഞ്ഞിട്ടും
മനംപുരട്ടി സ്നേഹമല്ലാത്തവയൊക്കെയും
പുറ്ത്തേയ്ക്ക് കുതിക്കുന്നു !

Tuesday, April 15, 2008

അറിവ്........

കൃഷ്ണനായ് വായ് തുറന്നു
അനന്തകോടി വിഹായസ്സും
കല്പാന്ദപ്രളയവും
ജനിമൃതികളും കാട്ടിടുമ്പോള്‍
ഒരു വടിയോങ്ങി
വായ്പൂട്ടുവാനോതി
നിന്നു ഞാന്‍
അവനോടു പ്രണയം കൊള്‍വതെന്ങ്ങിനെ?
അപ്പോള്‍
കാലം എനിക്കു മീതെയും
താഴെയും കുത്തിയൊലിക്കയും
ഹൃദയം ശൂന്യമാകെയും
പ്രണയം ഒരറിവാകെയും ചെയുന്നു.....

Saturday, April 12, 2008

ജാലകം


കാഴ്ച്ച കണ്ടിരിക്കെ അഴികളില്‍ വെളിച്ചം നനഞ്ഞു
ഒരുവരി മാത്രം കുറിച്ചു അവന്‍ നടന്നു.
സാക്ഷിയല്ലാത്തൊരു നിമിഷമേറെ എന്തൊ വായിച്ചു
നിഴലൊന്നു നീണ്ടുള്ളില്‍ അധരമുരസ്സി
നിശ്വാസങ്ങളുടെ പോക്കു വരവായി

സായാഹ്നം മുറിയിലേക്കിറങ്ങി
പരസ്പരം ഒരു നിശബ്ദത
ഒരു നോക്കു വിസ്മയം.
കാഴ്ച്ച ജാലകത്തില്‍ പ്രണയം ചെയ്തു

സ്വന്തം ഇനി നീ
പാളികള്‍ വീശി അണച്ചു
മഞ്ഞകൊണ്ടു കെട്ടി കൊടി നാട്ടി,
ജാലകം കാഴ്ച്ചയില്‍ പ്രണയം ചെയ്തു.

കാലം മുഷിയുമിരുട്ടില്‍ ജീവശവസ്ഞ്ചാരം,
മുടിയിഴകളെ പടിയിറക്കികാലം
പരതും വിരലുകളെ പിന്നാലെയും
ചര്‍മ്മം സമാന്തര രേഘകളായി
ഗാത്രം നിറം വാര്‍ന്ന ചിത്രവും

ഇനിയുമറിക.
മുറിഞ്ഞ ശ്വാസത്തിന്‍ ബാക്കി
വാതില്‍ പുറത്തു കാത്തു നില്‍പ്പൂ
തുറക്ക ജാലകം
ഭൂമിതന്‍ മറുപുറം കഴിഞ്ഞും കാണുക
...... ..... .......
ചിതലരിച്ച തെറ്റുകള്‍ ചുവരിടിച്ചു വീഴ്ത്തീട്ടും
ഉടമ്പടികള്‍ വാതിലടച്ചിരിപ്പൂ... !

വെയില്‍ പൂവ്

വെയിലുപോലെന്നില്‍ പ്രണയമെരിഞ്ഞു
ഞാന്‍‍ വേനലായ്,
അതിനപ്പുറം മഴയായി പെരുമഴക്കാലമായി,
തീവ്ര മൌനമിറ്റുവീഴും മഞ്ഞും തണുപ്പുമായി,
പിന്നെ വിരഹമെത്തി കൊഴിഞ്ഞുപോം-
ഒരു കോടി പൂക്കളായ്...,

Monday, April 7, 2008

താണ്ഡവം

ഭൂമിയുടെ ആഴങ്ങളില്‍
ആകാശവും,
നിറയെ പൊട്ടിത്തെറീക്കുന്ന
അഗ്നിഭംഗിയുടെ അന്ധാളിപ്പും
നീ കണ്ടില്ലെ?
ഭൂമിയെ വിഴുങ്ങുന്ന ഈ

തീയില്‍ നാമിരുവരും

എരിയുമെങ്കിലും

എത്ര ഭംഗി

അടുത്തടുത്തെത്തുമീ

വേദനയുടെ ദൂരെക്കാഴ്ച്ച

വാനോളം ജലമുയരുന്നു

കാണാത്ത ലഹരി കണ്ടീല്ലെ?

ഒരിക്കല്‍ മാത്രമണഞ്ഞു

മൃതിയിലേക്കു മടങ്ങുന്ന

ജലതാണ്ടവ ഭംഗി !

ഭീതിയണയും മുന്‍പൊരു

സൌന്ദര്യ ലഹരി !

പിന്നെ അടിത്തട്ടില്‍

പരസ്പരം സ്നേഹകോശങ്ങളില്‍

വിരഹം പകര്‍ന്നൊരു മരണവും..!

പാണ്ഡിത്വയാത്ര

ആശ്ചര്യങ്ങള്‍ക്കിഷ്ടം
ഭീതിയൊ ആഹ്ലാതമൊ?
നോക്കിനില്‍ക്കെ
ചോദ്യം ശ്വസിക്കുന്നു
കണ്ണിലൊരുകൂട്ട നിലവിളി
എങ്ങോട്ടീയാ‍ത്ര?
എല്ലാമറിയുമെന്നെത്ര
പുഞ്ചിരി
ശിരക്കനം...
കൂടെ പോകുന്നവര്‍ക്കൊപ്പം
കൂട്ടമതങള്‍...
യാത്ര പാണ്ഡിത്വയാത്ര...! !

പുണ്യാഹം

നഗ്നായ ദൈവത്തെ
ആടയണിയിക്കുന്നു
പുണ്യാഹമിട്ടു ദൈവത്തിന്‍
കണ്ണീരൊപ്പുന്നു.
ആരിവന്‍ മഹാന്‍
ദൈവദോഷം
മാറ്റുന്നവന്‍?

Saturday, April 5, 2008

പ്രയാണം


തന്തയില്ലാത്ത പ്രണയം
കാല്‍ ചിലങ്കയായ്
നൃത്തം ചെയ്യിക്കുന്നു
വേദന മുഴക്കുന്നു
പിന്നെ
കുഴിമാടത്തിലയ്ക്കു
നയിക്കുന്നു
അവിടെവച്ചു
ജ്വലിച്ചൊരാ നിലവിളി ഒടുങ്ങുമ്പോള്‍
അവള്‍
അനാധമാക്കപ്പെടുന്നു...Friday, April 4, 2008

പക്ഷിയോട്

എന്റെ പക്ഷി
നിന്റെ ചുണ്ടൂകള്‍ കൊണ്ടെന്റെ
നെഞ്ചില്‍ കൊത്താതിരിക്ക,
അഗാധമായ സ്നേഹത്തിനാഴങ്ങളില്‍
നീ പോകെ
നിന്റെ ചിറകടി
എന്റെ ഹൃദയഭിത്തികളില്‍
സ്പര്‍ശിക്കെ
അന്തമില്ലാത്ത സ്നേഹം
എന്റെനാഡികളില്‍ പിടയ്ക്കും
ഓരൊ നോവിലും
നമുക്കിരുവര്‍ക്കും ശ്വാസം നിലയ്ക്കും
അതിനാല്‍
പ്രണയം നിന്റെ തൊണ്ടയിലും
ശ്വാസകോശങ്ങളിലും, തലച്ചോറീലും,
എത്തും മുന്‍പേ..
നീ പറക്ക
ഞാന്‍ മുങ്ങി മരിക്കട്ടെ
മറ്റുമാര്‍ഗ്ഗമില്ല
ഒന്നുകില്‍ പ്രണയിക്ക
അല്ലെങ്കില്‍ മരിക്ക..
;;;;;;;;;

ത്യാഗം ?

എനിക്കെല്ലാം ഇഷ്ടമാണ്
സ്നേഹത്തിന്റെ കടലിളക്കം
അതിലെ ചിപ്പികളെ
നീന്തുന്ന മത്സ്യങ്ങളെ
ര്വ്ദ്രതയും ചുഴികളൂം
നിര്‍ത്താത്ത തിരകളും
പൂണ്ടടക്കുന്ന പ്രകടനങ്ങളും ഒക്കെ..
പക്ഷേ
ഇഷ്ടമുള്ളതു ത്വജിക്കുവാനാണു
എന്റെ തീരുമാനം
നിന്റെയും
പിന്നെ എവിടെയാണീ വേദന?

Saturday, March 29, 2008

നോവ്

എന്റെ മനസ്സിന്റെ താളം

നിന്നെ അറിയിച്ചിട്ടും

നിന്റെ ചിലങ്കയിലെ

ഒരു മണി പോലും അതേറ്റു

പാടിയില്ല.

കൈകളില്‍ ഒരു മുദ്ര പോലും

ഉദിച്ചില്ല,

നിദ്രയില്‍ ഏതോ അപസ്വരം കേട്ടപോല്‍

സ്നേഹം പുറംതിരിഞ്ഞു കിടന്നുറങ്ങി.


Tuesday, March 25, 2008

തടാകം

നെഞ്ചിനുളളില്‍ നിഴല്‍ വീഴ്ത്തി
സൂര്യ മോഹം മിഴിവിടര്‍ത്തി
ആമ്പലായ് നീ നില്‍ക്കെ
തണുത്തും വെയില്‍ചൂടറിഞ്ഞും
തീര്‍ത്ധമായ് ശയിപ്പൂ..
പാദങ്ങള്‍ മടീയിലേറ്റി
കഴുകിയും പൂജിച്ചും
തീവ്രനൊവിന്‍ ജലാശയം...

Friday, March 21, 2008

സ്പര്ശം

ചിലപ്പോള്‍ നൂറു ശലഭങ്ങള്‍
വര്‍ണ്ണ ചിറകുകള്‍ വിറപ്പിച്ച്
ഹൃദയത്തിന്റെ നനവിലിരിക്കുന്ന്നു
അവര്‍
എന്താണു ചെയുന്നത്?
പ്രണയത്തിലെന്റെ നെഞ്ച്
കനലായ് ജ്വലിച്ചടങ്ങുകയാണെന്നു
അവര്‍ അറിയുന്നില്ലെ?

ഒരുകണിക
ഉറവിടങ്ങളുടെ ഏറ്റവും നടൂവില്‍
എന്താന്ണു ചെയ്യുന്നതു?
അവിടവും നീയും തമ്മിലെന്താണു
ബന്ധം?

എല്ലാ സ്രോതസ്സുകളുടെയും
ആദിയില്‍
നിന്റെ കണ്ണുകള്‍ എന്തിനെയാണു
സ്പര്‍ശിക്കുന്നത് ?

ഇതാ നിര്‍ത്താതെ ദ്രുവങ്ങളില്‍
മഞ്ഞുരുകുന്നു
പ്രള്യത്തില്‍ തണുത്തുറഞ്ഞ
ജലത്തില്‍ ഇന്നു ഞാനെവിടെയാണ്?

ആഴിയില്‍ മല്‍ത്സ്യങ്ങള്‍
കണ്ണു മിഴിച്ചെന്നെ കടന്നുപോകുന്നു.
പച്ച പായലുകള്‍
മുഖമുരസ്സി വെള്ളത്തിലുലയുന്നു

ഈ അടിത്തട്ടിലിവയൊന്നും
എന്നെ തിരിച്ചറിയുന്നില്ല
കരയിലെവിടെയൊ
എന്നെയോറ്ത്താരും നിലവിളിക്കുന്നില്ല

എന്റെ പ്രണയം
മറിഞ്ഞ പായ്കപ്പലായ്
അസത്യം പറയാതെ
അഗാധതയീല്‍ നങ്കൂരമിട്ടു....
.......................................

രാക്കാറ്റു ചുരുണ്ട് ഉണങ്ങും ചൊടികളില്‍

കഥയില്ലായ്മ സ്രവിക്കയാണു ഞാന്‍

Thursday, March 20, 2008

ഒറ്റച്ചിറകുകള്‍

നീ പ്രണയിക്കയല്ല ചെയ്യുന്നതു
ഭക്ഷിക്കയാണു
ജീവനോടെ.

മുട്ടയിട്ടു വച്ച
പ്രണയങ്ങളെല്ലാം
പുഴുക്കളായി
മരം മുഴുക്കെ ജീവനോടെ
തിന്നു തീര്‍ക്കയാണ്.

പിന്നെ മൌന സമാധിയില്‍
ആലസ്യങ്ങള്‍ക്കു
ശേഷം
ചിറകുകള്‍ വിരിച്ചു
നൂറു നൂറു ശലഭങ്ങളായ്
ആകാശത്തേക്ക്...

നീ വികലമാക്കിയ വൃക്ഷം
ബാക്കി..

പിന്നെ
മുറിഞ്ഞു വീഴും ഒറ്റച്ചിറകുകള്‍
നിര നിരയായി
ഉറുമ്പുകള്‍ക്കൊരു മൌന യാത്ര..................

Wednesday, March 5, 2008

ജഡം


ഒരൊറ്റ മത്സ്യം കടല്‍ വിഴുങ്ങുന്നു

ഒരൊറ്റ നിശ്വാസം കര മറിച്ചിടുന്നു

ഒരൊറ്റ പ്രണയം നെടുകേ പിളരുന്നു

ഒരൊറ്റ മൌനമെന്‍ ജഡമെടുത്തിടുന്നു...................

Tuesday, March 4, 2008

തൊടുകുറി

സ്നേഹത്തിന്‍ ജ്വാലയില്‍
ഭസ്മമാക്കപ്പെട്ട എന്നെ നീ
തൊടകുറിയാക്കി
ധ്യാനിച്ചിരിക്കും എന്നു ഞാന്‍
കരുതി.

പക്ഷേ
പ്രണായാന്ത്യം ഞാനെന്നെ ത്യജിച്ച
ചാരം
നീ നിന്റെ തെങ്ങിനു വളമാക്കി.
ആത്മജ്ഞാനത്തിലെത്ര
ആഴത്തില്‍ നീ യെന്നു
തിരിച്ചറിഞ്ഞപ്പോള്‍
ഉയരെ ഈ തെങ്ങില്‍
ഞാനുണ്ടായിരുന്നു,
ഓലകളില്‍ നിന്നു ഇറ്റു വീഴും
വിഡ്ഡിനീര്‍ തുള്ളികളായി.

സ്നേഹമേ

സ്നേഹമേ നിശ്ശബ്ദമടങ്ങുക
വിരല്‍ മണ്ണില്‍ പൂഴ്ത്തിടും
പുഷ്പമായ് നില്‍ക്കുക
മിണ്ടാതൊരിക്കലും.
***

പകര്‍ച്ചപ്പനി

ഒരോകോശവും പനിക്കയായിരുന്നു
വേദനയില്‍ ചലിക്കാനാവാതെ
നോവിന്റെ ശ്വാസം പിടച്ചിലില്‍
ഒരു കാഴ്ച്ച തന്ന
പനി

ആദ്യമായും അവസാനമായും
പ്രണയം ശ്വസിച്ചെടുത്ത
വൈറസ്സുകളെ
നെഞ്ചിലേറ്റുമ്പോള്‍
അവനു കടുത്ത പനിയായിരുന്നു

ചുടലമായ വാക്കവള്‍ക്കു കൊടുത്തവന്‍
മുഖം തിരിക്കാതെ
വിട പറയവെ
പകര്‍ന്നു കിട്ടിയതാണ്.

അതിന്റെ ഓരോമുറിവും
വിഭ്രാന്തിയും,
വിയര്‍പ്പും തണുപ്പും
എല്ലാ അവധികളും എടുത്തു
മരണം വരെ
അവളാഘോഷിച്ചു..........

മഴ ശല്യം


ചിലപ്പോള്‍ മഴ വല്ലാത്ത ശല്യമാണ്


ഓരൊതുള്ളിയും മുറിഞ്ഞു വീഴുകയാണു


പ്രണയത്തിന്റെ ശിരസ്സറ്റു


ഒരു കോടി പ്രളയമായ്


ഒഴുകുകയാണ്..........

Saturday, March 1, 2008

ഇവര്‍

ഞാന്‍:
ദൈവീകം ആരോപിച്ച്
അലങ്കരിച്ചു നൃ‍ത്തമാടി
തലയിലേറ്റി
അവസാനം കടലിലെറിയപ്പെട്ട
വിഘ്നേശ്വരബിംബം.

അവന്‍:
സ്നേഹം പതിനാലു ഭാവം
പകര്‍ന്നവന്‍
പിന്നെ ചതുര്‍ത്ഥിയായ്
ഒരുമിച്ചൊരു
നിയമമില്ല
വാക്കില്ല എന്നോതി
ഓര്‍മ്മപോലും വേര്‍പെടുത്തി
ചക്രവാളത്തില്‍ മറഞ്ഞവന്‍
...............

Thursday, February 28, 2008

ഭയം

ശലഭങ്ങള്‍ ഒന്നും പറയാറില്ല
മൌനമായി പറക്കുന്നു
ശലഭങ്ങള്‍ ആരെയും ദംശിക്കാറില്ല
എന്നിട്ടും ഹൃദയങ്ങള്‍ അവയെ തേടുന്നു.

അതൊ എന്നെങ്കിലുമവ ദംഷ്ട്രകള്‍ വച്ചു

കുരച്ചു കടിക്കാന്‍ വരുമൊ?


വിഭിന്നമൌനങ്ങള്‍


എന്‍റെ മുടിയില്‍ പൂ ചൂടുന്നില്ല,
ചുറ്റും കാറ്റില്‍ സുഗന്ധമില്ല,
നീ നിന്‍റെ ഹൃദയത്തിന്റെ പടവിലിരുന്നു
എന്‍റെ സ്നേഹ കോശങ്ങളെ എണ്ണി തിട്ട പെടുത്തുക.
എന്‍റെ അസ്ഥികള്‍ നഖങ്ങള്‍ കോശാന്തര നിനവുകള്‍
എല്ലാം നിന്റേതു പോലെ.
അവയ്ക്കൊന്നും നിറം മാറുവാനാകില്ല.
സത്യം അറിക,നിന്നെ പോലെ ഞാനും.
എങ്കിലും എവിടെയാണ് നീ നീയായത് ..?
ആഴങ്ങളില്‍ എല്ലാ ദൂരങ്ങളും
സ്പര്‍ശിച്ചു ഒഴുകുന്ന കാറ്റ്‌
എന്നോട് പറഞ്ഞത് തന്നെ നിന്നെ അറിയിച്ചതും
എങ്കിലും നിന്റെ ശ്വാസതാളത്തില്‍
ഒരേ മറുപടി നാം ഒരിക്കലും പറയുന്നില്ലല്ലോ
ഒരു ചൂടിലും നാം ഒരു പോലെ വിയര്‍ക്കുന്നില്ലല്ലോ?
എന്നിട്ടും ചിലപ്പോള്‍ കണ്ണിലുറ്റു നോക്കും.
ഒരേ ശ്വാസം അന്യോന്യം മുട്ടുന്നു ആത്മാവോളം.
ഒന്നായ്‌ ഭേദിക്കാതെ ഇരു മൌനങ്ങള്‍
ഉച്ചത്തില്‍ പിടയുന്നു...
പിന്നെ പിരിയവേ
പരസ്പരം മനസ്സടര്‍ന്ന വഴിയിലൂടെ
ശൂന്യരായി പടിയിറങ്ങുമ്പോള്‍
ഹൃദയത്തില്‍ അമരും ഭാരങ്ങള്‍ക്കെല്ലാം
ഒരേ ചാരനിരം...