My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, October 29, 2009

അരകല്ല്

അരകല്ലു വാങ്ങിയതു അരയ്ക്കുവാനായിരുന്നില്ല
കല്ലുരുമ്മിപ്പറയുന്നതു കേള്‍ക്കുവാനായിരുന്നു
പണ്ടെത്തെ പകലിന്റെ പത്തുമണി നിഴലും
ദൂരത്തു പായുന്ന തീവണ്ടിക്കൂകലും
മൂരിനിവര്‍ത്തി ചികയുന്ന
കോഴിയുടെ കരച്ചിലും
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായി
മുന്നില്‍ പാറ പൊളിച്ചിറങ്ങി

അഛ്ചന്റെ പഴയ സൈക്കിളിന്റെ
മണിയൊച്ചയെയൊ
വൈകി പറന്നെത്തിയ കാക്കയെയോ
മണ്ണില്‍ വീണു പോയ
കുന്നികുരു മണികളെയൊ
ഒരു പൊട്ടു കടപെന്‍സിലോആണു
ഞാന്‍ അരച്ചു തെളിയിക്കുന്നത്...

അരകല്ലിനുമേല്‍ കുഴവി ഉരസ്സുന്ന
എരിവും പുളിയും ഉപ്പും
ഇടവിട്ട തല്ലും
നേര്‍ത്തു നേര്‍ത്തു
രുചിയായതും മായുമ്പോഴും
മനസ്സിനടുത്തിരുപ്പുണ്ട് ഓരോരോ
ശിലാമര്‍മ്മരങ്ങളിങ്ങനെ.....

Wednesday, October 21, 2009

ജലസമാധി


ഞാനുറങ്ങുകയാണ്
എന്നില്‍ ജലമുറങ്ങുന്നുണ്ട്
മുകള്‍പരപ്പുചേര്‍ന്നു ജലത്തില്‍
മുടി പന്തലിച്ചുഴലുലയുന്നു
പാതി മുങ്ങിയ മുഖം
മലര്‍ന്നാകാശം മണക്കുന്നു
നെഞ്ചില്‍ വിടര്‍ന്ന താമര
വേരാഴ്ത്തി താഴേക്കു പോയിട്ടുണ്ട്

ഞാന്‍ സമാധിയിലാണ്
എന്നില്‍ ജലം സമാധിയിലാണ്

താഴ്ത്തട്ടില്‍ മല്‍ത്സ്യകുഞ്ഞുങ്ങള്‍
കൂത്താടികള്‍,
ഉല്പത്തിയില്‍ മുരടിച്ച ഏകകോശജീവികള്‍
തവിട്ടു നിറത്തില്‍ തിരക്കിടുന്നു.
ഉടലെടുക്കാത്ത മനസുകള്‍
മുകളിലേക്കു കുമിളകള്‍ ഉയര്‍ത്തുന്നു
ഇളം വയലെറ്റിന്റെ നേര്‍ത്ത ഗന്ധം
ശിരസ്സില്‍ നിന്നും കാലടികള്‍ തൊടുന്നു

ചുറ്റും പച്ചപ്പ്
ഓര്‍മ്മകള്‍ കഥകള്‍, കാലങ്ങള്‍
കോര്‍ത്ത് കോര്‍ത്ത്..
ബന്ധമോക്ഷം കാത്തു
തുളുമ്പുന്നുണ്ട്...
അപ്പോഴും ഞാന്‍ സമാധിയിലാണ്
എന്നില്‍ എല്ലാ ജലവും സമാധിയിലാണ്.