My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, January 24, 2010

അനാഥത്വം

എന്റെ തുണ്ട് ഭൂമിയിലേക്ക്
വഴിയുണ്ടായിരുന്നില്ല
വളരെക്കാലത്തെ
പ്രയത്നം കൊണ്ട് ഞാന്‍
വഴി നേടി .,
അവസാനം
നടന്നു നടന്നു
ഞാനെത്തിയപ്പോള്‍
അവിടെ ഭൂമിയുണ്ടായിരുന്നില്ല .

Tuesday, January 19, 2010

പിതൃദര്‍ശനം

ഇലചാര്‍ത്തുകളെല്ലാം ചേര്‍ത്തു പിടിച്ചാ
കൂറ്റന്‍ ആല്‍മരം തപസിലായിരുന്നു
ഓരൊ ഇലകളും മരിച്ചു മരിച്ചു എന്നു മാത്രം മന്ത്രിച്ചു
എന്നിലേക്കു പിളര്‍ന്നു പിളര്‍ന്നു
പിതാവിന്റെ മരണം പോയി.

തായ് തടിക്കു ചുവട്ടില്‍ ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു
ദൈവത്തെ തൊട്ടു തൊട്ടു
ഞാന്‍ നിശ്ചലയായിരുന്നു.
മുന്നിലേയ്ക്കു കൊണ്ടുവച്ചത്
വെള്ള പുതച്ച നിഴലിനെയായിരുന്നു.
ബോധാബോധങ്ങളെല്ലാം മറിച്ചു നോക്കി
ഭൂമിയിലും നക്ഷത്രങ്ങളിലും ശൂന്യതകളിലും
പിന്നാലെ ഓടി...,

തളര്‍ന്നപ്പോള്‍..
വെയിലെല്ലാം ആകാശത്തേയ്ക്കും
ദര്‍ശനങ്ങള്‍ മണ്ണിലേയ്ക്കും
മടങ്ങിയപ്പോള്‍..,
ആ മെലിഞ്ഞ കാലടി ശബ്ധം..
മനസ്സില്‍..
മഴക്കാടിന്റെ നനവാര്‍ന്നൊരു വഴി ..
അവിടെ
ചെറുതായി പുഞ്ചിരിച്ചു
അഛനിറങ്ങി നടക്കുന്നു..!
ആ ചെറുവിരല്‍തുമ്പില്‍ ഞാനുണ്ടാവുമൊ?

Thursday, January 7, 2010

മധുരക്കിനാക്കള്‍

കിനാവില്‍ നിന്നും
ചുണ്ടത്തു വന്നിരിപ്പാണ്
ഉണര്‍ന്നിട്ടും മായാത്ത
തപസ്സാണ്..
എത്ര മധുരമെന്നോ !
നുണയണമെന്നു
എല്ലാ ‍രാക്കുയിലുകളും

ഒരുമിച്ചു പാടുന്നുണ്ട്..
കൊടുംവിഷമെന്നു
കാല്‍ചുവട്ടിലാരോ തേങ്ങുന്നുണ്ട്
പറയൂ
നിന്നെ വിഴുങ്ങി
ഞാന്‍ മരിക്കണമോ?