My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, December 4, 2009

ശേഷിപ്പ്

കോഴിത്തലകള്‍ ഓരോന്നും വെട്ടിമാറ്റിയയിടത്തുനിന്നും

മുളച്ചുകൊണ്ടേയിരുന്നു.,

വേണ്ടെന്നു വെയ്ക്കാന്‍ പടിയ്ക്ക...!

ഓരോന്നും സ്വയം അറുത്തുമാറ്റി

വീണ്ടും അടുത്തതു..,

മുളച്ചവ ഓരോന്നും വേണ്ടന്നു വയ്കാന്‍ ശീലിച്ചു..

അങ്ങിനെ ഒരു ദിവസം കുട്ടനിറയെ തലകളുമായി

അച്ചനും അമ്മയും പുറത്തേയ്ക്കുനടന്നു.

അതിലിരുന്നു ഓരോതലയും

പാട്ടുപാടുകയും ചിലവ ചിരിക്കുകയും

പലരീതിയില്‍ കരയുകയും ചെയ്തുകൊണ്ടിരുന്നു.

മുറ്റത്തു ചികഞ്ഞു കൊണ്ടിരുന്ന ശേഷിച്ച ശരീരം

കണ്ണു കാണുന്നതായും കേള്‍ക്കുന്നതായും

കരുതി അഭിമാനത്തോടെ ധൃതിയില്‍ ജീവിച്ചു.

പിന്നെ.,

തീന്‍ മേശയില്‍ ശുഷ്ക്കിച്ച ശരീരം

വെന്തു കറിയായി പരിഷ്കൃതയായി

സ്വന്തം രുചിയറിയില്ലെന്നറിയാതെ..

അലംകൃതയായി..

അപ്പോഴാണു മടിക്കുത്തില്‍ നീന്നും

അരിഞ്ഞു വച്ച ബോധങ്ങള്‍ മുറ്റത്തു

വിതറി സമരക്കാര്‍ ഉറക്കെ വിളിച്ചത്

കോഴി ബാ ബാ.. ബാ..

Friday, November 20, 2009

ശരീരപ്പെട്ടി

നിങ്ങള്‍ എന്നെ കാണുമ്പോള്‍
പുറത്തിരിക്കുന്ന ഈ
അലങ്കാരങ്ങളെയാണു കാണുന്നതെങ്കില്‍
മനസ്സിലാക്കുക നിങ്ങള്‍
എന്നെ കാണുന്നതേയില്ല എന്ന്.

കിളിര്‍ത്തുകൊഴിയുന്ന മുടിയും
വിളറിയും ചോന്നും മിണ്ടുന്ന ചുണ്ടുകളും
അടഞ്ഞുതുറക്കുന്ന കണ്ണുകളും ആവാം
നിങ്ങള്‍ക്കു ഞാന്‍..

അവയുടെ ഭംഗിയും അഭംഗിയും പറയുമ്പോള്‍
അറിയുക
നിങ്ങള്‍ എന്നേയല്ല അറിയുന്നതെന്ന്

ഹോ..!
എന്റെ പുറത്തിരിക്കുന്ന,
ഒക്കെ പറയുകയും കാട്ടുകയും ചെയ്യുന്ന,
കണ്ണാടിയില്‍ എനിക്കുമുന്നേ കയറിനിന്നു
എന്നെ തെറ്റിദ്ധരിപ്പിക്കുന്ന അലങ്കാരങ്ങളെ ;
എന്റേതെന്നവകാശപ്പെടുന്ന ശരീരമേ...,
നീയെന്നെ വെളിപ്പെടുത്തുവാനൊ., മറയ്ക്കുവാനോ?

Friday, November 13, 2009

സമയക്കരച്ചില്‍

മുറിയിലേയ്ക്കു നടന്നു കതകടയ്ക്കുമ്പോള്‍

അവന്‍ ചോദിച്ചു

‘മ് എങ്ങോട്ട് ‘?

ഒന്നു ച്ചര്‍ദ്ദിക്കാന്‍..

“എന്ത്’.“.?

“കണ്ണീര്‍“..

ഇത്തിരി കഴിഞ്ഞു ,

കലങ്ങിയകണ്ണു കണ്ടു

ചോദ്യം..

“തീര്‍ന്നോ’?

“ഇല്ല ഇത്തിരികൂടിയുണ്ടു‘

ബാ‍ക്കി അത്താഴശേഷം ആവാം

നേരമില്ലയിപ്പോള്‍..,

നിങ്ങള്‍ക്കു ചോറുവിളമ്പണ്ടെ..?

കുട്ടികളെ ഉറക്കണ്ടെ ?

ശേഷം ഒരുകുമ്പിള്‍ ദുഖം കൂടി

തെകിട്ടിയാല്‍ സ്വസ്ഥമായിടും“..

“എന്നാല്‍ വേഗമാകട്ടെ“ ..

Thursday, October 29, 2009

അരകല്ല്

അരകല്ലു വാങ്ങിയതു അരയ്ക്കുവാനായിരുന്നില്ല
കല്ലുരുമ്മിപ്പറയുന്നതു കേള്‍ക്കുവാനായിരുന്നു
പണ്ടെത്തെ പകലിന്റെ പത്തുമണി നിഴലും
ദൂരത്തു പായുന്ന തീവണ്ടിക്കൂകലും
മൂരിനിവര്‍ത്തി ചികയുന്ന
കോഴിയുടെ കരച്ചിലും
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായി
മുന്നില്‍ പാറ പൊളിച്ചിറങ്ങി

അഛ്ചന്റെ പഴയ സൈക്കിളിന്റെ
മണിയൊച്ചയെയൊ
വൈകി പറന്നെത്തിയ കാക്കയെയോ
മണ്ണില്‍ വീണു പോയ
കുന്നികുരു മണികളെയൊ
ഒരു പൊട്ടു കടപെന്‍സിലോആണു
ഞാന്‍ അരച്ചു തെളിയിക്കുന്നത്...

അരകല്ലിനുമേല്‍ കുഴവി ഉരസ്സുന്ന
എരിവും പുളിയും ഉപ്പും
ഇടവിട്ട തല്ലും
നേര്‍ത്തു നേര്‍ത്തു
രുചിയായതും മായുമ്പോഴും
മനസ്സിനടുത്തിരുപ്പുണ്ട് ഓരോരോ
ശിലാമര്‍മ്മരങ്ങളിങ്ങനെ.....

Wednesday, October 21, 2009

ജലസമാധി


ഞാനുറങ്ങുകയാണ്
എന്നില്‍ ജലമുറങ്ങുന്നുണ്ട്
മുകള്‍പരപ്പുചേര്‍ന്നു ജലത്തില്‍
മുടി പന്തലിച്ചുഴലുലയുന്നു
പാതി മുങ്ങിയ മുഖം
മലര്‍ന്നാകാശം മണക്കുന്നു
നെഞ്ചില്‍ വിടര്‍ന്ന താമര
വേരാഴ്ത്തി താഴേക്കു പോയിട്ടുണ്ട്

ഞാന്‍ സമാധിയിലാണ്
എന്നില്‍ ജലം സമാധിയിലാണ്

താഴ്ത്തട്ടില്‍ മല്‍ത്സ്യകുഞ്ഞുങ്ങള്‍
കൂത്താടികള്‍,
ഉല്പത്തിയില്‍ മുരടിച്ച ഏകകോശജീവികള്‍
തവിട്ടു നിറത്തില്‍ തിരക്കിടുന്നു.
ഉടലെടുക്കാത്ത മനസുകള്‍
മുകളിലേക്കു കുമിളകള്‍ ഉയര്‍ത്തുന്നു
ഇളം വയലെറ്റിന്റെ നേര്‍ത്ത ഗന്ധം
ശിരസ്സില്‍ നിന്നും കാലടികള്‍ തൊടുന്നു

ചുറ്റും പച്ചപ്പ്
ഓര്‍മ്മകള്‍ കഥകള്‍, കാലങ്ങള്‍
കോര്‍ത്ത് കോര്‍ത്ത്..
ബന്ധമോക്ഷം കാത്തു
തുളുമ്പുന്നുണ്ട്...
അപ്പോഴും ഞാന്‍ സമാധിയിലാണ്
എന്നില്‍ എല്ലാ ജലവും സമാധിയിലാണ്.

Thursday, July 30, 2009

മഴവില്ല്

സൂര്യാ ..
നിന്റെ നനഞ്ഞ വെളിച്ചമീ ഞാന്‍,
ഏതൊ ഒരു വെയില്‍ ചില്ല..
ശൂന്യത, ഗ്രഹങ്ങള്‍ പൊടിപടലങ്ങള്‍,
അനന്ത മാര്‍ഗ്ഗങ്ങള്‍ കഴിഞ്ഞിട്ടും
അറിയില്ല ആദ്യാന്തങ്ങള്‍
എന്നു മാത്രമറിഞ്ഞു ..
നനഞ്ഞവെയിലെന്നു
നടക്കാനിറങ്ങുമൊരു
മഴച്ചില്ല.

തെക്കു നിന്നു വടക്കോട്ട്
വാനമേലെ
ഹൃദയം വിടര്‍ത്തിയെഴുതുമൊരു
കിനാചില്ല.

അതുമതിയെന്നു മതിയെന്നു
പെട്ടെന്നു
നനഞ്ഞുപോയൊരു സ്നേഹമുദ്ര.
മഴവില്ലായ് പകര്‍ന്നാടുമൊരു
നേരിന്‍ വില്ല്.

നിമിഷങ്ങള്‍..
നിറംവാര്‍ന്നു ദേഹിവിട്ട്
മഴതുള്ളികള്‍ എന്നും
വേനലെന്നും
പെയ്തുമാറി മായുമുടനെന്നു
തപിച്ചിടാത്തൊരു
നോവിന്‍വില്ല്..

Wednesday, July 8, 2009

Bits from our painting exhibition
thoughts in foetus

we with Sri kaanayi

DESIRE : Apple or Chilli


Between body and soul

Passing dreams

Blue roots in night


Threading the life

Sunday, June 7, 2009

ചെമ്പക പൂവിന്നിഴ

ചെമ്പക പൂവിനുള്ളില്‍നിന്നും
പ്രണയം കൊണ്ടു നനഞ്ഞ ഒരിഴ
അരിപ്രാവു കൊത്തി മുകളിലേയ്ക്കു
ഊര്‍ത്തി പറക്കവേ

ആകാശത്തില്‍ വച്ചവ

മധുരമായ് ഇഴപിരിഞ്ഞു

വെളുത്ത മേഘങ്ങളായ് പാറി.

വാനം നിറയെ ചെമ്പകപ്പൂ മണം


മതിയായ്..
നിശ്ചലത കൊണ്ടു തറയ്ക്കിനി
സുഗന്ധം പെയ്തൊലിക്കാതീ
ഭൂമി പുണരട്ടെ
ഗഗനനിശ്വാസങ്ങള്‍മതിയായ്..
ഒക്കെ ചോര്‍ന്നുപോകല്ലേ..
കടലോളം വാര്‍ന്നു പോകുമ്പോള്‍
വാനം വിഷണ്ണമാകും,
ഒറ്റവാക്കില്‍ കുരുങ്ങി പ്രാവു
മരിക്കും,
കാട്ടിലിടമില്ലാതെ
നീര്‍ച്ചോലയായ് അലഞ്ഞു
കടല്‍ ച്ചേര്‍ന്നിടുമ്പോള്‍
വീണ്ടും മഹാ സാഗരം
നാം ഒരുമിച്ചലകൊണ്ടുമടങ്ങിയും
ശയിക്കുമൊരുമഹാ സാഗരം.

Sunday, May 24, 2009

സ്ത്രീവിഗ്രഹം

ചിലപ്പോള്‍ അങ്ങിനെയാണു
നിങ്ങളെ ആരെങ്കിലും പ്രതിഷ്റ്റിച്ചു കളയും
മുന്‍പില്‍ തിരികൊളുത്തി ഇരുത്തികളയും
നിങ്ങള്‍ ശില്‍പ്പമല്ല ശിലയല്ല
എന്നു ഉറക്കെക്കരഞ്ഞാലും
ആരും കേള്‍ക്കില്ല.

നിങ്ങള്‍ക്കുള്ള ആചാരങ്ങള്‍ വിധിച്ചു
കഴിഞ്ഞിരിക്കും
അഭിഷേകങ്ങളും അര്‍ച്ചനകളും
മണിയൊച്ചകളും
നിങ്ങളെ ഭ്രാന്തിയാക്കും

പക്ഷെ വിഗ്രഹങ്ങള്‍ളൊരിക്കലും
ചലിക്കാറില്ല.. മിണ്ടാറില്ല,
കരയാറില്ല.. പ്രണയിക്കാറില്ല..,
ഒക്കെ അറിയുമ്പോഴേയ്ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും.

പടിയിറങ്ങാ‍തെ
വിളക്കുകള്‍ക്കും പൂക്കള്‍ക്കും
മദ്ധ്യേ
അവിടെതന്നെ നില്‍ക്കെ
എല്ലാ വാതിലുകളും
പുറം മതിലുകളും
ചുണ്ടു പൂട്ടി കഴിഞ്ഞിരിക്കും.

രാത്രിയാകുമ്പോള്‍
ജന്നാലകള്‍ക്കു വെളിയില്‍
നിശ്ചലതകള്‍ ചലിക്കുന്നതും
ഇരുളുകള്‍ ശാന്തമാകുന്നതും
ദൂരെ തിങ്കള്‍ ഉറ്റുനോക്കി മറയുന്നതും
കാണും.

വിഗ്രഹം മോഷ്ടിക്കപ്പെടമെന്നും
വേണ്ടന്നും നീ മോഹിക്കില്ല.
അപ്പോഴേക്കും
ഉള്ളീല്‍ നീ മാഞ്ഞു മാഞ്ഞു
പഴയ ഒരു പാറയായി മാറിയിരിക്കും.

Friday, April 24, 2009

My religion

On sudays I am a muslim
God comes as truth with no
restrains,

On mondays I am a christian
I see his tears shedding as rain,

On tuesdays I am a Budhist
when he comes as birth and death,

On wednesdays I am an atheist
and go around
without prejudice,

On thursdays I am a gypsy
and dance with wind
around the earth


On fridays I am a Hindu
to walk and talk along with friends


On sturdays I have no time .,
as we are twinkilng
along with stars
with no words and labels
between us.

Wednesday, April 22, 2009

ഡോക്ടര്

കവലയില്‍
റോഡിനു കുറുകേ..,
ഭ്രാന്തനായിരുന്നു..,
അലക്ഷ്യമായ് പുലമ്പി
അലയുന്നു,
കണ്ടതു അവന്റെ
കാലിലെ വൃണം.

ചുവന്നു വൃകൃതമായ് കാലാകെ
പടര്‍ന്നു.
അരികുകള്‍ തടിച്ചിട്ടുണ്ടോ
എത്ര കാലമായി കാണും?
പ്രമേഹ രോഗിയായിരിക്കുമൊ?
പ്രതലം പരുപരുത്തതും
മരവിച്ചതുമാകുമോ?
അര്‍ബുദ്ദമാകാന്‍ സാധ്യത..

മറ്റൊന്നും കണ്ടില്ല
പിന്നെയും വന്നു പൊയി
മുന്നിലൂടെ..
ഹൃദ്രോഗം,
ഡെന്‍ഗ്ഗി, ചെങ്കണ്ണു,
രക്തസമ്മര്‍ദ്ദം,
വാതപ്പനി..,
വൃണിത വായന തുടര്‍ന്നു...

ഓ ..
ബസ്സ് വരുന്നല്ലൊ..
....................,
ഇതിനെന്താ
മനോരോഗമൊ ?
കണ്ടിട്ടും കാണാത്ത
പോലങ്ങു പോയല്ലൊ ... !!!!!!

Tuesday, April 21, 2009

നൃത്ത വിശുദ്ധി

ചുവടുറപ്പിച്ചു പാദങ്ങള്‍
ഭൂമി ചേര്‍ത്തമര്‍ത്തി
പറഞ്ഞും
ഉടലുറഞ്ഞും
കൈ വിടര്‍ന്നും
മിഴി നനഞ്ഞും
പുന്ചിരിച്ചും
പറഞ്ഞുതീര്‍ക്കാം
ചുവരുകള്‍ക്കുള്ളില്‍
നിറഞ്ഞാടി നിന്നീജന്മതാണ്ഡവം.

രാപ്പകലുകള്‍ പങ്കിട്ടെടുത്തു
താളം തൊടുത്തു
വേദനയുടെ നൃത്തത്തിലെത്ര
സ്ഫുടമാര്‍ന്നു ജനിക്കുന്നു
പൂര്‍ണ്ണ പൂര്‍ണ്ണം
ശുദ്ധമൊരുമനം .

മേളം പുണര്‍ന്നു
ചക്രവാളം മറന്നു
ഗൂഢം നമസ്ക്കരിച്ചു
പാദം മുത്തിയ ചിലങ്ക തളര്‍ന്നു
ശാന്തി ശാന്തിയെന്നു
ഒടുവിലെ നോവും മാഞ്ഞു
എന്നില്‍ തിരിച്ചെത്തി
ഒറ്റ തപമാകുന്നു
വയല്‍ കാലങ്ങള്‍ക്കു
മദ്ധ്യേ സ്നേഹവെണ്മയിലുകള്‍

Wednesday, March 18, 2009

ചിത്രവിശേഷം

ഇനിയും വൃത്തിയാകാത്ത
ഒരു പായല്‍ ഗോളം,
ജ്വലിച്ചു തീരാത്ത മറ്റൊന്നു
തണുത്തു തണുത്തെന്നു
അകലത്തൊരുവള്‍,
കണ്ണുകണുന്നില്ലെന്നു
ഇരുട്ടില്‍
ചിമ്മി തപ്പി അനേകങ്ങള്‍.,

എല്ലാം കണ്ടും കേട്ടും ക്ഷയിച്ചും പുഷ്ടിച്ചും
വിളറി വെളുത്ത പ്രിയമുള്ള മറ്റൊരുവള്‍
ഇരുണ്ട നിര്‍വികാരതയില്‍
എല്ലാറ്റിനെയും പൊതിഞ്ഞിട്ടുണ്ടെന്നു
കറുകറുത്തൊരു കടലാസ്സ്..

ഇനി ഈ ചിത്രം ഒന്നു തൂക്കിയിടണം
അതിനു സ്ഥലം നോക്കുമ്പോഴാണു
പായല്‍ ഗോളത്തിന്റെ
ഇറമ്പത്തു നിന്നും
പല കൃമി വിളികള്‍
കൊല്ലും .! വെട്ടും.!
യുദ്ധം,,! ബോബ്...!
ബ്രഷിന്റെ തുമ്പ് കൊണ്ട്
ഇത്തിരി ചോപ്പും കറുപ്പും
ഒന്നു കുത്തുമ്പോ തീര്‍ന്നു ....

ആകാശത്തിനുമേല്‍
രാപ്പകലുകളെ തൂക്കുന്ന ജോലി..

Thursday, March 12, 2009

രാത്രിയില്‍ വാകമരങ്ങള്‍ പറയുന്നു

വാകപ്പൂക്കള്‍:
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്നും
നിന്നും ഹോസ്റ്റലിലേക്ക്
താഴ്ന്ന വാക മരങ്ങളേ..,
പിഴുതെറിഞ്ഞ
എന്റെ നഖങ്ങളില്‍നിന്നും
വീണുപോയ ചോപ്പുകള്‍
നിന്റെ വീര്‍ത്തപൂക്കളായ്
ചവിട്ടിയരക്കപ്പെടുന്നെന്നും..

രാത്രി;
മാറ്റിവയ്ക്കപെട്ട പ്രണയം
എന്ന കരിമഷിയായ്
കണ്ണുകള്‍ക്ക്
മീതെ ഇരുണ്ട് ഇരുണ്ട്
കിടപ്പുണ്ടെന്നും.,

ചുണ്ടുകള്‍:
ചായമറിയാതെ
കളവറിയാതെ
വഴിയോരം ചേര്‍ന്ന്
എന്നോടുപോലും
പറയാന്‍ മറന്ന്
നടന്നുപോയെന്നും,

ഹൃദയം:
ചുവന്നു തുടുത്ത
മിടുപ്പുകളെല്ലാം
കഴുകി വെളുപ്പിച്ച്
ആകാശത്തിലേക്ക്
എറിഞ്ഞുടച്ചതാണെന്നും..

ഞാനോ:
യാത്ര തീര്‍ന്ന ഒറ്റയടിപ്പാതയായ്
ദൂരെ ദൂരം ക്ഷീണിച്ച്
പഴയ ആകാശത്തെ
കാണാതെ മരിച്ചെന്നും...

Monday, March 9, 2009

മുഗ്ദ്ധമെന്നാലും..

രാവിലെ...
ആദ്യത്തെ മാമ്പൂവായിരുന്നു
നിര്‍മേഷയായ് ...
വീട്ടുമുറ്റത്ത്
ജനാലയ്ക്ക് വെളിയില്‍
ആദ്യകാഴ്ച്ചയായ്..

ഓ..
സ്നേഹം പൂങ്കുലകളായി എന്നിലും
കുരുന്നു മാമ്പൂക്കളെ
തൊട്ടടുത്തുചെന്നു നോക്കി നോക്കി ഞാനും
മാവോ ..
പൂര്‍ണ്ണഗര്‍ഭ്ഭിണിയായ്
നിറഞ്ഞൂം പുഞ്ചിരിച്ചും
സായുജ്യമടഞ്ഞും എന്നപോലെന്നെനോക്കി
പിന്നെ ആ മരത്തടിയില്‍
ഒരു തലോടലായ് ഞാനും.

സ്നേഹസ്പര്‍ശ്മറിഞ്ഞു
ഇലത്തണ്ടുകളില്‍ ഒളിഞ്ഞിരുന്ന കാറ്റ്
ചെറുതായ് ചില്ലകളില്‍ ചിരികളായ്
ഞങ്ങളോടൊത്തു ചേര്‍ന്നു...

രാത്രി..
ആദ്യ വേനല്‍ മഴയിതാ പെയ്യുന്നു
പൂക്കള്‍ക്കുമീതെ
വെള്ളിടിയും ഉലയ്ക്കും കാറ്റും..
കലങ്ങീല്ല കണ്ണുകള്‍, ഉണ്ണികളിനിയും
വിരിയുമെന്നപൊല്‍
അനങ്ങാതെയെന്നെ നോക്കി
ഒന്നും പറയാതെനില്‍ക്കുന്നെന്‍
മുറ്റത്ത് ഒറ്റ്യ്ക്കിരുട്ടില്‍
ചാഞ്ഞുപോം പൂവുകള്‍ താങ്ങി
കൊച്ചു മാവ്..

പിന്നെപ്പോഴോ
ഞാനുറക്കമായ്
മരപെയ്യുമൊച്ചയില്‍,
അപ്പൊഴും
കണ്ണടയ്ക്കാതെ നോവൊന്നു
ജനാല തുറന്നിരുന്നിരുന്നു.

Saturday, February 28, 2009

ഞാനൊരു കഥ പറഞ്ഞു തരാം

“നീ എന്റെ ഹൃദയത്തില്‍ മാന്തി“
അവന്‍ തളര്‍ന്ന ശബ്ദത്തില്‍ ഉറക്കെ പറഞ്ഞു
ഞാന്‍ ഞെട്ടി..!
(മാന്തരുതായിരുന്നോ?
തീര്‍ച്ച്ചയായിട്ടും മാന്തണമായിരുന്നു.)

അവനറിയുന്നില്ലല്ലോ രണ്ടായി വെട്ടി മുറിച്ച്
തുന്നികെട്ടിയ ഹൃദയവുമായി
ജീവപ്രര്യന്ത ചികില്‍ത്സയില്‍
ആശുപത്രിയിലാണു ഞാനെന്ന്.

അപ്പോഴാണു
നിറയേ ചുവന്ന പനിനീര്‍പ്പൂക്കള്‍
കൊണ്ടു പൊതിഞ്ഞ് അവന്റെ ഹൃദയം
എന്റെ മുന്‍പില്‍ വന്നത്.
ആദ്യമേ പറഞ്ഞതാണു
മടങ്ങി പോകാന്‍..,കേട്ടില്ലാ..
മുണ്ടു മടക്കി കുത്തി
എത്തി നോക്കിയും അല്ലാതെയും
അവിടവിടേതന്നെ കറങ്ങി നടന്നു

. ടപ്പ് ടാപ്പ് ടപ്പ്..,
അതിന്റെ ഹൃദയമിടുപ്പു
കൂടിക്കൂടി വന്നുകൊണ്ടിരുന്നു.
ഞാന്‍ കാണുന്നുണ്ടായിരുന്നു..
തീര്‍ച്ചയായും അതു പൊട്ടി ചിതറി പോകും
ഞാന്‍ ഭയന്നു
എന്തെങ്കിലും ചെയ്തേ പറ്റു..
എന്റെ നഖങ്ങള്‍ നീട്ടി
ഒറ്റ മാന്ത്..

എല്ലാ പ്രണയങ്ങളും പുറത്തു ചാടി
ആകാശത്തേക്ക് പറന്നു പോയി..
ഹാവു..,
അവന്‍ രക്ഷപെട്ടു...

അപ്പോഴാണു അവന്‍ എന്നെ
ദുഷ്ട്ടേ ..എന്നു വിളിച്ചതു
ഞാന്‍ ‘നെറ്റ് പൂവാലാ“
എന്നു വിളിച്ചു
അപ്പൊ അവന്‍ എന്നെ കൂ‍ട്ടൂല്ലാന്നു പറഞ്ഞൂ
അപ്പോ ഞാന്‍ അവനീം കൂട്ടില്ലാന്നു പറഞ്ഞു
അപ്പോ അവന്‍ എന്നെ എടീന്നു വിളിച്ചു
ഞാന്‍ അവന്റെ അമ്മൂമ്മേം പ്രണയത്തിനേം
ഒക്കെ ചീത്ത പറഞ്ഞു
അല്ലാതെ ഞാനൊന്നും ചെയ്തില്ല..
അതിന്നാ ആ കള്ളന്‍ എന്നെ ദുഷ്ടേ ...
എന്നു വിളിച്ചതു എന്നിട്ടവ്വന്‍ പറയുന്നു
എനിക്കു വട്ടാണെന്നു
നേരാണോടാ.....
എനിക്കു വട്ടാണോ?
അല്ലാതെ ഞാനൊന്നുംചെയ്തില്ലാ..........

Tuesday, February 24, 2009

സത്യപ്രസ്താവന.

എനിക്ക് ദൈവത്തെ അറിയില്ല.,

എന്നെ അറിയില്ല.,

പിന്നെയാണോ നിന്നെ.?

പ്രാര്‍ത്ഥിക്കുമ്പോള്‍ അറിയില്ലാ

എന്നത്

എന്നിലേക്ക് ഇറ്ക്കിവയ്ക്കുന്നു ഞാന്‍

എന്നിലൂടെ അങ്ങോളമിങ്ങോളം

ഒരു സത്യമായ്.

ആചാര്യന്‍ പറഞ്ഞു:

‘ദൈവമെന്താവാം ചിന്തിക്കുന്നത്

എന്താവാം അവന് വേണ്ടത്‘ ?

അറിയില്ലയെന്നാലും

ആ അറിവില്ലായ്മയെ സ്വീകരിക്കുമ്പോള്‍

ധ്യാനം വെളിച്ചമാകുന്നു.

ഒരു വെളിച്ചം മാത്രം..

വെളിച്ചത്തിനെന്താ

ജോലി ?

വെളിച്ചമായ് ഞാനിങ്ങനെ..

വെളിച്ചം വെളിച്ചമായി മാത്രം..

അങ്ങിനെ...

ചുവരില്‍ തൂക്കിയ ചിത്രമായ്

മുറ്റത്തിറക്കിവയ്ച്ച വെയിലായ്..

എന്നില്‍ പരന്ന ഞാനായ്..

Sunday, February 22, 2009

രാവണന്‍

എത്ര സമര്‍ത്ഥമായണവന്‍ ലാണ്ട് ചെയ്തത്?
ഹൃദയത്തിന്‍ മദ്ധ്യത്ത്
ലക്ഷ്മണരേഖയ്ക്കരുകില്‍
മിടുക്കന്‍ മിടുമിടുക്കന്‍ സുന്ദരന്‍
വന്നതൊ?
പുഷ്പ്പകവിമാനത്തില്‍ ..
രാവണനല്ലാതവന്‍ മറ്റാര്?

ഒരു മദ്ധ്യാഹ്നം ചിലപ്പോള്‍ ഒരു സുഖമാണ്

ആകാശത്തെ
വീടിന്റെ പല കോണുകളില്‍ നിന്നും
ഒളിച്ചുനോക്കുക രസകരമാണ്,
ബാല്യത്തിന്റെ ചാഞ്ഞ കൂരകള്‍ക്കിടയിലെ
ഇരുട്ടില്‍ നിന്നും വെളുത്ത മേഘങ്ങള്‍,
വിടവുകള്‍ക്കിടയിലെ ആകാശത്തുണ്ടില്‍,
വീണു കിടക്കുന്ന മരചില്ലകള്‍,
ഇലകളുടെ ആലസ്യത്തില്‍ ശയിക്കുന്ന
വെയിലിന്റെ അയഞ്ഞ പുഞ്ചിരി
നിശബ്ദതയിലൂടെ ചിലപ്പോള്‍ മാത്രം
വാപിളര്‍ക്കുന്ന ഒറ്റ കാക്ക..
ഇരുട്ട് മറന്നു കിടക്കുന്ന
പഴയ കട്ടിലിന്റെ മൂലയില്‍ നിന്ന്
മനസ്സു മെല്ലെ പറയുന്നു..
.....
‘ഒരു മദ്ധ്യാഹ്നം ചിലപ്പോള്‍ ഒരു സുഖമാണ്.‘

Tuesday, February 17, 2009

മണ്ണിന്റെ സ്വകാര്യങ്ങള്‍

അങ്ങിനെയാണു ഞാന്‍
ചങ്കുപൊട്ടി മരിക്കാന്‍ തീരുമാനിച്ചത്
ദിവസവും കുറിച്ചിരുന്നു.
അന്നു സുഹൃത്തുമായി നടന്നു പോകെ....
.......................

കാതങ്ങല്‍ക്കു താഴെ...
മണ്ണിനടിയില്‍ വച്ചാണു ഓര്‍മ്മവന്നത്..
താഴേയ്ക്കു..താഴേയ്ക്കു...
വീണുകൊണ്ടിരിക്കെ
പൊടികള്‍, തവിട്ടു നിറത്തിലെ കല്ലുകള്‍,
ഇരുട്ടിന്‍ കക്ഷ്ണങ്ങള്‍..,
ദൈവമെ ഇതെന്തു യാത്ര..
വേദനകളില്ല.., ശരീരം കൂടെ ഉണ്ടോ അറിയില്ല,
ഒരവയവവും പരസ്പരം കാണാനാവതെ
മണ്ണിനാല്‍ മൂടപ്പെട്ട്...

ഭൂകമ്പമൊ.. യുദ്ധമൊ...?
മണ്ണില്‍ ഉറഞ്ഞുപോയൊരെന്റെ
വിരല്‍ തുമ്പില്‍ അവന്‍.
ഞാന്‍ തലകീഴായി ..
അവന്‍ കുറച്ചു തെക്കോട്ടു മാറി
കൈകള്‍ വിരിച്ചു..
ഹാ..! ദൈവമെ ഈ കാലൊന്നു നീട്ടി
വച്ചിട്ടു മരിച്ചാ‍ല്‍ മതിയായിരുന്നു.

ഞങ്ങള്‍
ഭൂമിയാല്‍ വിഴുങ്ങപെട്ട
രണ്ടു ജീവനുകള്‍
മരിച്ചോ എന്നു തിരിച്ചറിയാതെ
മിണ്‍ടാനാവതെ അനങ്ങാനാവാതെ
എകാന്തതയില്‍ പങ്കിടാന്‍
കരുതിതയതൊക്കെയും
മനസ്സില്‍ വച്ചു
വിരലഗ്രം മാത്രം തൊട്ടു
ജീവനോടെ അടക്കപെട്ടവര്‍.

ഇപ്പോള്‍ എനിക്കു ചോദിക്കാന്‍
പ്രണയം തോന്നുന്നില്ല.
എന്നാലും
കഴിഞ്ഞ ദിവസം വഴിയിലനാഥമായി
കണ്‍ട രണ്ടുവയസ്സുകാരിയെ
ഓറ്മ്മയില്ലെ?
വൃത്തിയാക്കി
ഇത്തിരി ആഹാരം കൊടുക്കാന്‍
നേരം നീ വിലക്കിയില്ലേ..
മണ്ണില്‍ തന്നെയിരുന്നു, മണ്ണില്‍ തന്നെയിരിക്കുമെന്നോട്
സാരോപദേശിച്ചതെന്തായി?
നിനക്കെന്തായിരുന്നു ചേതം?

മുറ്റത്തു പൂത്ത മുല്ലയെ
ഓടിച്ചെന്നൊന്നു ചുംബിച്ചേല്‍
എനിക്കെന്തായിരുന്നു ചേതം?

സ്വപ്നം കൊണ്ടു പൂക്കള്‍ തുന്നിയ
മോഹങ്ങളെ പൊട്ടിച്ചെറിഞ്ഞില്ലേല്‍
എനിക്കെന്തായിരുന്നു ചേതം?

ഇപ്പോള്‍
മുകളില്‍ നഗരം
മഞ്ഞളിച്ചു കത്തുന്നു.
വാഹനങ്ങളും മനുഷ്യരും
ധൃതിയില്‍ പോയ്‌വരുന്നു.

ചിന്തകളിലെ മറവി മാത്രം
നാം..
മറക്കപ്പെട്ടവര്‍ നാം..

ഒരുപാടു താഴെ ചരിത്രം പൊടിയായ്
തിരിഞ്ഞു പോകുംവക്കില്‍
ദ്രവിക്കപ്പെടുമിടത്തു കാത്തിരിക്കുന്നു..

നീ കേള്‍ക്കുന്നുണ്ടോ?
കണ്ണടഞ്ഞിരുന്നു
പക്ഷേ കാണുന്നുണ്ടായിരുന്നു
പലകാലങ്ങളില്‍ മണ്ണിലലിഞ്ഞവരൊക്കെ
അവിടവിടെ തപം ചെയ്യുന്നു.

ഞാനെപ്പോഴൊ മരിച്ചുപോയിരുന്നിരിക്കാം.
നീ കേള്‍ക്കുന്നുണ്ടോ..?
പലവേരുകളെന്നിലേക്കു
തുളഞ്ഞിറങ്ങി തുടങ്ങി.
മുകളീലേതോ തെരുവോരത്തു
വൃക്ഷങ്ങളില്‍ ഞാന്‍ പൂവിടുന്നുണ്ടാവം
നീ കേള്‍ക്കുന്നുണ്ടോ?..
കൂട്ടുകാരാ‍...

ഇല്ല., കേള്‍ക്കുന്നുണ്ടായിരുന്നില്ല..
അവനേതൊ കായായി..
ഏതോ പക്ഷി കൊത്തി പറന്നിരുന്നു..

.........................................

Wednesday, February 11, 2009

സ്ഥിതി

നിശബ്ദതയുടെ ഉച്ചത്തിലുള്ള നിലവിളി

സഹിക്കാമായിരുന്നില്ല.

അതിനാലാണു ശബ്ധങ്ങള്‍ക്കിടയിലുള്ള

വിടവുകളില്‍ ഞാനൊളിച്ചത്.

Sunday, February 1, 2009

പിന്‍‍വിളി

മുടിതുമ്പിലൊക്കെ പൂക്കള്‍ മണക്കുന്നു ...“ തല്ലിക്കൊഴിക്കാ..“
പാദത്തിലൊക്കെ താളം പിടയ്ക്കുന്നു... “വെടിവ്യ്ച്ചു കൊല്ലുക..“
കണ്ണുകളിലാകെ നിറങ്ങള്‍ നിറയുന്നു..“മണ്ണിട്ടടയ്ക്കാ..“
ചുണ്ടാത്തൊരു മുദ്ര മൃതിയാതെ നില്‍പ്പൂ..“.ചുട്ടെരിച്ചീടുക.“
വിരല്‍തുമ്പിലായിരം ചിത്രം പിറക്കുന്നു.. “ആറ്റിലേക്കെറിയുക“
പറയുവാനുണ്ടിത്തിരി എന്‍ വാക്കു കേള്‍ക്കുക..“നേരമില്ലൊട്ടും
ജീവിക്ക വേണ്ടേ വിശപ്പാല്‍ ദഹിക്കുന്നു.. പോരുക വേഗം..“

Friday, January 23, 2009

പനിക്കൂട്ടുകള്‍ ...കവിതയല്ല..കഥയുമല്ല.. ചങ്ങാതിയാണു


പനി പിടിച്ചു. ദിവസങ്ങളായ് പുതപ്പിനുള്ളില്‍.
ഒറ്റയ്ക്കല്ലോ എന്നു തോന്നി പോയി.
വേദന.. പനിയുടെ ഭാഷ. കേള്‍ക്കതെ വയ്യ.
മുഖം ഒരു മേശ പോലെ.
അതിന്റെ പുറത്തു ക്യാബേജ്ജ് നിരത്തിയ പോലെ വേദനകള്‍.
അവ ഉരുണ്ടു കൂടി നിന്നു വിങ്ങി.
അതിന്റെ കാലുകള്‍ താടിയെല്ലുകളായ് നിന്നു കഴച്ചു.
ഒരോന്നും തീവ്രം തീവ്രം എന്നു കൂകി.

അപ്പോഴാണു ഏകാന്തത എന്നൊടു കിന്നരിച്ചത്.
ഇത്രമേല്‍ ഒറ്റ്യ്ക്കു എനിക്കെന്നെ എപ്പോള്‍ കിട്ടാന്‍.. എന്ന്..?
എത സ്നേഹപ്പൂക്കള്‍ ഓര്‍മ്മ്കളായ് ചുറ്റും നില്‍ക്കുന്നുവെന്ന്..
ഒക്കെ അത് എനിക്കു കാട്ടി തന്നു.

ഇതാ...
പിങ്കു നിറ്ത്തിലെ അപ്പൂ‍പ്പന്‍ താടികള്‍ കൂട്ടമായ് എനിക്കു തലയിണയാകുന്നു ..
കൈകള്‍ കൂപ്പി ചരിഞ്ഞു മുഖം ചേര്‍ത്തു കാറ്റിനെയും തൊട്ടു ഞാന്‍ കണ്ണടച്ചു .
ചുറ്റും ഓര്‍മ്മകളുടെ സ്നേഹം കൂട്ടു ചേര്‍ന്നു താങ്ങി.. ഞാന്‍ മയങ്ങി.

ഉറക്കത്തില്‍
ഓരൊ വേദനെയെയും ഞാന്‍ നോക്കി, വെറുതേ നോക്കി.
അവയുടെ നിറം. ചിലതു പച്ചനിറത്തില്‍ പതിയെ പൊന്തി പൊന്തി .,
ചിലത് നീലിച്ചവ കണ്ണുകളിലേകു കുഴിച്ചുകൊണ്ട്,
ചിലതു തലയ്ക്കുമേല്‍ ചവിട്ടി പിളര്‍ന്നിട്ടു
.. പിന്നെം വെറുതേ നോക്കി കിടന്നു..
ശ്രദ്ധിക്കും തോറും അവ എന്നേം ശ്രദ്ധിച്ചു തുടങ്ങി ..
പിന്നെ പിന്നെ പതിയെ അവ ചൂളാന്‍ തുടങ്ങി
മ്.,,മ്മ്..,
എന്നെ അവ സ്നേഹിച്ചു തുടങ്ങിയോ?
വേദനയുടെ ഓരോ ബിന്ദുവിനേയും കണ്ടു .
കണ്ടൂകൊണ്‍ണ്ടിരിക്കവെ അവ മായാന്‍ തുടങ്ങി
ഓ.. !
എന്തൊരു മായം!
ഒരോ വേദനയും പൂച്ചയെ പോലെ ശരീരത്തുരുമ്മുന്നു...
ആട്ടിന്‍ കുട്ടികളെപ്പോലെ എന്റെ മുഖം ചേര്‍ന്നു നില്‍ക്കുന്നു
മാഞ്ഞു മാഞ്ഞു പോയ് സ്നേഹമായ് മാറുന്നു.

ഈ പനിയുടെ ഏകാന്തതയില്‍ അപരിചിതരായിരുന്ന എന്നെയും
പിന്നെ എന്നോടൊത്തുള്ള
ഓരോ പോക്കുവരവുകളെയും കണ്ടു.
രക്താണുക്കളും രോഗാണുക്കളും പരസ്പ്പരം വിഴുങ്ങി. കട്ടിലില്‍ ഞാന്‍ തിളച്ചു തുടങ്ങി.
എന്റെമേല്‍ പല മത്സരങ്ങളും നടന്നു. പല ഫല പ്രഖ്യാപനങ്ങളും.,
നെഞ്ചിലൂടെ എത്ര ഓട്ടമത്സരങ്ങള്‍..
ആരു ജയിച്ചലും തോറ്റാലും പനിപിടിക്കുമ്പോള്‍ ഞാനൊരു മൈതാനമാണ്.
അതിലെ കാഴ്ച്ചക്കാര്‍ക്കൊപ്പം ഞാന്‍ വേദനകളെ എണ്ണി എണ്ണി
പ്രിയപെട്ട ചങ്ങാതിമാരാക്കുന്നു.

Saturday, January 3, 2009

യോഗം


തിരുനെറ്റിയില്‍ നിന്നും
മുകളിലേക്കാണു
ഊഞ്ഞാലിട്ടത്.
മഴക്കാറുകള്‍ കൊണ്ടു കെട്ടി
മഴവില്ലിനറ്റത്തു നിന്നും
മുകളിലേക്കും താഴേക്കും..

കാലുകളില്‍ നനഞ്ഞ കാറ്റേല്‍ക്കെ
ഊഞ്ഞാല്‍ പടിക്കു
ചിറകുകളുണ്ടെന്നറിഞ്ഞു

നീളത്തില്‍ മുന്നോട്ടും പിന്നോട്ടും
ഊയലാടികൊണ്ടു
ജീവിക്കാന്‍ തന്നെയാണിഷ്ടം എന്നു
തെറിച്ചു പോയ
ഒരേഒരു ചിലങ്കമണിയൂം
ഉയരത്തില്‍ വച്ചു
കൈവെള്ളകളില്‍
മുത്തമിട്ടെന്നോടു പറഞ്ഞു.

അപ്പോഴേക്കും..
കാലം ഭൂഗോളം
പാ‍തി കറക്കിയിരുന്നു
ആകാശത്തില്‍ ഉലാത്തുന്ന
പകലോനും പറവകളും
മടക്കയാത്രയില്‍
ചക്രവാള പടിയും
ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു...