My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, September 24, 2011

Trees in love

We are now two trees
too dear

We breath the lake side mist
Our branches growing green
Our roots wet in depth
while the
withered barks disclosed us
as dark and hard vacuumed pain
We are trees inside and outside
We are leaves in and out
We are flowers and fragrance
incessantly embracing
But
We can't utter a word again
We can't see any more again
We can't share even a sigh
We are just deaf and dumb trees
Our silence and we
sediment that
we are just trees in love
we are two huge banyan trees..

Friday, August 26, 2011

ദർശനങ്ങൾ

(പ്രണയത്തിൽ..)
മേഘങ്ങളിൽ നിന്നും പെറുക്കിയെടുത്ത
അക്ഷരങ്ങൾ നിനക്കു തരാം
ആത്മാവോളം ശുദ്ധമായൊരു വാക്ക്
അത് നിന്നോട് പറയും.,
(ആദർശത്താൽ..).
ആകാശത്തു വച്ച്
നീ അതെന്റെ വാൾമുനയിൽ
പതിക്കേണം
നേരിന്റെ ദേവതകളായ്
നമുക്കു യുദ്ധം തുടങ്ങാം
അതാണു നാം തുടരേണ്ട
ജീവ നൃത്തം
(ദയ..)
മഴയാർത്തു പെയ്തു പെറ്റു കുഞ്ഞുങ്ങൾ
മഴ കുമിളകൊണ്ടോടുന്ന മൺചാലുകൾ
മറയില്ലാതെ ഹൃദയം കൊണ്ട്
പടവെട്ടുന്നാരോ വാനത്ത്
എന്നു മിന്നൽ
ശിൽക്കാരം പറയെട്ടെ..
(വേദന..)
ഭൂമിക്കുള്ളറകളിൽ ഒളിച്ചുറങ്ങിപോയ
കൂട്ടുരെ ഉണർത്താൻ
ഓരോരോ രക്തതുള്ളിയായ് നമുക്കു
വാർന്നു തീരാം ..
അല്ലായ്കിൽ നമുക്ക് ഒരു
ചുവട് കൊണ്ടീ നൃത്തം മതിയാക്കി
മടങ്ങാം..
ഈ വിരഹം മറക്കാം..


















Friday, June 17, 2011

ദന്ത വ്യാധികളും, ഡോക്ടർമാരും, ശമ്പളവും, ചില സത്യങ്ങളും..


     കേരളാ ഗവ: മെന്റ് സർവീസിൽ കാലാകാലങ്ങളായി ഒരേ സ്കെയിലിൽ ശമ്പളം വാങ്ങി കൊണ്ടിരുന്നവരും, ഒരേ കാലയളവിലെ പഠനവും ഹൌസ് സർജൻസിയും കഴിഞ്ഞവരും, ഒരേമണിക്കൂറുകൾ തന്നെ ജോലി ചെയ്തിരുന്നവരും ആയ സർക്കാർ അല്ലോപ്പതി ഡോക്ടർമാരിൽ, ദന്തവിഭാഗം ഡോക്ടർമാരുടെ  ശമ്പളം മാത്രം കുറച്ചതായി ഗവ്: മെന്റ് പ്രഖ്യാപിചിട്ട് മാസങ്ങളായി.


    കേന്ദ്ര ഗവ: സർവീസിലോ, ഇഷുറൻസ്  മെഡിക്കൽ സർവീസിലൊ, കേരളത്തിലേ തന്നെ മെഡിക്കൽ കോളെജുകളിലോഇ ഇത്തരം ഒരു വേർതിരിവ് ഇല്ലാത്തപ്പോളാണ്  കേരള സർക്കാർ മാത്രം നടത്തുന്ന ഈ വേർതിരിവ്.

                   ഒരേ ശാസ്ത്രീയ സമ്പൃദായത്തിൽ (അല്ലോപ്പതി) മനുഷ്യ ശരീരത്തിന്റെ കണ്ണുകളിലും ചെവികളിലും മറ്റുഭാഗങ്ങളിലും ചികിത്സിക്കുന്നവരും, താടിയെല്ലുകൾ, വായ്, നാവ് അതിനോട് അനുബന്ധഭാഗങ്ങളിലും ചികിത്സിക്കുന്നവരും തമ്മിൽ എന്തടിസ്ഥാനത്തിൽ ആണു ഇപ്പോൾ ഈ വേർതിരുവ്?

         MBBS കാരെ പോലെ തന്നെ എല്ലാ വിഭാഗചികിത്സയും പഠിക്കുകയും, ( ഗർഭ്ഭ
ചികിത്സയുമൊഴികെ) പരീക്ഷ എഴുതി യോഗ്യത നേടുകയുംചെയ്ത ശേഷമാണ് മനുഷ്യശരീരത്തിൽ ചികിത്സ നടത്തുവാൻ നിയമം BDS കാരെയും അനുവദിക്കുന്നത്. ആ അറിവാണ് ഈ കാലഘട്ടത്തിൽ ബുദ്ധിമുട്ടുകൾ വിരളമാക്കി, സുഗമമായി കൂടുതൽ വായ് രോഗ ചികിൽത്സകളും വിജയകരമാക്കി നിലനിർത്തുന്നത്. ഒരോ ഹാനികരമായ മാറ്റവും തിരിച്ചറിഞ്ഞു ശരിയായ രീതിയിൽ ചികിൽത്സിക്കുന്നത് കൊണ്ടാണ് അറിവില്ലാത്ത ചിലർക്കെങ്കിലും ഇതു നിസ്സാരവും കുട്ടികളിയുമായി തോന്നുന്നത്. ജീവന്റെ റിസ്ക്  ഈ എല്ലാ കേസുകളിലും ഒരുപോലെ തന്നെ ആണ്.
          പെട്ടന്നു ജീവഹാനി വരാവുന്ന അലർജിയോ, മറ്റു പല അപകടാവസ്ഥകളൊ ശരീരത്തിൽ ചികിൽത്സാ സമയത്ത് എപ്പോ വേണമെങ്കിലും ഉണ്ടാകാം. പ്രതേകിച്ചും ശരീരത്തിൽ മുറിവു ചികിത്സയുടെ ഭാഗമായി സൃഷ്ടിക്കപെടുമ്പോൾ.

                    മെഡിക്കലി കോമ്പ്രമൈസ്ട് ആയ രോഗികളെ മെഡിസിൻ അറിയാതെ ആണോ ചികിത്സിക്കുന്നത്? എണ്ടോക്രയിൻ രോഗങ്ങളായ തൈറോയിട്  പ്രമേഹം, ഹൃദ്രോഗങ്ങൾ, കിട്നി ലിവർ  രോഗങ്ങൾ, ചുഴലി രോഗങ്ങൾ, പല മരുന്നുകളുടെ ചികിത്സയിൽ ഇരിക്കുന്നവർ, ക്യാൻസർ രോഗികൾ, റേഡിയേഷൻ കഴിഞ്ഞവർ,അമിത രക്തസ്രാവം ഉണ്ടാക്കുന്ന രോഗങ്ങൾ ഉള്ളവർ, അങ്ങിനെ എത്രയോ അപകടം ഉള്ള അവസ്ഥകളിൽ പെട്ടവർ., ഇവർക്കൊക്കെ ദന്ത ചികിത്സ വേണ്ടി വരുന്നില്ലെ?

            ആക്സിടെൻസ്, ക്യഷ്വാലിറ്റി, എല്ലു പൊട്ടലുകൾ എന്നിവ കൈകാര്യം ചെയ്യുന്നില്ലേ ?
താടിയെല്ലിലെ, കവിളുകളിലെ,  നാവിലെ, രോഗങ്ങളും സർജറിയും ആരാണ് കൈകാര്യം ചെയ്യുന്നത്? പെട്ടന്നു ഇതൊക്കെ രണ്ടാംതരമായ് മാറിയത് എങ്ങിനെ?

നമ്മുടെ ആരോഗ്യ മേഖലയിൽ ദന്തവിഭാഗം അപ്രധാനമായതിന്റെ കാരണങ്ങൾ പലതാണ്:
  ( ആർക്കും പല്ല് പുല്ലായതിനാലല്ല. ആഹാരം കഴിചില്ലേലും സൌന്ദര്യത്തിനു ശ്രദ്ധ കൊടുക്കുന്നവരാണ് ഇന്നത്തെ ഭൂരിപക്ഷം. പല്ലിൽ പണിയുമ്പോൾ ഡോക്ടറുടെ തെറ്റ് കൊണ്ട് അറിയാതെ രോഗിയുടെ പല്ലിനു നഷ്ടം പറ്റിയാൽ അപ്പോൾ അറിയാം രോഗിയുടെ നിലപാട്. പകരം പല്ലൊന്നേലും എടുക്കും എന്ന നിലയിൽ അയാളുടെ ഭാവം മാറും!)
 1.                 ജനറൽ ഡോക്ടർമാരുടെ ഭരണത്തിൻ കീഴിൽ ഒരു വിഭാഗമായി പ്രവർത്തിക്കുന്ന ദന്ത ടോക്ടർമാർക്ക് മിക്കവാറും അവഗണന തന്നെ ആണ്. സ്പെഷ്യാലിറ്റി കേഡർ സംവിധാനം വന്നപ്പോൾ ഭരണതല്പരരായ സുപ്രണ്ടുകൾ ഉള്ള ആശുപത്രികളിൽ ചിലയിടത്തുമാത്രം ആശാവഹമായ മാറ്റം കണ്ടു.


2.       ഈ അവഗണനയ്കെതിരെ ആരോടു പറയാൻ ?.ജില്ലാ ഭാരവാഹികളും അവർ ( MBBS) തന്നെ.സംസ്ഥാനഭാരവാഹി ദന്തവിഭാഗം ഡെപ്യൂട്ടി പോസ്റ്റിൽ പറഞ്ഞാൽ ഈ  പുതിയ താഴ്ന്ന നിലവാരം കൂടി പ്രഖ്യാപിച്ച സ്ഥിതിക്ക്  അവർ പറയുന്നത് മറ്റു വിഭാഗക്കർ  ആരു കേൾക്കാൻ?

3. ഈ അവഗണയിലും അത്യാവശ്യ യന്ത്രസംവിധാനങ്ങളുടെ അഭാവത്തിലും മടുത്ത ചില ദന്ത ഡോക്ടർമാർ തന്നെ ജോലിയിൽ കാണിക്കുന്ന അനാസ്ഥ:
   ഇവർ ഗവ: ആശുപതികളിൾ വെറും പല്ലെടുപ്പു മാത്രം നടത്തി പ്രവർത്തിക്കുമ്പോൾ മുൻപു പറഞ്ഞപോലെ നേരിട്ടു സമയാം വണ്ണം ശ്രദ്ധിക്കാൻ ആളില്ല. ദന്ത വിഭാഗങ്ങൾ ഗവ: സെക്ടറിൽ പ്രവർത്തിച്ചു അര നൂറ്റണ്ട് കഴിഞ്ഞിട്ടും എന്തു കൊണ്ടു നൂതന ചികിൽത്സാ സൌകര്യങ്ങൾ ഇന്നും ജനങ്ങളിൽ എത്തി ചേരുന്നില്ല?

4.മറ്റൊരു പ്രധാന അപാകത സർവീസ് ക്വാട്ട എന്ന ഭാഗ്യക്കുറി ആണ്.: 
              സർവീസിൽ ഇരിക്കുന്ന ഡോക്ടിമാർക്കു പിജിക്ക് മാറ്റി വച്ചിട്ടുള്ള സീറ്റ് ആണ് ഇത്. ശമ്പളത്തോടുകൂടി പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ശേഷം എത്ര ദന്ത ഡോക്ടർമാർ ഈ ചികിത്സാ
പാവപെട്ട രോഗികൾക്കു ഗവ: ആശുപത്രി മുഖേന നടത്തുന്നു?. വളരെ ചുരുക്കം മാത്രം .ഒറ്റ കേസ്  പോലും ചികിത്സിക്കതെ എത്ര ദന്തഡോക്ടർമാർ റിട്ടയർ ചെയ്തിരിക്കുന്നു? ഉദാ: ഫിക്സെട് അപ്ലയൻസ്  ( മുത്തു മുത്തു കമ്പി) ഇതു സ്പെഷ്യലൈസ് ചെയ്തിട്ട് എത്ര  ദന്തിസ്റ്റ് ഗവ: ആശുപത്രികളിൽ ഈ ചികിത്സ ചെയ്തു കൊടുത്തിട്ടുണ്ട് ? വിരലിലെണ്ണാവുന്നവർ ഒഴികെ മിക്കവരും ഈ ഗുണം ജനത്തിനു കൊടുക്കുന്നില്ല. റൂട് കനാൽ ചികിത്സ. സ്ഥിരമായി ഉറപ്പിക്കുന്ന വയ്പ്പുപല്ല് ,പലവിധ ഫില്ലിങ്ങ് ചികിത്സകൾ ഇങ്ങനെ പോകുന്നു പി ജി പഠനം. ജനത്തിനു പക്ഷേ....?

ഈ ന്യൂനതകളിൽ പോലും ആത്മാർത്ഥ്മായി ജോലി ചെയ്യുന്ന കുറെയേറെ പേർ ഇവിടെ ഉണ്ട്. ഇനിയെങ്കിലും അധികൃതർ ഒരു നല്ല മാറ്റത്തിനു തുടക്കമിട്ടെങ്കിൽ. വരും തൽമുറയ്ക്കു പുരോഗമനമാണു നാം നൽകേണ്ടതു അല്ലാതെ അധ:പതനമല്ല..!

സംഘടനകൾക്ക് ആവശ്യം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും! അതു അവരുടെ അവകാശം. അത്  ന്യായമായ രീതിയിൽ ചെയ്യേണ്ടത് ഗവ:ന്മെന്റിന്റെ ജോലി. അതേ സമയം സംഘടാനാംഗങ്ങൾ ജോലിയിൽ കാട്ടുന്ന ആത്മാർത്ഥത ഇത്തിരിയെങ്കിലും വിലയിരുത്തുന്നത് നല്ലത് എല്ലാ സർക്കാർജീവനക്കാരും!

                          



Thursday, May 5, 2011


1.മഴപ്പാടുകൾ


ഇറ്റിറ്റുവീഴണം
പതിയേണം സത്യം മാത്രം
ചുംബിച്ചതിന്റെ
അടയാളമാകണം

2.അഗ്നിസാക്ഷികൾ

ചുണ്ടത്തിരിപ്പുണ്ടായിരുന്നു ഒരു ചുംബനം 
പ്രണയമായിരുന്നില്ല  കാമവും 
 കുട്ടികള്‍ പന്തടിച്ചു  കളിച്ചു മറഞ്ഞ ,
തിരക്കേറിയോര് കാണാത പോയ,
ഒരു ചുംബനമുണ്ടായിരുന്നു  ചുണ്ടത്ത്
സങ്കട കടലും സ്നേഹാകാശവും 
വെള്ളപുതച്ചോരി ദേഹത്തിനുള്ളില്
ഉണ്ടിപ്പോഴും 
ചുടുകാട് എത്തീട്ടും
ചുണ്ടത്തൊരു സ്നേഹം
കാത്തുവച്ചിട്ട്....



3.കടപ്പെൻസിലുകൾ

അറിയേണം
ധാരമുറിയാതെ പെയ്ത
മഴനൂലുകൊണ്ടു
നാം മേഘത്തെ
 തൊട്ടതു ,

സായന്തനത്തിന്റെ സ്വർണ്ണനൂലി
നറ്റത്താൽ സൂര്യനെ സ്പർശിച്ചതും ,


കാണാതപോയ കടപ്പെൻസിലിനറ്റത്തു
മൃതികൾക്കുമപ്പുറം
കൈമുറുക്കെപിടിച്ച്
എഴുത്തിനിരുത്തിയൊരോർമ്മയുമായ്
കാത്തിരിപ്പുണ്ടാവാം അച്ചനെനും

വേർപിരിയും ഓരോരുത്തരും
എല്ലാ അക്ഷരങ്ങളും
വളവുകളും നിവർത്തി
അപരിചിത നേർരേഖകളായ്
കടലിലേക്കു നടക്കുമെന്നും

മഴപ്പാടുകൾ ‌ഒരായിരം
സ്നേഹ മുറിവിൻ
ചുവടുകളായ്  നെഞ്ചിൽ
പെയ്തുകോണ്ടേയിരിക്കുമെന്ന
സത്യവും.


 

Tuesday, March 22, 2011

നിലാമത്ത് .









നിലാവിനാകെ മുല്ലപ്പൂത്തുലഞ്ഞ ഗന്ധം
പൂത്തിങ്കള്‍ കൊണ്ടു ഞാന്‍ മുഖം പൊത്തി
രാത്രി പിന്നിലൂടെ മഞ്ഞു കോരിയെറിഞ്ഞു

പൊയ്കയിലേയ്ക്കു ഒഴുകിയിറങ്ങി
ഞാനൊരു താമരയായ് വിടര്‍ന്നു

മലമുകളില്‍ ഒരു കരിമ്പാറ
നിലാവില്‍ കുതിര്‍ന്നു...
പ്രപഞ്ച നിറവിലേക്കറിയാതെ
ഒലിച്ചു പോയി.

Friday, February 4, 2011

ചില നേരങ്ങളുടെ ചാഞ്ഞ വാക്കുകള്‍



1.ഫ്രെയിം

ഇപ്പോള്‍ നിങ്ങള്‍
ആകാശത്ത്
എനിക്കും പൂര്‍ണ്ണ ചന്ദ്രനുമിടയില്‍
നില്‍ക്കുന്ന
ഒരു മാങ്കൊമ്പിന്റെ ചന്തമുള്ള നിഴലാണ്.


2.പ്രണയം


എന്റെ കൈകുമ്പിളില്‍
 കോരിയ തെളിനീരില്‍
വീണ പൂര്‍ണ്ണചന്ദ്രനെ
എങ്ങിനെ സൂക്ഷിക്കും
എന്ന സമസ്യ ആണ്
എന്റെ പ്രണയം.

3.മരം.

മരമായ് നിന്നുറച്ചു പോയതൊക്കെ
‘ചലിച്ചിട്ട് ഇനിയെന്ത്‘
എന്ന തോന്നലുകളാവാം.


4.ചിത്രം..


മണ്ണില്‍ നിന്നും
നാമ്പു നീട്ടി
വന്നതൊരു ഒറ്റപൂവ് മാത്രം
ഇലകളില്ലാതെ ശാഖകളില്ലാതെ
ഒറ്റപച്ചത്തണ്ടില്‍
പൊന്തിയ ഒരു പൂവു മാത്രം .
ദൈവം ശൈശവത്തില്‍
വരച്ച ചെടിയാകാം അത്.


5.ചുമ


എന്റെ ഉള്ളിലിരുന്ന്
അച്ഛനൊന്നു ചുമച്ചിപ്പോള്‍
വെള്ളം വേണോ..?
ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തി ചോദിച്ചു.
അച്ഛനെന്നേ മരിച്ചു പോയിരുന്നു.

അതേ ..
പക്ഷേ ഞാനിപ്പോള്‍ ചുമച്ചതു
എന്റെ അച്ഛന്റെ ചുമയാണ്.

6.പ്രകൃതം



ഒരു പരുത്തി പൂ ആകാ‍ശത്തില്‍
വിടര്‍ന്നു നിന്നിട്ട്
പതിയെ പതിയെ പറക്കുന്നതിന്റെ
സുഖം നീ തടയരുതേ..

അതങ്ങനെയാണ്...
അതിനെ പഠിപ്പിക്കേണ്ടതില്ല
പറന്നു പോകട്ടേ
തറയില്‍ വിത്തുപേക്ഷിച്ചു
ചളി മണിലലിയട്ടെ

അതെ .,അപ്പോഴാണ്
പ്രകൃതി തന്റെ സൂര്യകിരണം
ഒന്നടര്‍ത്തിയെടുത്തു രാത്രികളില്‍
നിലാവില്‍ എഴുതുന്നത് :
ഒരിക്കല്‍ ഒരു പരുത്തി പൂവ്
വെണ്മയായി ആകാശത്തില്‍
പറന്നു പറന്ന്.....എന്നിങ്ങനെ..


7. കടമ

മടുക്കാതെ ചുറ്റുന്നു
ഭൂമി ഇന്നും
അണുവിട തെറ്റിയാലെത്ര ജീവനെന്ന് ;

ഭൂമിയോളം വരില്ലേതു ബന്ധനവും
കൃത്യമാം പ്രണയപ്രദക്ഷിണത്തില്‍
വീണുപോകുന്നില്ല
സൂര്യനിലേയ്ക്ക്.

ധര്‍മ്മമാണാ യാത്ര !
സത്യമാണീ പകല്‍ന്തികള്‍
കടമയാണീ ലോക നടനം
സ്നേഹബന്ധമീ ആകര്‍ഷണ വലയങ്ങള്‍
വേദവക്യങ്ങളീ അളന്നുവച്ചോരകലങ്ങള്‍
അതിന്‍പുറത്ത്..,
അവിടിരുന്നാണീ അതിവേഗമറിയാതെ
നീയും ഞാനും
ഈ ശ്വാസകോശത്തെ ചുറ്റിപിടിച്ച
മാംസമായ് ചലിക്കുന്നത്.


8.കവിത

കവിത മന്ദാരപൂവിന്റെ ഇതളുകളില്‍
കണ്ണുകള്‍ കൊണ്ടെഴുതണം
ആരും കാണേണ്ട
കേള്‍ക്കേണ്ട
നേരു നേരിനോട്
മൂളിപ്പാടുന്നത്.




Wednesday, January 26, 2011

വനിതാ ചലചിത്ര ക്യാമ്പില്‍ നിന്നും....

          ഒരു സ്ത്രീ, ജീവിതത്തില്‍ എത്ര ചിത്രങ്ങള്‍ കാണാനാണ് ?
 അബദ്ധവശാല്‍ ക്ലാസ്സിക്ക് പടങ്ങള്‍ ഇഷ്ടമെന്നാല്‍ പോലും ഒന്നേലും കാണാനാകുമോ?
ചലചിത്രോത്സവങ്ങളൊ..!  ?
( ഒരു സാധാ‍രണക്കാരിയുടെ ജീവിത്തെ കുറിച്ചാണ് പറയുന്നത്.)

         അവരില്‍ ചിലരിലേക്കു ഈ സൌന്ദര്യബോധ നിര്‍മ്മാണാസ്വാദന കലയെ പരിചയപ്പെടുവാന്‍ ഉള്ള പണിയായുധങ്ങളും വഴികളും എത്തിക്കാനായി ഇക്കഴിഞ്ഞ 22ണ്ട് 23ന്നു തീയതികളില്‍ വനിതകള്‍ക്കായി വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ ചലചിത്രക്യാമ്പ്  നടത്തിയ സംഘാടകരെ വളരെയേറെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഏകദേശം അന്‍പതോളം സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു. (http://womencinema.blogspot.com)

        പൂത്തുലയുന്ന വൃക്ഷത്തിന്റെ ഉപരിഭാഗമായ് വിലസ്സുന്ന ആണ്‍കലകളില്‍ ഒന്നായ് തീര്‍ന്നതാണീ സിനിമയും..ഇത് കേരളത്തിലെ സ്ഥിതി. സ്ത്രീകള്‍, താഴെ അടുക്കള വേരോട്ടങ്ങളും. വേരുകള്‍ക്കു കാഴ്ച്ചയും ഭൂത കണ്ണാടികളും ക്യാമറയും കിട്ടിയാല്‍ മുകളിലൂടെ നടന്നു മാത്രം കണ്ട കാഴ്ചകളില്‍ നിന്നും എത്ര വ്യത്യസ്തവും ഇതുവരെ കാണാത്തതും ഭംഗിയാര്‍ന്നതുമായ് ഒരു ലോകം എന്തു കൊണ്ടു പുറത്തു വന്നു കൂടാ?

             കാരണം ഭൂമി പുറം വരെ മാത്രം കാഴ്ച്ചകളും കാരണങ്ങളും ചിന്തകളും ഉടക്കി നിന്നു പോകുന്ന സാധാരണ മനുഷ്യര്‍ക്കിടയിലെ സ്ത്രീവര്‍ഗ്ഗത്തിന്, അവരുടെ അടഞ്ഞ ചുവരുകളും ചുവടുകളും., സംവേദനത്തിന് ഇന്ദ്രിയങ്ങള്‍ സ്ഥിരം കൊണ്ടെത്തിക്കുന്ന; കുട്ടികള്‍, ഭര്‍ത്താവ്, പാത്രം, ചൂല്‍ , ഒഫീസ്സ് ഫയലുകള്‍, തിരക്കുകള്‍.,ക്ഷീണിത രാത്രികള്‍ ഉറക്കമെടുത്തോടും മുന്‍പ് ഉണര്‍ത്തിവിടുന്ന കൃത്യനിഷ്ടകള്‍...ഇവപോലുള്ളവയില്‍ നിന്നു ഭിന്നമായി ചിന്തിക്കാന്‍ ഏതു ഇടവേളകള്‍..?

ജന്മം തൊട്ടെ സംസ്ക്കാ‍രം പാകപ്പെടുത്തിയെടുത്ത അടിച്ചേല്‍പ്പിക്കലുകള്‍ , ചോദ്യം ചെയ്യപ്പെട്ടുകൂടാ എന്നു രേഖപ്പെടുത്തിയ മേല്‍ക്കോയിമ്മകള്‍, ബന്ധങ്ങള്‍ തൊട്ടു വസ്ത്രവിധാനം വരെ പരുങ്ങലിലാക്കുന്ന വ്യവസ്ഥകള്‍...
ഇതിനിടയില്‍ സ്ത്രീ............

അപ്പോള്‍ ആണ്‍പൂമരമേ., പെണ്‍വേരുകള്‍ക്കു കാഴ്ച കിട്ടുമ്പോള്‍ അരുവികളുടെ അരികു പറ്റി വെള്ളം തേടുന്നവരെ, ഇടയ്ക്കിടെ പൊങ്ങി വന്നു ആകാശത്തെക്കുനോക്കുന്നവരെ., കൃമി ലോകങ്ങളെ താണ്ടി പോകുന്നവരെ അങ്ങിനെ അങ്ങിനെ ഒരു വലിയ ലോകം കണ്ടുകൂടെ..?

ക്യാമ്പില്‍ ശ്രീ. നീലന്‍‍, ശ്രീ.വി.കെ.ജോസഫ്, ശ്രീ. ജി.ആര്‍. സന്തോഷ്  എന്നിവരുടെ സുന്ദരമായ ക്ലാസ്സുകള്‍ ഭാഗികമായ് കേള്‍ക്കാന്‍ കഴിഞ്ഞു. അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് മറ്റു ക്ലാസ്സുകള്‍ കേല്‍ക്കുവാനുള്ള ഭാഗ്യം കിട്ടിയില്ല..

അവിടെ കണ്ട സിനിമകളില്‍ ഒന്നു കുറോസ്സാവിന്റെ ട്രീംസ് ആയിരുന്നു. റ്റണെല്‍ എന്ന സിനിമ തുടര്‍ച്ചയായ വൈകാരികതയുടെ നിശ്ചലാവസ്ഥ നീട്ടി കൊടുക്കുന്ന നിശബ്ദമായ ധ്യാനമായ്  മുന്നില്‍ നിന്നു‍. രണ്ടുമനസ്സുകളുടെ വ്യാപാരത്തിന്റെ പോക്കുവരവുകള്‍ ആ തുരങ്കത്തിന്റെ അങ്ങേപ്പുറം ഇങ്ങേപ്പുറം വന്നു പോകുന്ന ചുവടൊച്ചകള്‍ പോലെ മൂന്നാമനായ പ്രേക്ഷകനെ കൂടി കോര്‍ത്തിരുത്തി നിശ്ചലമാക്കുന്നതും ഇതില്‍ കണ്ടു.

നിമിത്തപൂരിതമായ ജീവിതത്തെ മറ്റൊരാളുടെ മനസ്സിന്റെ ഇടനാഴിയില്‍ ഇരുന്നു അയാള്‍ കാഴ്ചകളും ശബ്ദങ്ങളും കൊണ്ടു നടത്തുന്ന  ബുദ്ധിപരമായ കോര്‍ത്തിണക്കത്തിന്റെയും,പരമ്പരയായ ഉത്തരം കണ്ടെത്തലുകളുടെയും, സൂക്ഷ്മമായ നിമിഷങ്ങളുടെ, നീണ്ടുനില്‍ക്കുന്ന വൈകാരികമായ ഉണര്‍ച്ചകളുടെയും, ബോധാബോധങ്ങളുടേയും സ്വപ്ന്‍ങ്ങളുടെയും ഒരു കവിതചൊല്ലലായ്  സിനിമയെ വ്യാഖ്യാനിക്കാന്‍ തോന്നി.

അവന്റെ മനസ്സുകൊണ്ടു ഇവന്റെ മനസ്സു നീട്ടി ചൊല്ലുന്ന കവിത. ഇത് ഒരു കൈവിരലിലെണ്ണാവുന്ന ക്ലാസ്സിക് സിനിമകള്‍ പോലും കാണാന്‍ തരപ്പെടാത്ത സാധാരണ ഒരുവള്‍ എന്ന നിലയിലുള്ള എന്റെ അടയാളപ്പെടുത്തലാണ്.

ഇനി ബാക്കി എഴുതുവാനീ സ്ത്രീക്കു നേരമില്ല....ഡോ.പി എസ്സ്. ശ്രീകലയ്ക്കും, കെ ജി സൂരജിനും നന്ദി. മുട്ടിയാല്‍ മാത്രം തുറക്കപ്പെടുന്ന ജനാലകള്‍ പോലെ ആണ് ചില പെണ്‍കാഴ്ചകളും.......