My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, June 25, 2010

മഴവാക്കുകള്‍





                                        നിഷേധം   

                                       പുറത്തേക്കെറിഞ്ഞ
                       വിത്തുകള്‍ ഓരോന്നും
                  വേണ്ടായിരുന്നു വേണ്ടായിരുന്നു    
           എന്ന് വേരിറക്കി  മാമരങ്ങളായി വളര്‍ന്നു

                                          വിനിമയം 
                                  നോക്കൂ...
                              ഒരുവരി മാത്രം
                              ഒരു വാചകം.,
                          നമുക്ക് മാറ്റുരച്ചിടാം
                         നിന്റെയും എന്റെയും

                                            കലി 
                  ഇപ്പോള്‍ എനിക്ക് കലിയാണ്
               കറുത്ത അടുപ്പ് കല്ലുകളുടെ കലി.
 
                                  അവസാനം
              ഒരു ഇലയുടെ നിഴല്‍ മാത്രം ഞാനെടുക്കുന്നു 

                                     പിന്മഴ
                    വായുവും ജലവും ചേരുമിടത്തൊരു 
                    മേഘമിരുന്നു പുരമേയുന്നു       


                                       ഇടര്‍ച്ച  
                       നടക്കുമ്പോള്‍ പലപ്പോഴും
                 ജന്മങ്ങള്‍ക്ക് മുന്‍പും പിന്പുമെന്നു
                               കാലിടറുന്നു .             
                          

Sunday, June 6, 2010

വെയില്‍ തൂപ്പുകാരി

എല്ലാ പറമ്പുകളിലും കൊഴിഞ്ഞു വീണുകൊണ്ടിരുന്നത്
ഓര്‍മ്മകളായിരുന്നു..

മരങ്ങള്‍ അത് അവരുടേതെന്നും
കാറ്റ് കാറ്റി ന്റെതെന്നും
മണ്ണ് സ്വന്തം നനവിന്റെതെന്നും
പറഞ്ഞു.

അവള്‍ എല്ലാം അവളുടെ മാത്രം എന്ന്
നിസ്സംഗതയോടെ തൂത്തു
ഒരു മൂലയില്‍ ഒന്നിനു പിറകെ ഒന്നായി
കൂട്ടിയിട്ടുകൊണ്ടിരുന്നു.

ഓരോ ദിനവും, വെയില്‍ വിരിച്ച ഈര്‍ക്കിലുകള്‍
വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌
ചുമലില്‍ തട്ടി
അവളെയും തൂത്തു നീക്കുന്നത്
അറിയുന്നുണ്ടെന്നു്
പുഞ്ചിരിയോടെ സൂര്യനോട് തലകുലുക്കി.

ഒന്നിച്ചിട്ട് തീകത്തിക്കുമ്പോള്‍
സ്വയം എരിയുന്നത്‌,
ഭംഗിയോടെ ആകാശത്തേക്ക്
ചാരധൂളികള്‍ പോലെ പാറുന്നത് ,
വെയിലും ജ്വാലകളും ആകാശത്ത് കൂട്ടിമുട്ടുന്നത്,
അതായിരുന്നു കൊഴിഞ്ഞ ഇലകളും
വെയിലും അവളും തമ്മില്‍
ഇത്രയും നാള്‍ മധുരമായി
ചെയ്തിരുന്നത് ..


(തര്‍ജ്ജനിയില്‍ കൊടുത്തത്  )