My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, June 29, 2008

പുനര്‍ജന്മം

പ്രണയമേ നിനക്കു ശരീരമുരിഞ്ഞിട്ട്

നഗ്നരായ് ആത്മാക്കളായ് നോക്കും,

സ്പര്‍ശവും, ഗന്ധവുമില്ലാതെ

അറിവായ് അലിഞ്ഞാല്‍ പോരത്തതെന്ത്?

Thursday, June 19, 2008

കളഞ്ഞുകിട്ടിയത്

മരച്ചുവട്ടില്‍ ഇളം നിറത്തിലുള്ള

ദിവാസ്വപ്നങ്ങളില്‍ ഞാനുറക്കമായിരുന്നു.

നെഞ്ചില്‍ മുങ്ങിത്താഴുന്ന സ്നേഹവാക്കിന്റെ

ചിരി കേട്ടാണ് ഞാനുണര്‍ന്നത്.


മേഖങ്ങള്‍ക്കുമുയരെ പറക്കുന്ന അവന്റെ

ചുണ്ടില്‍നിന്നും കളഞ്ഞു പോയതാണതെന്നു

ഞാനൊ.,

എന്റെ നെഞ്ചിലാണതു വീണെതെന്നവനൊ

അറിഞ്ഞിരുന്നില്ല.


മുറിഞ്ഞാക്ഷരങ്ങളെ അവന്‍ തിരികെ

കൊത്തിവലിക്കെ

കൂടെ രുചിച്ചതെന്‍ ഹൃദയമെന്നൊ

ദാഹം തീര്‍ത്തതെന്‍ രക്തത്തിലെന്നൊ

അവന്‍ അറിഞ്ഞിരുന്നില്ല.



മേഘങ്ങള്‍ക്കുമുയരെ പറക്കുന്ന പക്ഷീ.,

ഇനി വരും വേനലൊക്കെ ഒഴിഞ്ഞൊരെന്‍

നെഞ്ചില്‍ പെയ്തിറങ്ങട്ടെ!

കാത്തിരിക്കുമെന്റെ മനസ്സില്‍

മഞ്ഞു പെയ്തു മരവിക്കട്ടെ!



പക്ഷെ മനസ്സു തലയിലും

സ്നേഹം ഹൃദയത്തിലുമല്ലല്ലൊ..

ഇല്ലെങ്കില്‍ അറുത്ത ധമനികളുടേ

ശൂന്യതയില്‍ ഒരു

സ്നേഹമിരുന്നിങ്ങനെ വിങ്ങുമൊ?

തല്ല്

ഇതു കവിതയല്ല
എന്നെ തല്ലികൊഴിച്ചിട്ട വാക്കുകളാണ്.
അവയ്ക്കു തീ കൊളുത്തും മുന്‍പ്,
നീ മടങ്ങിവരും മുന്‍പ്,
വടിമേല്‍ തല വയ്ച്ചു,
വാക്കുകളെ പുണര്‍ന്നു ഞാനുറങ്ങി,
ആ സ്വപ്നത്തിലെല്ലാവരെയും കടലെടുത്തു പോയി.

Wednesday, June 11, 2008

ഓര്‍മ്മ പക്ഷികള്‍

ആയിരം കൈകള്‍ ചേര്‍ത്തു
നില്‍ക്കയാണു നാം,
നൂറ്റാണ്ടുകള്‍ മുഖമുഖം തൊട്ടു.

മൌനക്കടലാണു മുന്നില്‍
വാക്കുകള്‍ മണല്‍ത്തരികളായ്
കാലടികളില്‍ ഉറയവെ.

ഞാന്‍ നടക്കയാണു
മുന്നോട്ടും പിന്നോട്ടും
മുറിവേറ്റൊരി സ്നേഹപ്പീലികള്‍
പെറുക്കി,
താളുകളിലടുക്കിയും,
പരിചരിച്ചും,
വാനം കാണാതൊളിപ്പിച്ചും.

എന്നിട്ടും
ഇതാ...
പുസ്തകത്തില്‍ നിന്നും
പുറത്തുവന്നുറ്ക്കെ കരയുന്നു,
മൈലാട്ടം കളിക്കുന്നു
തൂവല്‍ തിരയുന്നു
എന്നോര്‍മ്മപക്ഷികള്‍.

ഞാന്‍ പോകയാണു
ഭൂമിക്കുള്ളിലെ
ഇരുള്‍ നിറങ്ങളില്‍
പരതി
ദ്രവിച്ചു പോകുന്നൊര
വര്‍ണ്ണ ബിന്ദുക്കളില്‍
ചരിത്രാതീതമാം ജന്മസ്മരണകള്‍
തേടി..

ഞാനും ശയിക്കയാണു..
ഒരു ഫോസ്സിലായ്
കാലം പുറത്തു താങ്ങി
ശയിക്കയാണ്.

Wednesday, June 4, 2008

മായുന്ന വരികള്‍


നിന്ന നില്പില്‍ കരച്ചില്‍ വരുന്നു

ചുറ്റും നോക്കി.

കരയിപ്പിക്കുന്ന ഒന്നിനേയും കണ്ടില്ല.

പിന്നെ പിറകോട്ടു വായിച്ചുനോക്കി.,

തൊട്ടുമുന്‍പു നടന്ന കാര്യങ്ങളെ ,

കണ്ട കാഴ്ച്ചകളെ,

പറഞ്ഞുപോയ വാക്കുകളെ,

ഓരോന്നും പൊളിച്ചു നോക്കി.

ഏതു വരിയാണു മതിമറന്നിരിക്കുമ്പോള്‍

കവിതയുടെ ലഹരികള്‍ക്കുള്ളില്‍

ദു:ഖമെഴുതി വച്ചിട്ടു പോയത്?

കിട്ടി അവസാനം

ഒറ്റവരിമാത്രം മതിയല്ലൊ..

‘ഒരിക്കല്‍

നെഞ്ചില്‍ നിന്നുമീ തൂലിക മാറ്റിടും,

അപ്പോള്‍

എഴുതപെട്ട എല്ലാ വാക്കുകളും താനേ മാഞ്ഞിടും’.

..........................



Tuesday, June 3, 2008

സദാചാര ചൂല്.

എതോ ഒരു ചൂലു എപ്പൊഴും വന്ന്

എന്റെ മനസ്സിന്റെ പുരപ്പുരം വൃത്തിയാക്കുന്നു.

അപ്പപ്പോള്‍ വീഴും ഓരൊ കെട്ട വാക്കും,

പൂക്കളേപ്പോലെ പാറി വന്നു

വീണിടുമ്പോള്‍ പുഴുക്കളാകുനവയെയും

എല്ല ഓവുകളുമടയ്ക്കാന്‍ വന്നെത്തുന്ന

വലിയ തേക്കിന്‍ ഇലകളേയും

അപ്പപ്പോള്‍ തൂത്തു മാറ്റുന്നു.

വെള്ളം കെട്ടിനില്‍ക്കതെ, പായല്‍ പിടക്കാതെ

വെയില്‍ ചൂടു കൊണ്ടു മനം

സുന്ദരമായ് പൊള്ളി കിടക്കുന്നു.

എങ്കിലും ഒരു ചൂലു തന്നെ വേണമല്ലൊ

എന്നും എന്റെ മനപ്പുറം തൂക്കാന്‍.

Sunday, June 1, 2008

ഒരു കഷ്ണം മരവിപ്പ്

ആദ്യം
നിറയെ ശലഭങ്ങളായിരുന്നു.
ചുവപ്പും മഞ്ഞയും, കറുപ്പും കലര്‍ന്നവ.
വഴിയിലൊക്കെ
മുന്‍പിലും പിറകിലുമായ്
അവ വല്ലാതെ ചിറകടിച്ചു പാറി,
അതിലൊന്നു മേശമേല്‍ വന്നൂ
കറങ്ങി വീഴും വരെ.
പിന്നെ പല്ലികളാ‍യ്
അവ ഓരൊ ചെയ്തികളുമായി
എപ്പോഴും വന്നു.
നടക്കവെ കുറുകെ ചാടി,
മച്ചിന്‍ പുറത്തുനിന്നു
താഴേയ്ക്കു വീണു.,
പാത്രം കഴുകുമ്പോള്‍
മതിലോരം ചേര്‍ന്നു
ഒന്നിനോടൊന്നു പിടഞ്ഞു
മറിഞ്ഞു.
അവസാനം ഫ്രിട്ജ്ജ് തുറക്കെ ഉള്ളില്‍
മരവിച്ചൊന്നു ചേര്‍ന്ന
ഒരുകഷ്ണം പ്രണയമാകും വരെ.