My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, February 28, 2009

ഞാനൊരു കഥ പറഞ്ഞു തരാം

“നീ എന്റെ ഹൃദയത്തില്‍ മാന്തി“
അവന്‍ തളര്‍ന്ന ശബ്ദത്തില്‍ ഉറക്കെ പറഞ്ഞു
ഞാന്‍ ഞെട്ടി..!
(മാന്തരുതായിരുന്നോ?
തീര്‍ച്ച്ചയായിട്ടും മാന്തണമായിരുന്നു.)

അവനറിയുന്നില്ലല്ലോ രണ്ടായി വെട്ടി മുറിച്ച്
തുന്നികെട്ടിയ ഹൃദയവുമായി
ജീവപ്രര്യന്ത ചികില്‍ത്സയില്‍
ആശുപത്രിയിലാണു ഞാനെന്ന്.

അപ്പോഴാണു
നിറയേ ചുവന്ന പനിനീര്‍പ്പൂക്കള്‍
കൊണ്ടു പൊതിഞ്ഞ് അവന്റെ ഹൃദയം
എന്റെ മുന്‍പില്‍ വന്നത്.
ആദ്യമേ പറഞ്ഞതാണു
മടങ്ങി പോകാന്‍..,കേട്ടില്ലാ..
മുണ്ടു മടക്കി കുത്തി
എത്തി നോക്കിയും അല്ലാതെയും
അവിടവിടേതന്നെ കറങ്ങി നടന്നു

. ടപ്പ് ടാപ്പ് ടപ്പ്..,
അതിന്റെ ഹൃദയമിടുപ്പു
കൂടിക്കൂടി വന്നുകൊണ്ടിരുന്നു.
ഞാന്‍ കാണുന്നുണ്ടായിരുന്നു..
തീര്‍ച്ചയായും അതു പൊട്ടി ചിതറി പോകും
ഞാന്‍ ഭയന്നു
എന്തെങ്കിലും ചെയ്തേ പറ്റു..
എന്റെ നഖങ്ങള്‍ നീട്ടി
ഒറ്റ മാന്ത്..

എല്ലാ പ്രണയങ്ങളും പുറത്തു ചാടി
ആകാശത്തേക്ക് പറന്നു പോയി..
ഹാവു..,
അവന്‍ രക്ഷപെട്ടു...

അപ്പോഴാണു അവന്‍ എന്നെ
ദുഷ്ട്ടേ ..എന്നു വിളിച്ചതു
ഞാന്‍ ‘നെറ്റ് പൂവാലാ“
എന്നു വിളിച്ചു
അപ്പൊ അവന്‍ എന്നെ കൂ‍ട്ടൂല്ലാന്നു പറഞ്ഞൂ
അപ്പോ ഞാന്‍ അവനീം കൂട്ടില്ലാന്നു പറഞ്ഞു
അപ്പോ അവന്‍ എന്നെ എടീന്നു വിളിച്ചു
ഞാന്‍ അവന്റെ അമ്മൂമ്മേം പ്രണയത്തിനേം
ഒക്കെ ചീത്ത പറഞ്ഞു
അല്ലാതെ ഞാനൊന്നും ചെയ്തില്ല..
അതിന്നാ ആ കള്ളന്‍ എന്നെ ദുഷ്ടേ ...
എന്നു വിളിച്ചതു എന്നിട്ടവ്വന്‍ പറയുന്നു
എനിക്കു വട്ടാണെന്നു
നേരാണോടാ.....
എനിക്കു വട്ടാണോ?
അല്ലാതെ ഞാനൊന്നുംചെയ്തില്ലാ..........

Tuesday, February 24, 2009

സത്യപ്രസ്താവന.

എനിക്ക് ദൈവത്തെ അറിയില്ല.,

എന്നെ അറിയില്ല.,

പിന്നെയാണോ നിന്നെ.?

പ്രാര്‍ത്ഥിക്കുമ്പോള്‍ അറിയില്ലാ

എന്നത്

എന്നിലേക്ക് ഇറ്ക്കിവയ്ക്കുന്നു ഞാന്‍

എന്നിലൂടെ അങ്ങോളമിങ്ങോളം

ഒരു സത്യമായ്.

ആചാര്യന്‍ പറഞ്ഞു:

‘ദൈവമെന്താവാം ചിന്തിക്കുന്നത്

എന്താവാം അവന് വേണ്ടത്‘ ?

അറിയില്ലയെന്നാലും

ആ അറിവില്ലായ്മയെ സ്വീകരിക്കുമ്പോള്‍

ധ്യാനം വെളിച്ചമാകുന്നു.

ഒരു വെളിച്ചം മാത്രം..

വെളിച്ചത്തിനെന്താ

ജോലി ?

വെളിച്ചമായ് ഞാനിങ്ങനെ..

വെളിച്ചം വെളിച്ചമായി മാത്രം..

അങ്ങിനെ...

ചുവരില്‍ തൂക്കിയ ചിത്രമായ്

മുറ്റത്തിറക്കിവയ്ച്ച വെയിലായ്..

എന്നില്‍ പരന്ന ഞാനായ്..

Sunday, February 22, 2009

രാവണന്‍

എത്ര സമര്‍ത്ഥമായണവന്‍ ലാണ്ട് ചെയ്തത്?
ഹൃദയത്തിന്‍ മദ്ധ്യത്ത്
ലക്ഷ്മണരേഖയ്ക്കരുകില്‍
മിടുക്കന്‍ മിടുമിടുക്കന്‍ സുന്ദരന്‍
വന്നതൊ?
പുഷ്പ്പകവിമാനത്തില്‍ ..
രാവണനല്ലാതവന്‍ മറ്റാര്?

ഒരു മദ്ധ്യാഹ്നം ചിലപ്പോള്‍ ഒരു സുഖമാണ്

ആകാശത്തെ
വീടിന്റെ പല കോണുകളില്‍ നിന്നും
ഒളിച്ചുനോക്കുക രസകരമാണ്,
ബാല്യത്തിന്റെ ചാഞ്ഞ കൂരകള്‍ക്കിടയിലെ
ഇരുട്ടില്‍ നിന്നും വെളുത്ത മേഘങ്ങള്‍,
വിടവുകള്‍ക്കിടയിലെ ആകാശത്തുണ്ടില്‍,
വീണു കിടക്കുന്ന മരചില്ലകള്‍,
ഇലകളുടെ ആലസ്യത്തില്‍ ശയിക്കുന്ന
വെയിലിന്റെ അയഞ്ഞ പുഞ്ചിരി
നിശബ്ദതയിലൂടെ ചിലപ്പോള്‍ മാത്രം
വാപിളര്‍ക്കുന്ന ഒറ്റ കാക്ക..
ഇരുട്ട് മറന്നു കിടക്കുന്ന
പഴയ കട്ടിലിന്റെ മൂലയില്‍ നിന്ന്
മനസ്സു മെല്ലെ പറയുന്നു..
.....
‘ഒരു മദ്ധ്യാഹ്നം ചിലപ്പോള്‍ ഒരു സുഖമാണ്.‘

Tuesday, February 17, 2009

മണ്ണിന്റെ സ്വകാര്യങ്ങള്‍

അങ്ങിനെയാണു ഞാന്‍
ചങ്കുപൊട്ടി മരിക്കാന്‍ തീരുമാനിച്ചത്
ദിവസവും കുറിച്ചിരുന്നു.
അന്നു സുഹൃത്തുമായി നടന്നു പോകെ....
.......................

കാതങ്ങല്‍ക്കു താഴെ...
മണ്ണിനടിയില്‍ വച്ചാണു ഓര്‍മ്മവന്നത്..
താഴേയ്ക്കു..താഴേയ്ക്കു...
വീണുകൊണ്ടിരിക്കെ
പൊടികള്‍, തവിട്ടു നിറത്തിലെ കല്ലുകള്‍,
ഇരുട്ടിന്‍ കക്ഷ്ണങ്ങള്‍..,
ദൈവമെ ഇതെന്തു യാത്ര..
വേദനകളില്ല.., ശരീരം കൂടെ ഉണ്ടോ അറിയില്ല,
ഒരവയവവും പരസ്പരം കാണാനാവതെ
മണ്ണിനാല്‍ മൂടപ്പെട്ട്...

ഭൂകമ്പമൊ.. യുദ്ധമൊ...?
മണ്ണില്‍ ഉറഞ്ഞുപോയൊരെന്റെ
വിരല്‍ തുമ്പില്‍ അവന്‍.
ഞാന്‍ തലകീഴായി ..
അവന്‍ കുറച്ചു തെക്കോട്ടു മാറി
കൈകള്‍ വിരിച്ചു..
ഹാ..! ദൈവമെ ഈ കാലൊന്നു നീട്ടി
വച്ചിട്ടു മരിച്ചാ‍ല്‍ മതിയായിരുന്നു.

ഞങ്ങള്‍
ഭൂമിയാല്‍ വിഴുങ്ങപെട്ട
രണ്ടു ജീവനുകള്‍
മരിച്ചോ എന്നു തിരിച്ചറിയാതെ
മിണ്‍ടാനാവതെ അനങ്ങാനാവാതെ
എകാന്തതയില്‍ പങ്കിടാന്‍
കരുതിതയതൊക്കെയും
മനസ്സില്‍ വച്ചു
വിരലഗ്രം മാത്രം തൊട്ടു
ജീവനോടെ അടക്കപെട്ടവര്‍.

ഇപ്പോള്‍ എനിക്കു ചോദിക്കാന്‍
പ്രണയം തോന്നുന്നില്ല.
എന്നാലും
കഴിഞ്ഞ ദിവസം വഴിയിലനാഥമായി
കണ്‍ട രണ്ടുവയസ്സുകാരിയെ
ഓറ്മ്മയില്ലെ?
വൃത്തിയാക്കി
ഇത്തിരി ആഹാരം കൊടുക്കാന്‍
നേരം നീ വിലക്കിയില്ലേ..
മണ്ണില്‍ തന്നെയിരുന്നു, മണ്ണില്‍ തന്നെയിരിക്കുമെന്നോട്
സാരോപദേശിച്ചതെന്തായി?
നിനക്കെന്തായിരുന്നു ചേതം?

മുറ്റത്തു പൂത്ത മുല്ലയെ
ഓടിച്ചെന്നൊന്നു ചുംബിച്ചേല്‍
എനിക്കെന്തായിരുന്നു ചേതം?

സ്വപ്നം കൊണ്ടു പൂക്കള്‍ തുന്നിയ
മോഹങ്ങളെ പൊട്ടിച്ചെറിഞ്ഞില്ലേല്‍
എനിക്കെന്തായിരുന്നു ചേതം?

ഇപ്പോള്‍
മുകളില്‍ നഗരം
മഞ്ഞളിച്ചു കത്തുന്നു.
വാഹനങ്ങളും മനുഷ്യരും
ധൃതിയില്‍ പോയ്‌വരുന്നു.

ചിന്തകളിലെ മറവി മാത്രം
നാം..
മറക്കപ്പെട്ടവര്‍ നാം..

ഒരുപാടു താഴെ ചരിത്രം പൊടിയായ്
തിരിഞ്ഞു പോകുംവക്കില്‍
ദ്രവിക്കപ്പെടുമിടത്തു കാത്തിരിക്കുന്നു..

നീ കേള്‍ക്കുന്നുണ്ടോ?
കണ്ണടഞ്ഞിരുന്നു
പക്ഷേ കാണുന്നുണ്ടായിരുന്നു
പലകാലങ്ങളില്‍ മണ്ണിലലിഞ്ഞവരൊക്കെ
അവിടവിടെ തപം ചെയ്യുന്നു.

ഞാനെപ്പോഴൊ മരിച്ചുപോയിരുന്നിരിക്കാം.
നീ കേള്‍ക്കുന്നുണ്ടോ..?
പലവേരുകളെന്നിലേക്കു
തുളഞ്ഞിറങ്ങി തുടങ്ങി.
മുകളീലേതോ തെരുവോരത്തു
വൃക്ഷങ്ങളില്‍ ഞാന്‍ പൂവിടുന്നുണ്ടാവം
നീ കേള്‍ക്കുന്നുണ്ടോ?..
കൂട്ടുകാരാ‍...

ഇല്ല., കേള്‍ക്കുന്നുണ്ടായിരുന്നില്ല..
അവനേതൊ കായായി..
ഏതോ പക്ഷി കൊത്തി പറന്നിരുന്നു..

.........................................

Wednesday, February 11, 2009

സ്ഥിതി

നിശബ്ദതയുടെ ഉച്ചത്തിലുള്ള നിലവിളി

സഹിക്കാമായിരുന്നില്ല.

അതിനാലാണു ശബ്ധങ്ങള്‍ക്കിടയിലുള്ള

വിടവുകളില്‍ ഞാനൊളിച്ചത്.

Sunday, February 1, 2009

പിന്‍‍വിളി

മുടിതുമ്പിലൊക്കെ പൂക്കള്‍ മണക്കുന്നു ...“ തല്ലിക്കൊഴിക്കാ..“
പാദത്തിലൊക്കെ താളം പിടയ്ക്കുന്നു... “വെടിവ്യ്ച്ചു കൊല്ലുക..“
കണ്ണുകളിലാകെ നിറങ്ങള്‍ നിറയുന്നു..“മണ്ണിട്ടടയ്ക്കാ..“
ചുണ്ടാത്തൊരു മുദ്ര മൃതിയാതെ നില്‍പ്പൂ..“.ചുട്ടെരിച്ചീടുക.“
വിരല്‍തുമ്പിലായിരം ചിത്രം പിറക്കുന്നു.. “ആറ്റിലേക്കെറിയുക“
പറയുവാനുണ്ടിത്തിരി എന്‍ വാക്കു കേള്‍ക്കുക..“നേരമില്ലൊട്ടും
ജീവിക്ക വേണ്ടേ വിശപ്പാല്‍ ദഹിക്കുന്നു.. പോരുക വേഗം..“