My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, November 23, 2010

പ്രപഞ്ചസ്നേഹം vs പ്രണയം
എപ്പോഴുമവള്‍ സന്തോഷത്തിലായിരുന്നു
അവനു സംശയമായി
അവളെ വീട്ടു തടങ്കലിലാക്കി.

അവിടെ അവള്‍ ചെടിളോടും
പൂഴിയോടും പൂക്കളോടും ചിരിച്ചു.
അതോടെ അവള്‍ മുറിയില്‍ അടയ്ക്കപ്പെട്ടു
അവിടെ
പല്ലികളും ചുവരടയാളങ്ങളും അഴികളും
അവളോടു സല്ലപിച്ചു

കണ്ണുകെട്ടി കട്ടിലില്‍കെട്ടിയിട്ടപ്പോളവള്‍
പുഞ്ചിരിച്ചതു ശ്വാസത്തോടായി
കാണാ‍തെ കേള്‍ക്കാതെ
പ്രണയമായിരുന്നോരോന്നിനോടും

തണുത്ത കാറ്റ് ശ്വാസകോശത്തില്‍
ചുംബിച്ചിരുന്നതും
വീണു പൊട്ടിച്ചിരിച്ചതും
പിന്നെ രാവു വന്നു മുടിയിഴകളില്‍
നിറയുന്നതും അറിഞ്ഞു ശാന്തമായ് ശയിച്ചു

അതിനാല്‍ പ്രണയരോധത്തിനായ്
അവന്‍ അവളെ ശ്വാസം മുട്ടിച്ചു കൊന്നു
പക്ഷേ അപ്പോഴുമാചുണ്ടുകള്‍
ആകാശത്തോടു പുഞ്ചിരിച്ചു കൊണ്ടിരുന്നു.

Sunday, November 21, 2010

അഴിവ്.ഞാ‍നെന്നെ കടല്‍ക്കരയില്‍  കൊണ്ടു വച്ചു,
കടല്‍കാക്കകളൊട് കല്പിച്ചു
വേരോടിപ്പോയ പ്രണയം
ഓരോന്നായി കൊത്തിയെടുക്കുവാന്‍

അവ ഊരി മാറുന്ന നോവില്‍
കളഞ്ഞുകിട്ടിയൊരുപാട്ടില്‍
തിരകളെ തൊട്ടു തൊട്ടു കണ്ണടച്ചു കിടന്നു.
ഒരു നൂല്പന്തെന്നപോല്‍  അഴിഞ്ഞു
അഴിഞ്ഞു ശൂന്യമാകുന്നതറിഞ്ഞു..

തിരകളില്‍ പെട്ട്
അടിഞ്ഞുവന്നൊരൊഴിഞ്ഞ ശംഖില്‍
ഒഴുകിയിറങ്ങാന്‍ അതിനാലെനിക്കായി.
മണല്‍ തെറിപ്പിച്ചു ഓടി നടന്നഞണ്ടിന്റെ
ചുവന്ന് കണ്ണുകളില്‍ നോക്കി ചിരിക്കാന്‍
കുമിള്‍ പൊട്ടും തിരമണ്ണില്‍ചുണ്ടമര്‍ത്താന്‍
കടലെമ്പാടും അലിയാന്‍
ഒരു കുടത്തില്‍ ഭസ്മമായി
വരും ഞാനുമൊരിക്കല്‍ എന്നു
ജലത്തോടടക്കം പറഞ്ഞു മുങ്ങിക്കളിച്ചു
സ്നേഹം പുണര്‍ന്നു പൊട്ടിച്ചിരിക്കാന്‍
അതിനാലെനിക്കായി.

Friday, November 19, 2010

ഒച്ചുകള്‍ നടക്കുന്നു വേഗം

 ഇതു ആര്‍ക്കുവേണ്ടി എന്നറിയില്ല . ഏതു പരകായപ്രവേശമെന്നും.
ആദ്യം വല്ല്ലാത്തൊരു പച്ച നിറമായിരുന്നു. 
പിന്നെ അതുമറി മാറി മാറി ചുവപ്പു കൂടിയ ബ്രൌണ്‍ ആയി.
അതില്‍ രണ്ടു ജീവികള്‍. ചുറ്റും കമഴ്ത്തിയിട്ട ശബ്ദങ്ങള്‍. 
എത്രയുണ്ടെന്നറിയാത്ത കോശ വിളികള്‍. 
‘അവള്‍ എന്നെ സ്നേഹിക്കുന്നുണ്ടെടേ .. ഞാന്‍ അവളേയും..‘ എന്നോടാണ്...

ഒറ്റശബ്ദം.  അത് പുറകോട്ട് നീങ്ങി നീങ്ങി പോയി.
ചക്രങ്ങള്‍ വച്ച ഒരു പെട്ടിപ്പുറത്ത്  ഒറ്റയ്ക്ക് 
അവന്‍ വലിയ വേഗതയില്‍ പിറകോട്ട് നീങ്ങി നീങ്ങി..


എന്നെ ഞാന്‍ കണ്ടത് ;
ഒരു പായല്‍ നിറഞ്ഞ ചതുപ്പു നിലത്തിന്റെ 
നടുവില്‍ ഒറ്റപ്പെട്ട മരക്കുറ്റിയുടെ മുകളില്‍ തല കുനിച്ചിരിക്കുന്നതായാണ്. 
വിജനത.  കറുത്ത ആകാശം .
മല്‍ത്സ്യകുഞ്ഞുങ്ങളുടെ പുളച്ചിലില്‍ ചെറിയ വട്ടത്തിലെ ഓളങ്ങള്‍. 
നനവിന്റേയോ പഴമയുടേയോ ഗന്ധം. 
അടിവയറ്റില്‍ നിന്നു ആല്‍മരം പോലെ പന്തലിച്ച
സ്നേഹം മരണം കവിഞ്ഞു തലയ്ക്കു ചുറ്റും.
അവിടെ ആരും വന്നില്ല പിന്നെ.

അകലെ മനസ്സുകള്‍ കൂട്ടിയിട്ട വന്‍ മലകള്‍.
ആരുടെ?. 
അവരെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നു. 
അവിടെ ഇരുന്നു എല്ലാ സൂര്യാസ്തമയങ്ങളും കണ്ടു., കണ്ടു.., 
ഞാനൊരു ചെറിയ ഒച്ചായി മാറി കൊണ്ടിരുന്നു. 
മരക്കുറ്റിയില്‍ നിന്നും നനവാര്‍ന്ന ചതുപ്പിലേയ്ക്ക്  ഇഴയുകയാണ്. 
ദൂരെ ഹിമാലയമുണ്ട്.  താഴെ അഗാധതയും, മുകളില്‍ നീലിമയും.
ഒച്ചുകള്‍ നടക്കുന്നു . അവ്യ്ക്കൊപ്പം ഞാനും.

                               

Monday, November 1, 2010

ആത്മാവിന്റെ വിധി.

1.ആത്മാവിന്റെ വിധി


എന്നെ കൊന്നതു നീയെന്നു
സംശയാതീതമായ് തെളിഞ്ഞതിനാല്‍.
നിനക്കു  ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു.
തെളിവ്  : എന്റെ ആത്മാവിലെ ആഴത്തിലെ മുറിവും നിന്റെ
നിറകണ്ണിന്റെ  മൂര്‍ച്ചയുടെ ആഴവും.


2. കലര്‍പ്പ്


 വിലപിക്കും ഒറ്റനിറത്തിനു ചുറ്റും
തളം കെട്ടിയ  പച്ച നിറം;
ഒറ്റകറുപ്പില്‍ കലര്‍ന്ന
പച്ചയും ചോപ്പും നീലയും
മഞ്ഞയും
തിരിച്ചെടുക്കാനാവാതെ
നിറതടാകത്തിന്‍
കരയ്ക്കു കാത്തിരുന്നു.


3.നിന്റെ നിറം
 ഒരു നിറം ഭ്രാന്തമാകുന്നു
മരവേരുകളില്‍ കുരുങ്ങിയ മൌനം തിളയ്ക്കുന്നു
പൂഴിയിലേയ്ക് ആഴ്ന്ന മരണത്തില്‍ സര്‍പ്പങ്ങള്‍
വിഷമേറ്റുണങ്ങുന്നു തായ് തടി
ഇലകൊഴിഞ്ഞൊഴിഞ്ഞ വേര്‍പ്പാടുകള്‍.