My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, March 18, 2009

ചിത്രവിശേഷം

ഇനിയും വൃത്തിയാകാത്ത
ഒരു പായല്‍ ഗോളം,
ജ്വലിച്ചു തീരാത്ത മറ്റൊന്നു
തണുത്തു തണുത്തെന്നു
അകലത്തൊരുവള്‍,
കണ്ണുകണുന്നില്ലെന്നു
ഇരുട്ടില്‍
ചിമ്മി തപ്പി അനേകങ്ങള്‍.,

എല്ലാം കണ്ടും കേട്ടും ക്ഷയിച്ചും പുഷ്ടിച്ചും
വിളറി വെളുത്ത പ്രിയമുള്ള മറ്റൊരുവള്‍
ഇരുണ്ട നിര്‍വികാരതയില്‍
എല്ലാറ്റിനെയും പൊതിഞ്ഞിട്ടുണ്ടെന്നു
കറുകറുത്തൊരു കടലാസ്സ്..

ഇനി ഈ ചിത്രം ഒന്നു തൂക്കിയിടണം
അതിനു സ്ഥലം നോക്കുമ്പോഴാണു
പായല്‍ ഗോളത്തിന്റെ
ഇറമ്പത്തു നിന്നും
പല കൃമി വിളികള്‍
കൊല്ലും .! വെട്ടും.!
യുദ്ധം,,! ബോബ്...!
ബ്രഷിന്റെ തുമ്പ് കൊണ്ട്
ഇത്തിരി ചോപ്പും കറുപ്പും
ഒന്നു കുത്തുമ്പോ തീര്‍ന്നു ....

ആകാശത്തിനുമേല്‍
രാപ്പകലുകളെ തൂക്കുന്ന ജോലി..

Thursday, March 12, 2009

രാത്രിയില്‍ വാകമരങ്ങള്‍ പറയുന്നു

വാകപ്പൂക്കള്‍:
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്നും
നിന്നും ഹോസ്റ്റലിലേക്ക്
താഴ്ന്ന വാക മരങ്ങളേ..,
പിഴുതെറിഞ്ഞ
എന്റെ നഖങ്ങളില്‍നിന്നും
വീണുപോയ ചോപ്പുകള്‍
നിന്റെ വീര്‍ത്തപൂക്കളായ്
ചവിട്ടിയരക്കപ്പെടുന്നെന്നും..

രാത്രി;
മാറ്റിവയ്ക്കപെട്ട പ്രണയം
എന്ന കരിമഷിയായ്
കണ്ണുകള്‍ക്ക്
മീതെ ഇരുണ്ട് ഇരുണ്ട്
കിടപ്പുണ്ടെന്നും.,

ചുണ്ടുകള്‍:
ചായമറിയാതെ
കളവറിയാതെ
വഴിയോരം ചേര്‍ന്ന്
എന്നോടുപോലും
പറയാന്‍ മറന്ന്
നടന്നുപോയെന്നും,

ഹൃദയം:
ചുവന്നു തുടുത്ത
മിടുപ്പുകളെല്ലാം
കഴുകി വെളുപ്പിച്ച്
ആകാശത്തിലേക്ക്
എറിഞ്ഞുടച്ചതാണെന്നും..

ഞാനോ:
യാത്ര തീര്‍ന്ന ഒറ്റയടിപ്പാതയായ്
ദൂരെ ദൂരം ക്ഷീണിച്ച്
പഴയ ആകാശത്തെ
കാണാതെ മരിച്ചെന്നും...

Monday, March 9, 2009

മുഗ്ദ്ധമെന്നാലും..

രാവിലെ...
ആദ്യത്തെ മാമ്പൂവായിരുന്നു
നിര്‍മേഷയായ് ...
വീട്ടുമുറ്റത്ത്
ജനാലയ്ക്ക് വെളിയില്‍
ആദ്യകാഴ്ച്ചയായ്..

ഓ..
സ്നേഹം പൂങ്കുലകളായി എന്നിലും
കുരുന്നു മാമ്പൂക്കളെ
തൊട്ടടുത്തുചെന്നു നോക്കി നോക്കി ഞാനും
മാവോ ..
പൂര്‍ണ്ണഗര്‍ഭ്ഭിണിയായ്
നിറഞ്ഞൂം പുഞ്ചിരിച്ചും
സായുജ്യമടഞ്ഞും എന്നപോലെന്നെനോക്കി
പിന്നെ ആ മരത്തടിയില്‍
ഒരു തലോടലായ് ഞാനും.

സ്നേഹസ്പര്‍ശ്മറിഞ്ഞു
ഇലത്തണ്ടുകളില്‍ ഒളിഞ്ഞിരുന്ന കാറ്റ്
ചെറുതായ് ചില്ലകളില്‍ ചിരികളായ്
ഞങ്ങളോടൊത്തു ചേര്‍ന്നു...

രാത്രി..
ആദ്യ വേനല്‍ മഴയിതാ പെയ്യുന്നു
പൂക്കള്‍ക്കുമീതെ
വെള്ളിടിയും ഉലയ്ക്കും കാറ്റും..
കലങ്ങീല്ല കണ്ണുകള്‍, ഉണ്ണികളിനിയും
വിരിയുമെന്നപൊല്‍
അനങ്ങാതെയെന്നെ നോക്കി
ഒന്നും പറയാതെനില്‍ക്കുന്നെന്‍
മുറ്റത്ത് ഒറ്റ്യ്ക്കിരുട്ടില്‍
ചാഞ്ഞുപോം പൂവുകള്‍ താങ്ങി
കൊച്ചു മാവ്..

പിന്നെപ്പോഴോ
ഞാനുറക്കമായ്
മരപെയ്യുമൊച്ചയില്‍,
അപ്പൊഴും
കണ്ണടയ്ക്കാതെ നോവൊന്നു
ജനാല തുറന്നിരുന്നിരുന്നു.