My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, March 20, 2010

ഇരട്ടവാലന്‍


ഭംഗിയുള്ള പുറം ചട്ട ഭക്ഷിച്ചു.
അകത്തേയ്ക്ക്
പതിയെ പതിയെ.,
രുചിയോടെ അക്ഷരത്താളുകള്‍..

മറുപുറമെത്തി,
വീണ്ടും അകംച്ചട്ട, പുറംചട്ട
എന്തു നേടി ?
വെറുതേ ജീവിതം
കാഷ്ടിച്ചു തീര്‍ത്തു.

Friday, March 19, 2010

നീരോട്ടം

ആകാശം വലിച്ചെറിഞ്ഞു
മഴയായ്
ഭൂമിയും പുഴയെന്നു
ദൂരേയ്ക്ക് ആട്ടിയോടിച്ചു
പിന്നെ കടലും പുകച്ചു
ആകാശത്തേയ്ക്ക്
വെറുത്തു വിയര്‍ക്കേ..

മൃഗങ്ങള്‍ മരങ്ങള്‍
പക്ഷികള്‍ ശലഭങ്ങള്‍
പുഴുക്കളും വിസര്‍ജ്ജിക്കെ
പിന്നെ വീണ്ടും ആകാശമെത്തി
ഭൂമി കുളീച്ചു ഉറവകള്‍
പുറംതള്ളി..

എന്നിട്ടും നീരോടുന്നു ജീവനെന്നു
ആര്‍ത്തിയില്‍
ഊറ്റിക്കുടിച്ചുകൊണ്ടോരോ നിമിഷവും
ഉപേക്ഷിക്കപ്പെട്ടുകൊണ്ടതേ നിമിഷത്തിലും..

Tuesday, March 16, 2010

സൌഹൃദം

നീയെനിക്ക് ആരെന്നാല്‍
മറ്റൊരു ഞാന്‍ തന്നെ
അതാവാം നിന്നോട്
പ്രണയമാവാത്തത്..

എന്റടുത്തിരുന്നു മണ്ണപ്പം
ചുടും പോലെ
മണ്ണിരകളെ തൊടും പോലെ
കുന്നിക്കുരുമണി പെറുക്കും പോലെ

മുക്കൂറ്റി ചെടിയുടെ പൂന്തോപ്പിലിരുത്തീട്ട്
കാലു മടക്കി ഒന്നു തന്നിട്ട്
ചിരിച്ചപോല്‍
ഇതിങ്ങിങ്ങിനെ...

Saturday, March 13, 2010

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു ഓടക്കുഴലല്ലേ ഞാനും..!

പലവാതിലുകളിലൂടെ  പ്രപഞ്ച മൊഴുകുമീ  
നിഗൂഡ വഴിയിലെവിടെയോ വച്ചു ഞാന്‍ 
ഞാനായിടുന്നു !

 ഈ മഹത് പാതയെ പൊതിഞ്ഞു
നിന്നെപ്പോഴോ വളരുന്നു
ശരീരമെന്നു വിലസുന്നു ..!

അതോ!
ഒരു വീര്‍ത്ത കുഴലൂത്തു മാത്രമോ
ഞാന്‍ ..

(അറിയാതെന്നിലൂടെ  പാടിത്തിമിര്‍ക്കുന്നാരോ  
ജീവനെന്നു !) 

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..!

Monday, March 8, 2010

ചിതയ്ക്കപ്പുറം

                 1
മഴ പിറക്കുന്നിതാ തിരു മുറിവുകളില്‍ നിന്നും
മലര്‍ക്കെ ശയിക്കുമെന്‍ ചിതയ്ക്ക് മീതെ
പുകമൂടുമീ ഭസ്മം നനയുന്നു
തണുവിലും ചൂടിലും മരവിച്ചിരിക്കെ

അറിയാതൊരിടമുണ്ട്  അരികത്തെവിടെയോ
മൃത്യുവിന്‍ കണ്‍കള്‍ കാട്ടുന്നൊരിടം
അവിടെയ്ക്കെന്നോര്‍മ്മ വഴുതിടും മുന്‍പേ
മഴ പോഴിയുന്നിതാ പുനര്‍ജ്ജന്മ നോവായ്‌

നീറ്റി അണയ്ക്ക്മെന്‍ ജീവന്റെ പാര്‍ശങ്ങള്‍ 
കാറ്റഴിക്കുന്നു മഴചീന്തിയെറിയുന്നു
ഇരുട്ട് പുത്യ്ക്കുന്നു ഗാഡം പുണരുന്നു
ഏകയായ് ഏകതയില്‍ ഏകാന്തതയില്‍
ക്രുരാമാം നിര്‍വികാരതയില്‍ ഈ  ജന്മമൊടുങ്ങുന്നു

അണയുന്നുവോ ഞാന്‍ കത്തി ജ്വലിക്കുന്നുവോ
ശരിതെറ്റുകള്‍ നെടുകേവിറയ്ക്കുന്നു 
ഭാവിഭൂതങ്ങള്‍ ഇരുവശം പിളരുന്നു 
മദ്ധ്യേ ഈ ക്ഷണം വൈകി അറിയുന്നു 
                          2
പ്രണയ നിലവിളികളെ കൊന്ന
 ഒറ്റ മൌനമേ നീ വരിക 
പറയാതെ പോയതൊക്കേയുമറിക
നീ തന്ന ചെറുദീപമെന്‍ മഴക്കാടെരിക്കവേ
ചുടലക്കളത്തിലെന്‍ അസ്ഥിയുരുകവേ

വരികയെന്നരികത്ത് ശരീരമഴിക്ക
നഗ്നരായ് ആത്മാക്ളായി
ഇന്ദ്രിയമൂറ്റാത്ത അറിവായ്  നിറയ്ക്കാമി
പ്രണയം  പരസ്പരം .

                      3

ത്യത്തിന്‍ മുഖത്താഞ്ഞു പതിക്കുന്ന
വാറ്റിയ  ജീവാംശം എന്നറിയിക്കുമീമഴ
ആരവത്തോടായിരം  മുഖങ്ങള്‍
മുന്‍പേ വിളിക്കുന്നെന്നറിയിക്കുമീ മഴ

നാമറിയുന്നീലൊരുന്നാള്‍  നീയും ഞാനും
ഒന്നിച്ചു പെയ്തിടാം കാറ്റായ് മഴയായ്
പലതും പറഞ്ഞിടാം മുകിലൊപ്പം നനഞ്ഞിടാം

തമ്മിലറിയാത്ത ദു:ഖ വര്‍ഷങ്ങളായ്
അവിചാരിതമാം അന്യ ദ്രുവങ്ങളില്‍
പാര്‍ത്തിടാം  ഏതോ ബോധമില്ലായ്മയായ്

ക്ഷണം  വന്നു പുല്കുമൊരു മഴവില്ല്ല് നീയായിടാം
കുളിര്‍ചേര്‍ന്ന്  വിതുമ്പുന്ന മേഘം ഞാനായിടാം
ഭൂമിയായ്‌ നീയെന്നെ കുടിച്ചുവറ്റിച്ചിടാം
കടലോളം നിലയ്ക്കാത്ത സ്നേഹംച്ചുരന്നിടാം

ഇനി,

സൂര്യനിറങ്ങില്ല മഞ്ഞിന്‍ വരികളില്‍
വേരറ്റു പോകുന്ന വേദന പറയില്ല
പകലുണര്‍ത്തില്ല രാവുറക്കില്ല
അറിയാനിന്ദ്രിയങ്ങള്‍ ബാക്കിയില്ല

അതിദൂരമൊരു ഭൂമി അകലേയ്ക്ക് മായുന്നു
സ്മരണകള്‍ നിലയ്ക്കുന്ന  ശൂന്യതാസ്പര്‍ശമായ് 
മരണമായ് എനിക്കിന്ന് നിന്‍ വരവില്ലാതെ 
മഴ പൊഴിയുന്നിതാ പുനര്‍ജന്മനോവായ്‌  ..

Saturday, March 6, 2010

പനീര്‍പൂവേ,

എന്റെ പനീര്‍പൂവേ,

മുറ്റത്തു നിന്നെന്നെ
നോക്കി നോക്കി
ഓരോ ഇതളും
കൊഴിഞ്ഞു
കൊഴിഞ്ഞു
നീ മാഞ്ഞു വീഴവെ
നമുക്കിടയിലുണ്ടായിരുന്ന
നോട്ടം പോലും
കാറ്റു കൊണ്ടു പോകുമല്ലോ...
തീര്‍ച്ച...


ഇനിയും
പുലരിയും മഴയും
നീ അറിയതെ പോകേണ്ടാ
സൂര്യദീപം
നിന്നിലെഴുതാതെ പോകേണ്ടാ.,
കുയില്‍ നാദങ്ങളില്‍മയങ്ങാതെ വേണ്ടാ..
ജന്നാല കൊട്ടിയടക്കുന്നു
ഞാന്‍
നിന്‍ കാഴ്ചയെന്നും
ദീപ്തമായീടുവാന്‍

Thursday, March 4, 2010

നില

തലയിറുത്ത്  അരികെ കട്ടിലില്‍ വച്ചു
കഴുത്തിലൊരു താമരപ്പൂ കിളിര്‍ത്തു
മടിയിലോരരിപ്രാവ്  ഹൃദയം  നോക്കിയിരുന്നു 
വിരലഗ്രങ്ങള്‍ മുദ്രകളായിമാറി..
കട്ടില്‍ ജലത്തില്‍ ഒഴുകി നടന്നു

മുടി വളര്‍ന്നു പച്ച നിറം പൂണ്ട
വേരുകളായി. 
കാലാകാലം വഞ്ചി തുഴഞ്ഞിരുന്നതാരോ ?

നീല നിറമായിരുന്നു,
നഗ്നമായിരുന്നു,
പത്മാസനത്തിലായിരുന്നു
തലയിരുന്നിടത്ത് താമരപ്പൂവായിരുന്നു .
കാലാകാലം ഒഴുക്കു നിശ്ചലമായിരുന്നു .