My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, April 4, 2012

അധിപതി


 പൂവുകള്‍ എല്ലാം അതീവസുന്ദരികളും
മനമയക്കുന്നവരും
വഴിയാത്രക്കരുടെ ശ്രദ്ധ
... തിരിക്കുന്നവരും ആണ്
എന്ന് പരാതി.

കായ് കനികള്‍, തണല്‍, തടി
എന്നിവ ആവശ്യമുള്ളതിനാല്‍
വേരോടെ വെട്ടി നശിപ്പിക്കണ്ടാ
എന്നു നാട്ടു കൂട്ടം

പകരം,
എല്ലാപ്പൂക്കള്‍ക്കും ഉടയാട
നിര്‍ബന്ധമാക്കി
വണ്ടുകള്‍ക്കുള്ള വഴികളില്‍
കറുത്ത നിറം പൂശാനും
പൂമ്പൊടിയുള്ള ഭാഗങ്ങള്‍
അടയ്ക്കുവാനും വിധിയായി

അങ്ങിനെ
ശലഭങ്ങള്‍ ചിറകുകള്‍ ഉപേക്ഷിച്ച
പുഴുക്കളും
വണ്ടുകള്‍ ഇഴജന്തുക്കളുമായി
പൂവുകളെ
ഇരുണ്ട നിലവറകളില്‍ പ്രാപിക്കുവാന്‍
തീരുമാനിച്ചു.

പിന്നീട് വസ്ത്രങ്ങളുടെ
ഭാരം കൊണ്ട് കാലം ചെയ്ത
പൂക്കളുടെ കാലുകള്‍
മണ്ണില്‍ തൊട്ടപ്പോള്‍
ഇലജീവിതങ്ങള്‍ പാതിരികളായി
ആകാശത്തെയ്ക്കു കൂര്‍ത്ത് നിന്നു
പ്രാര്‍ത്ഥിച്ചു
· ·