My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, May 5, 2011


1.മഴപ്പാടുകൾ


ഇറ്റിറ്റുവീഴണം
പതിയേണം സത്യം മാത്രം
ചുംബിച്ചതിന്റെ
അടയാളമാകണം

2.അഗ്നിസാക്ഷികൾ

ചുണ്ടത്തിരിപ്പുണ്ടായിരുന്നു ഒരു ചുംബനം 
പ്രണയമായിരുന്നില്ല  കാമവും 
 കുട്ടികള്‍ പന്തടിച്ചു  കളിച്ചു മറഞ്ഞ ,
തിരക്കേറിയോര് കാണാത പോയ,
ഒരു ചുംബനമുണ്ടായിരുന്നു  ചുണ്ടത്ത്
സങ്കട കടലും സ്നേഹാകാശവും 
വെള്ളപുതച്ചോരി ദേഹത്തിനുള്ളില്
ഉണ്ടിപ്പോഴും 
ചുടുകാട് എത്തീട്ടും
ചുണ്ടത്തൊരു സ്നേഹം
കാത്തുവച്ചിട്ട്....



3.കടപ്പെൻസിലുകൾ

അറിയേണം
ധാരമുറിയാതെ പെയ്ത
മഴനൂലുകൊണ്ടു
നാം മേഘത്തെ
 തൊട്ടതു ,

സായന്തനത്തിന്റെ സ്വർണ്ണനൂലി
നറ്റത്താൽ സൂര്യനെ സ്പർശിച്ചതും ,


കാണാതപോയ കടപ്പെൻസിലിനറ്റത്തു
മൃതികൾക്കുമപ്പുറം
കൈമുറുക്കെപിടിച്ച്
എഴുത്തിനിരുത്തിയൊരോർമ്മയുമായ്
കാത്തിരിപ്പുണ്ടാവാം അച്ചനെനും

വേർപിരിയും ഓരോരുത്തരും
എല്ലാ അക്ഷരങ്ങളും
വളവുകളും നിവർത്തി
അപരിചിത നേർരേഖകളായ്
കടലിലേക്കു നടക്കുമെന്നും

മഴപ്പാടുകൾ ‌ഒരായിരം
സ്നേഹ മുറിവിൻ
ചുവടുകളായ്  നെഞ്ചിൽ
പെയ്തുകോണ്ടേയിരിക്കുമെന്ന
സത്യവും.


 

Tuesday, March 22, 2011

നിലാമത്ത് .









നിലാവിനാകെ മുല്ലപ്പൂത്തുലഞ്ഞ ഗന്ധം
പൂത്തിങ്കള്‍ കൊണ്ടു ഞാന്‍ മുഖം പൊത്തി
രാത്രി പിന്നിലൂടെ മഞ്ഞു കോരിയെറിഞ്ഞു

പൊയ്കയിലേയ്ക്കു ഒഴുകിയിറങ്ങി
ഞാനൊരു താമരയായ് വിടര്‍ന്നു

മലമുകളില്‍ ഒരു കരിമ്പാറ
നിലാവില്‍ കുതിര്‍ന്നു...
പ്രപഞ്ച നിറവിലേക്കറിയാതെ
ഒലിച്ചു പോയി.

Friday, February 4, 2011

ചില നേരങ്ങളുടെ ചാഞ്ഞ വാക്കുകള്‍



1.ഫ്രെയിം

ഇപ്പോള്‍ നിങ്ങള്‍
ആകാശത്ത്
എനിക്കും പൂര്‍ണ്ണ ചന്ദ്രനുമിടയില്‍
നില്‍ക്കുന്ന
ഒരു മാങ്കൊമ്പിന്റെ ചന്തമുള്ള നിഴലാണ്.


2.പ്രണയം


എന്റെ കൈകുമ്പിളില്‍
 കോരിയ തെളിനീരില്‍
വീണ പൂര്‍ണ്ണചന്ദ്രനെ
എങ്ങിനെ സൂക്ഷിക്കും
എന്ന സമസ്യ ആണ്
എന്റെ പ്രണയം.

3.മരം.

മരമായ് നിന്നുറച്ചു പോയതൊക്കെ
‘ചലിച്ചിട്ട് ഇനിയെന്ത്‘
എന്ന തോന്നലുകളാവാം.


4.ചിത്രം..


മണ്ണില്‍ നിന്നും
നാമ്പു നീട്ടി
വന്നതൊരു ഒറ്റപൂവ് മാത്രം
ഇലകളില്ലാതെ ശാഖകളില്ലാതെ
ഒറ്റപച്ചത്തണ്ടില്‍
പൊന്തിയ ഒരു പൂവു മാത്രം .
ദൈവം ശൈശവത്തില്‍
വരച്ച ചെടിയാകാം അത്.


5.ചുമ


എന്റെ ഉള്ളിലിരുന്ന്
അച്ഛനൊന്നു ചുമച്ചിപ്പോള്‍
വെള്ളം വേണോ..?
ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തി ചോദിച്ചു.
അച്ഛനെന്നേ മരിച്ചു പോയിരുന്നു.

അതേ ..
പക്ഷേ ഞാനിപ്പോള്‍ ചുമച്ചതു
എന്റെ അച്ഛന്റെ ചുമയാണ്.

6.പ്രകൃതം



ഒരു പരുത്തി പൂ ആകാ‍ശത്തില്‍
വിടര്‍ന്നു നിന്നിട്ട്
പതിയെ പതിയെ പറക്കുന്നതിന്റെ
സുഖം നീ തടയരുതേ..

അതങ്ങനെയാണ്...
അതിനെ പഠിപ്പിക്കേണ്ടതില്ല
പറന്നു പോകട്ടേ
തറയില്‍ വിത്തുപേക്ഷിച്ചു
ചളി മണിലലിയട്ടെ

അതെ .,അപ്പോഴാണ്
പ്രകൃതി തന്റെ സൂര്യകിരണം
ഒന്നടര്‍ത്തിയെടുത്തു രാത്രികളില്‍
നിലാവില്‍ എഴുതുന്നത് :
ഒരിക്കല്‍ ഒരു പരുത്തി പൂവ്
വെണ്മയായി ആകാശത്തില്‍
പറന്നു പറന്ന്.....എന്നിങ്ങനെ..


7. കടമ

മടുക്കാതെ ചുറ്റുന്നു
ഭൂമി ഇന്നും
അണുവിട തെറ്റിയാലെത്ര ജീവനെന്ന് ;

ഭൂമിയോളം വരില്ലേതു ബന്ധനവും
കൃത്യമാം പ്രണയപ്രദക്ഷിണത്തില്‍
വീണുപോകുന്നില്ല
സൂര്യനിലേയ്ക്ക്.

ധര്‍മ്മമാണാ യാത്ര !
സത്യമാണീ പകല്‍ന്തികള്‍
കടമയാണീ ലോക നടനം
സ്നേഹബന്ധമീ ആകര്‍ഷണ വലയങ്ങള്‍
വേദവക്യങ്ങളീ അളന്നുവച്ചോരകലങ്ങള്‍
അതിന്‍പുറത്ത്..,
അവിടിരുന്നാണീ അതിവേഗമറിയാതെ
നീയും ഞാനും
ഈ ശ്വാസകോശത്തെ ചുറ്റിപിടിച്ച
മാംസമായ് ചലിക്കുന്നത്.


8.കവിത

കവിത മന്ദാരപൂവിന്റെ ഇതളുകളില്‍
കണ്ണുകള്‍ കൊണ്ടെഴുതണം
ആരും കാണേണ്ട
കേള്‍ക്കേണ്ട
നേരു നേരിനോട്
മൂളിപ്പാടുന്നത്.




Wednesday, January 26, 2011

വനിതാ ചലചിത്ര ക്യാമ്പില്‍ നിന്നും....

          ഒരു സ്ത്രീ, ജീവിതത്തില്‍ എത്ര ചിത്രങ്ങള്‍ കാണാനാണ് ?
 അബദ്ധവശാല്‍ ക്ലാസ്സിക്ക് പടങ്ങള്‍ ഇഷ്ടമെന്നാല്‍ പോലും ഒന്നേലും കാണാനാകുമോ?
ചലചിത്രോത്സവങ്ങളൊ..!  ?
( ഒരു സാധാ‍രണക്കാരിയുടെ ജീവിത്തെ കുറിച്ചാണ് പറയുന്നത്.)

         അവരില്‍ ചിലരിലേക്കു ഈ സൌന്ദര്യബോധ നിര്‍മ്മാണാസ്വാദന കലയെ പരിചയപ്പെടുവാന്‍ ഉള്ള പണിയായുധങ്ങളും വഴികളും എത്തിക്കാനായി ഇക്കഴിഞ്ഞ 22ണ്ട് 23ന്നു തീയതികളില്‍ വനിതകള്‍ക്കായി വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ ചലചിത്രക്യാമ്പ്  നടത്തിയ സംഘാടകരെ വളരെയേറെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഏകദേശം അന്‍പതോളം സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു. (http://womencinema.blogspot.com)

        പൂത്തുലയുന്ന വൃക്ഷത്തിന്റെ ഉപരിഭാഗമായ് വിലസ്സുന്ന ആണ്‍കലകളില്‍ ഒന്നായ് തീര്‍ന്നതാണീ സിനിമയും..ഇത് കേരളത്തിലെ സ്ഥിതി. സ്ത്രീകള്‍, താഴെ അടുക്കള വേരോട്ടങ്ങളും. വേരുകള്‍ക്കു കാഴ്ച്ചയും ഭൂത കണ്ണാടികളും ക്യാമറയും കിട്ടിയാല്‍ മുകളിലൂടെ നടന്നു മാത്രം കണ്ട കാഴ്ചകളില്‍ നിന്നും എത്ര വ്യത്യസ്തവും ഇതുവരെ കാണാത്തതും ഭംഗിയാര്‍ന്നതുമായ് ഒരു ലോകം എന്തു കൊണ്ടു പുറത്തു വന്നു കൂടാ?

             കാരണം ഭൂമി പുറം വരെ മാത്രം കാഴ്ച്ചകളും കാരണങ്ങളും ചിന്തകളും ഉടക്കി നിന്നു പോകുന്ന സാധാരണ മനുഷ്യര്‍ക്കിടയിലെ സ്ത്രീവര്‍ഗ്ഗത്തിന്, അവരുടെ അടഞ്ഞ ചുവരുകളും ചുവടുകളും., സംവേദനത്തിന് ഇന്ദ്രിയങ്ങള്‍ സ്ഥിരം കൊണ്ടെത്തിക്കുന്ന; കുട്ടികള്‍, ഭര്‍ത്താവ്, പാത്രം, ചൂല്‍ , ഒഫീസ്സ് ഫയലുകള്‍, തിരക്കുകള്‍.,ക്ഷീണിത രാത്രികള്‍ ഉറക്കമെടുത്തോടും മുന്‍പ് ഉണര്‍ത്തിവിടുന്ന കൃത്യനിഷ്ടകള്‍...ഇവപോലുള്ളവയില്‍ നിന്നു ഭിന്നമായി ചിന്തിക്കാന്‍ ഏതു ഇടവേളകള്‍..?

ജന്മം തൊട്ടെ സംസ്ക്കാ‍രം പാകപ്പെടുത്തിയെടുത്ത അടിച്ചേല്‍പ്പിക്കലുകള്‍ , ചോദ്യം ചെയ്യപ്പെട്ടുകൂടാ എന്നു രേഖപ്പെടുത്തിയ മേല്‍ക്കോയിമ്മകള്‍, ബന്ധങ്ങള്‍ തൊട്ടു വസ്ത്രവിധാനം വരെ പരുങ്ങലിലാക്കുന്ന വ്യവസ്ഥകള്‍...
ഇതിനിടയില്‍ സ്ത്രീ............

അപ്പോള്‍ ആണ്‍പൂമരമേ., പെണ്‍വേരുകള്‍ക്കു കാഴ്ച കിട്ടുമ്പോള്‍ അരുവികളുടെ അരികു പറ്റി വെള്ളം തേടുന്നവരെ, ഇടയ്ക്കിടെ പൊങ്ങി വന്നു ആകാശത്തെക്കുനോക്കുന്നവരെ., കൃമി ലോകങ്ങളെ താണ്ടി പോകുന്നവരെ അങ്ങിനെ അങ്ങിനെ ഒരു വലിയ ലോകം കണ്ടുകൂടെ..?

ക്യാമ്പില്‍ ശ്രീ. നീലന്‍‍, ശ്രീ.വി.കെ.ജോസഫ്, ശ്രീ. ജി.ആര്‍. സന്തോഷ്  എന്നിവരുടെ സുന്ദരമായ ക്ലാസ്സുകള്‍ ഭാഗികമായ് കേള്‍ക്കാന്‍ കഴിഞ്ഞു. അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് മറ്റു ക്ലാസ്സുകള്‍ കേല്‍ക്കുവാനുള്ള ഭാഗ്യം കിട്ടിയില്ല..

അവിടെ കണ്ട സിനിമകളില്‍ ഒന്നു കുറോസ്സാവിന്റെ ട്രീംസ് ആയിരുന്നു. റ്റണെല്‍ എന്ന സിനിമ തുടര്‍ച്ചയായ വൈകാരികതയുടെ നിശ്ചലാവസ്ഥ നീട്ടി കൊടുക്കുന്ന നിശബ്ദമായ ധ്യാനമായ്  മുന്നില്‍ നിന്നു‍. രണ്ടുമനസ്സുകളുടെ വ്യാപാരത്തിന്റെ പോക്കുവരവുകള്‍ ആ തുരങ്കത്തിന്റെ അങ്ങേപ്പുറം ഇങ്ങേപ്പുറം വന്നു പോകുന്ന ചുവടൊച്ചകള്‍ പോലെ മൂന്നാമനായ പ്രേക്ഷകനെ കൂടി കോര്‍ത്തിരുത്തി നിശ്ചലമാക്കുന്നതും ഇതില്‍ കണ്ടു.

നിമിത്തപൂരിതമായ ജീവിതത്തെ മറ്റൊരാളുടെ മനസ്സിന്റെ ഇടനാഴിയില്‍ ഇരുന്നു അയാള്‍ കാഴ്ചകളും ശബ്ദങ്ങളും കൊണ്ടു നടത്തുന്ന  ബുദ്ധിപരമായ കോര്‍ത്തിണക്കത്തിന്റെയും,പരമ്പരയായ ഉത്തരം കണ്ടെത്തലുകളുടെയും, സൂക്ഷ്മമായ നിമിഷങ്ങളുടെ, നീണ്ടുനില്‍ക്കുന്ന വൈകാരികമായ ഉണര്‍ച്ചകളുടെയും, ബോധാബോധങ്ങളുടേയും സ്വപ്ന്‍ങ്ങളുടെയും ഒരു കവിതചൊല്ലലായ്  സിനിമയെ വ്യാഖ്യാനിക്കാന്‍ തോന്നി.

അവന്റെ മനസ്സുകൊണ്ടു ഇവന്റെ മനസ്സു നീട്ടി ചൊല്ലുന്ന കവിത. ഇത് ഒരു കൈവിരലിലെണ്ണാവുന്ന ക്ലാസ്സിക് സിനിമകള്‍ പോലും കാണാന്‍ തരപ്പെടാത്ത സാധാരണ ഒരുവള്‍ എന്ന നിലയിലുള്ള എന്റെ അടയാളപ്പെടുത്തലാണ്.

ഇനി ബാക്കി എഴുതുവാനീ സ്ത്രീക്കു നേരമില്ല....ഡോ.പി എസ്സ്. ശ്രീകലയ്ക്കും, കെ ജി സൂരജിനും നന്ദി. മുട്ടിയാല്‍ മാത്രം തുറക്കപ്പെടുന്ന ജനാലകള്‍ പോലെ ആണ് ചില പെണ്‍കാഴ്ചകളും.......


Sunday, December 19, 2010

നിഴല്‍ നഷ്ട്ടം





 (ഒരു ദിവസം സൂര്യനും, അവളും, നിഴലും, നിഴലിന്റെ നിഴലും)





നിഴലുകളെല്ലാം ഒത്തു കൂടി
ഒരു മൈതാനത്ത്.
അവിടം ഇരുട്ടായി.

നിഴല്‍ കാല്‍ച്ചുവട്ടില്‍
നിന്നും അടര്ന്നപ്പോള്‍
നിഴലില്ലാത്ത വെളിച്ചത്തെ
ഞാന്‍ ഭയന്ന് തുടങ്ങി.

വെളിച്ച പൊട്ടുകള്‍ മറുപുറത്ത് ഒത്തുകൂടി
സമ്മേളനശേഷം നീണ്ട നിശബ്ധതയായിരുന്നു
നിഴല്‍ നഷ്ടപെട്ട  വെളിച്ചങ്ങള്‍ ദുഖിതരായിരുന്നു

മടക്കയാത്രയില്‍ അവര്‍ ഇരുണ്ട മൈതാനത്ത്
എല്ലാ നിഴലുകളും
കമഴ്ന്നു കിടന്നു കരയുന്നത് കണ്ടു
ചിലവ  നിശലരായ് കഴിഞ്ഞിരുന്നു

എന്റെ നിഴലും ഞാനും
ഇത്തിരി  ഇരുട്ടും വെളിച്ചവും
കട്ടെടുത്തൊരു 
നൃത്തമെന്ന സ്വപ്നത്തിലേക്കു വീണു..

Wednesday, December 1, 2010

കുടുംബം

പാതി ദൂരം കഴിഞ്ഞുവോ
പാതി വാക്കും
പാതി നോക്കും
പാതി മിടിപ്പും
പാതി തുടിപ്പും കഴിഞ്ഞുവോ?
പാതി നോവും
വെറുപ്പും സ്നേഹവും
കഴിഞ്ഞോ?
ഇരുപാതിയുമെടുത്തഛനുമമ്മയ്ക്കും
തിരികെക്കൊടുത്തോരിന്നെലകള്‍
മാഞ്ഞു.
പാതി മുഖങ്ങളും
നരച്ചദൃഷ്ടികളും
തളര്‍ന്ന നടകളും
മാഞ്ഞു
പൈതല്‍ നുണഞ്ഞ മുത്തങ്ങളും
ചേര്‍ത്തുറങ്ങിയ രാവുകളും
പാതി ദൂരമായൊ?
ഇനിയെത്ര നടപ്പുണ്ടു
ദൂരെ എന്റെ ശയനമണല്പുറ്റിന്‍
പുറമെത്താന്‍,
നീ വേണമെന്നുമരികെ
അന്നുമിന്നും
വളര്‍ന്ന കൈപിടിച്ചു കുട്ടികള്‍ക്കൊപ്പം
നാം നടക്കുന്നിനിയും.
പാതി ദൂരമായില്ല
എത്രയോ കാതമുണ്ട്
നമുക്കു നടക്കേണം
ദൂരമെത്രെയെന്നാലും
മതിയാവില്ല നിന്റെ യൊപ്പമീ യാത്ര..

Tuesday, November 23, 2010

പ്രപഞ്ചസ്നേഹം vs പ്രണയം




എപ്പോഴുമവള്‍ സന്തോഷത്തിലായിരുന്നു
അവനു സംശയമായി
അവളെ വീട്ടു തടങ്കലിലാക്കി.

അവിടെ അവള്‍ ചെടിളോടും
പൂഴിയോടും പൂക്കളോടും ചിരിച്ചു.
അതോടെ അവള്‍ മുറിയില്‍ അടയ്ക്കപ്പെട്ടു
അവിടെ
പല്ലികളും ചുവരടയാളങ്ങളും അഴികളും
അവളോടു സല്ലപിച്ചു

കണ്ണുകെട്ടി കട്ടിലില്‍കെട്ടിയിട്ടപ്പോളവള്‍
പുഞ്ചിരിച്ചതു ശ്വാസത്തോടായി
കാണാ‍തെ കേള്‍ക്കാതെ
പ്രണയമായിരുന്നോരോന്നിനോടും

തണുത്ത കാറ്റ് ശ്വാസകോശത്തില്‍
ചുംബിച്ചിരുന്നതും
വീണു പൊട്ടിച്ചിരിച്ചതും
പിന്നെ രാവു വന്നു മുടിയിഴകളില്‍
നിറയുന്നതും അറിഞ്ഞു ശാന്തമായ് ശയിച്ചു

അതിനാല്‍ പ്രണയരോധത്തിനായ്
അവന്‍ അവളെ ശ്വാസം മുട്ടിച്ചു കൊന്നു
പക്ഷേ അപ്പോഴുമാചുണ്ടുകള്‍
ആകാശത്തോടു പുഞ്ചിരിച്ചു കൊണ്ടിരുന്നു.

Sunday, November 21, 2010

അഴിവ്.







ഞാ‍നെന്നെ കടല്‍ക്കരയില്‍  കൊണ്ടു വച്ചു,
കടല്‍കാക്കകളൊട് കല്പിച്ചു
വേരോടിപ്പോയ പ്രണയം
ഓരോന്നായി കൊത്തിയെടുക്കുവാന്‍

അവ ഊരി മാറുന്ന നോവില്‍
കളഞ്ഞുകിട്ടിയൊരുപാട്ടില്‍
തിരകളെ തൊട്ടു തൊട്ടു കണ്ണടച്ചു കിടന്നു.
ഒരു നൂല്പന്തെന്നപോല്‍  അഴിഞ്ഞു
അഴിഞ്ഞു ശൂന്യമാകുന്നതറിഞ്ഞു..

തിരകളില്‍ പെട്ട്
അടിഞ്ഞുവന്നൊരൊഴിഞ്ഞ ശംഖില്‍
ഒഴുകിയിറങ്ങാന്‍ അതിനാലെനിക്കായി.
മണല്‍ തെറിപ്പിച്ചു ഓടി നടന്നഞണ്ടിന്റെ
ചുവന്ന് കണ്ണുകളില്‍ നോക്കി ചിരിക്കാന്‍
കുമിള്‍ പൊട്ടും തിരമണ്ണില്‍ചുണ്ടമര്‍ത്താന്‍
കടലെമ്പാടും അലിയാന്‍
ഒരു കുടത്തില്‍ ഭസ്മമായി
വരും ഞാനുമൊരിക്കല്‍ എന്നു
ജലത്തോടടക്കം പറഞ്ഞു മുങ്ങിക്കളിച്ചു
സ്നേഹം പുണര്‍ന്നു പൊട്ടിച്ചിരിക്കാന്‍
അതിനാലെനിക്കായി.

Friday, November 19, 2010

ഒച്ചുകള്‍ നടക്കുന്നു വേഗം

 ഇതു ആര്‍ക്കുവേണ്ടി എന്നറിയില്ല . ഏതു പരകായപ്രവേശമെന്നും.
ആദ്യം വല്ല്ലാത്തൊരു പച്ച നിറമായിരുന്നു. 
പിന്നെ അതുമറി മാറി മാറി ചുവപ്പു കൂടിയ ബ്രൌണ്‍ ആയി.
അതില്‍ രണ്ടു ജീവികള്‍. ചുറ്റും കമഴ്ത്തിയിട്ട ശബ്ദങ്ങള്‍. 
എത്രയുണ്ടെന്നറിയാത്ത കോശ വിളികള്‍. 
‘അവള്‍ എന്നെ സ്നേഹിക്കുന്നുണ്ടെടേ .. ഞാന്‍ അവളേയും..‘ എന്നോടാണ്...

ഒറ്റശബ്ദം.  അത് പുറകോട്ട് നീങ്ങി നീങ്ങി പോയി.
ചക്രങ്ങള്‍ വച്ച ഒരു പെട്ടിപ്പുറത്ത്  ഒറ്റയ്ക്ക് 
അവന്‍ വലിയ വേഗതയില്‍ പിറകോട്ട് നീങ്ങി നീങ്ങി..


എന്നെ ഞാന്‍ കണ്ടത് ;
ഒരു പായല്‍ നിറഞ്ഞ ചതുപ്പു നിലത്തിന്റെ 
നടുവില്‍ ഒറ്റപ്പെട്ട മരക്കുറ്റിയുടെ മുകളില്‍ തല കുനിച്ചിരിക്കുന്നതായാണ്. 
വിജനത.  കറുത്ത ആകാശം .
മല്‍ത്സ്യകുഞ്ഞുങ്ങളുടെ പുളച്ചിലില്‍ ചെറിയ വട്ടത്തിലെ ഓളങ്ങള്‍. 
നനവിന്റേയോ പഴമയുടേയോ ഗന്ധം. 
അടിവയറ്റില്‍ നിന്നു ആല്‍മരം പോലെ പന്തലിച്ച
സ്നേഹം മരണം കവിഞ്ഞു തലയ്ക്കു ചുറ്റും.
അവിടെ ആരും വന്നില്ല പിന്നെ.

അകലെ മനസ്സുകള്‍ കൂട്ടിയിട്ട വന്‍ മലകള്‍.
ആരുടെ?. 
അവരെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നു. 
അവിടെ ഇരുന്നു എല്ലാ സൂര്യാസ്തമയങ്ങളും കണ്ടു., കണ്ടു.., 
ഞാനൊരു ചെറിയ ഒച്ചായി മാറി കൊണ്ടിരുന്നു. 
മരക്കുറ്റിയില്‍ നിന്നും നനവാര്‍ന്ന ചതുപ്പിലേയ്ക്ക്  ഇഴയുകയാണ്. 
ദൂരെ ഹിമാലയമുണ്ട്.  താഴെ അഗാധതയും, മുകളില്‍ നീലിമയും.
ഒച്ചുകള്‍ നടക്കുന്നു . അവ്യ്ക്കൊപ്പം ഞാനും.





                               

Monday, November 1, 2010

ആത്മാവിന്റെ വിധി.

1.ആത്മാവിന്റെ വിധി


എന്നെ കൊന്നതു നീയെന്നു
സംശയാതീതമായ് തെളിഞ്ഞതിനാല്‍.
നിനക്കു  ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു.
തെളിവ്  : എന്റെ ആത്മാവിലെ ആഴത്തിലെ മുറിവും നിന്റെ
നിറകണ്ണിന്റെ  മൂര്‍ച്ചയുടെ ആഴവും.


2. കലര്‍പ്പ്


 വിലപിക്കും ഒറ്റനിറത്തിനു ചുറ്റും
തളം കെട്ടിയ  പച്ച നിറം;
ഒറ്റകറുപ്പില്‍ കലര്‍ന്ന
പച്ചയും ചോപ്പും നീലയും
മഞ്ഞയും
തിരിച്ചെടുക്കാനാവാതെ
നിറതടാകത്തിന്‍
കരയ്ക്കു കാത്തിരുന്നു.


3.നിന്റെ നിറം
 ഒരു നിറം ഭ്രാന്തമാകുന്നു
മരവേരുകളില്‍ കുരുങ്ങിയ മൌനം തിളയ്ക്കുന്നു
പൂഴിയിലേയ്ക് ആഴ്ന്ന മരണത്തില്‍ സര്‍പ്പങ്ങള്‍
വിഷമേറ്റുണങ്ങുന്നു തായ് തടി
ഇലകൊഴിഞ്ഞൊഴിഞ്ഞ വേര്‍പ്പാടുകള്‍.