My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, May 24, 2009

സ്ത്രീവിഗ്രഹം

ചിലപ്പോള്‍ അങ്ങിനെയാണു
നിങ്ങളെ ആരെങ്കിലും പ്രതിഷ്റ്റിച്ചു കളയും
മുന്‍പില്‍ തിരികൊളുത്തി ഇരുത്തികളയും
നിങ്ങള്‍ ശില്‍പ്പമല്ല ശിലയല്ല
എന്നു ഉറക്കെക്കരഞ്ഞാലും
ആരും കേള്‍ക്കില്ല.

നിങ്ങള്‍ക്കുള്ള ആചാരങ്ങള്‍ വിധിച്ചു
കഴിഞ്ഞിരിക്കും
അഭിഷേകങ്ങളും അര്‍ച്ചനകളും
മണിയൊച്ചകളും
നിങ്ങളെ ഭ്രാന്തിയാക്കും

പക്ഷെ വിഗ്രഹങ്ങള്‍ളൊരിക്കലും
ചലിക്കാറില്ല.. മിണ്ടാറില്ല,
കരയാറില്ല.. പ്രണയിക്കാറില്ല..,
ഒക്കെ അറിയുമ്പോഴേയ്ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും.

പടിയിറങ്ങാ‍തെ
വിളക്കുകള്‍ക്കും പൂക്കള്‍ക്കും
മദ്ധ്യേ
അവിടെതന്നെ നില്‍ക്കെ
എല്ലാ വാതിലുകളും
പുറം മതിലുകളും
ചുണ്ടു പൂട്ടി കഴിഞ്ഞിരിക്കും.

രാത്രിയാകുമ്പോള്‍
ജന്നാലകള്‍ക്കു വെളിയില്‍
നിശ്ചലതകള്‍ ചലിക്കുന്നതും
ഇരുളുകള്‍ ശാന്തമാകുന്നതും
ദൂരെ തിങ്കള്‍ ഉറ്റുനോക്കി മറയുന്നതും
കാണും.

വിഗ്രഹം മോഷ്ടിക്കപ്പെടമെന്നും
വേണ്ടന്നും നീ മോഹിക്കില്ല.
അപ്പോഴേക്കും
ഉള്ളീല്‍ നീ മാഞ്ഞു മാഞ്ഞു
പഴയ ഒരു പാറയായി മാറിയിരിക്കും.

9 comments:

കണ്ണനുണ്ണി said...

വ്യത്യസ്തതയുള്ള സബ്ജെക്റ്റ്‌ .... വളരെ നന്നായി....

chithrakaran:ചിത്രകാരന്‍ said...

ദൈവത്തെ വിഗ്രഹമാക്കുന്നതും,മനോഹരവും,പവിത്രവുമായ മാംസമാക്കുന്നതും മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെയാണ്.
കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതാണ് രൂപമാറ്റുന്നതിന്റെ സൌകര്യം.
സ്ത്രീയുടെ കാര്യവും വ്യത്യസ്തമല്ല !

ഉറുമ്പ്‌ /ANT said...

എനിക്കിതെന്തോ അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ല. സംവേദനക്ഷമമായ ഒരു വാക്കുപോലും ഇല്ലാതെ എങ്ങിനെ ഇതൊക്കെ എഴുതാൻ കഴിയുന്നു? അല്ലെങ്കിൽത്തന്നെ വരണ്ട ഗദ്യത്തെ വരികളായി മുറിച്ചെഴുതിയാൽ കവിതയാകുമോ. ക്ഷമിക്കണം ഇതിനേക്കാൾ അനുഭവങ്ങൾ തരുന്നത്‌ ശ്രീകണ്ടേശ്വരത്തിന്റെ ശബ്ദതാരാവലിയാണ്.

വിഷ്ണു പ്രസാദ് said...

ആശയഗംഭീരമായ രചന.

Jayasree Lakshmy Kumar said...

നല്ല വരികൾ. നല്ല ആശയം. ഇഷ്ടപ്പെട്ടു

ഹന്‍ല്ലലത്ത് Hanllalath said...

...അടക്കി വെക്കപ്പെടുന്നതും
പൂട്ടി വെക്കപ്പെടുന്നതും...
പൂജയ്ക്കെടുക്കാത്ത പുഷ്പങ്ങള്‍....

ചിത്രങ്ങള്‍ അക്ഷരങ്ങളിലൂടെ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്...

ആശംസകള്‍

Mahi said...

തകര്‍ത്തിരിക്കുന്നു.പെട്ടെന്ന്‌ മാധവിക്കുട്ടിയുടെ കല്യാണി ഓര്‍മ വന്നു (അതു തന്നെയല്ലെ കഥയുടെ പേര്).സ്ത്രീത്വത്തിന്റെ പുതിയ ജാഗ്രതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌ നിന്റെ കവിത.വിരലിലെണ്ണാവുന്ന നല്ല ബ്ലൊഗ്‌ കവിയത്രികളില്‍ നീ വേറിട്ട്‌ തന്നെ നില്‍ക്കുന്നു.നിന്റെ കവിതകളെ നോക്കി നോക്കിയിരിക്കേണ്ട ഒരവസ്ഥ നീ കവിതകളില്‍ സൃഷ്ടിക്കുന്നുണ്ട്‌.മോഷ്ടിക്കപ്പെടമെന്നും അക്ഷര തെറ്റില്ലെ കലെ ഇതില്‍

Sureshkumar Punjhayil said...

Ippol pakshe Aal daivangalude kalamalle... Nannayirikkunnu. Ashamsakal...!!!

Unknown said...

മനോഹരമായ വരികള്‍ !!
ആശംസകള്‍ !!!