My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, September 22, 2010

പുനലൂര്‍ ചെങ്കോട്ട അവസാന തീവണ്ടി പറഞ്ഞത്

                                                                           


                     വളരെ നാളായി പുനലൂര്‍ക്ക് ട്രെയിന്‍ യാത്ര തുടങ്ങിട്ട്. രാവിലെ 6 ന്‌ തുടങ്ങുന്നു ജോലി സ്ഥലത്തേക്ക് ഉള്ള യാത്ര. അനുഗ്രഹം പോലെ ട്രെയിന്‍ രാവിലെ സമയത്തിനുണ്ട്. യാത്ര തുടങ്ങിയ കാലം തൊട്ടേ ഒരു ചെങ്കോട്ട യാത്രയുടെ പഴകിയ മണം മനസ്സില്‍ വരും.                  
                    
                     ആദ്യം കറുത്ത നിറവും തിളങ്ങുന്ന മൂക്കൂത്തിയും ഉള്ള അമ്മൂമ്മയാണ്, ചീരയും വാഴപിണ്ടിയും നിറച്ച കുട്ട സീറ്റിന്റെ  അടിയില്‍ വച്ചിട്ട്  ഉറങ്ങും മുന്‍പ് ഉറക്കെ പറഞ്ഞത് ..'ഇനി ഇത് നിര്ത്തുമ്പോ എന്ത് ചെയ്യും?' പുനലൂര്‍ ചെങ്കോട്ട ട്രെയിന്‍ നിര്‍ത്തുന്ന കാര്യമാണ് പറഞ്ഞു വരുന്നത് .


പല്ലുചികില്സ എന്നാണെല്ലോ എന്റെ ജോലിയെ പറയപ്പെടുന്നത്.
വായില്‍ കൈ ഇടാതെ പല്ല് പണിയാനാവില്ല. ചികിത്സ കഴിയുമ്പോള്‍  'വായിലായിരുന്നപ്പോ ഞാന്‍ വിരലില്‍ കടിക്കാതെ വിട്ടില്ലേ ., അതിന്റെ നന്ദി എന്തെ കാട്ടാത്തെ', എന്ന ഭാവത്തില്‍ നോക്കുന്നവര്‍ തൊട്ടു, സ്നേഹം തോന്നി തൊട്ടു തൊഴുതുന്നവര്‍ വരെ ഉള്‍പ്പെടുന്ന വൈദഗ്ധ്യമാര്‍ന്ന  
ആള്‍ക്കാര്‍ എത്തുന്ന  പുനലൂര്‍ ആശുപത്രിയിലേക്കാണ് മഞ്ഞു നീങ്ങും മുന്‍പേ എന്നും എന്റെ പടപുറപാട്.


                ശിശുക്കളെ പോലെ തണുപ്പില്‍ നിന്നുണര്‍ന്നു പുല്‍പ്പരപ്പും മരങ്ങളും  നിര്മേഷം കണ്ണുമിഴിക്കെ,  കിഴക്കോട്ട് എന്നുമീ  തീവണ്ടി പായുകയാണ്  ...അന്നൊക്കെ വിചാരിച്ചിരുന്നു  ഒരു ചെങ്കോട്ട യാത്രയ്ക്ക്  പോകണം എന്ന്.


     ഇനി നാല് ദിവസം കൂടിയെ ഉള്ളു., ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങി. മീറ്റര്‍ ഗേജ്ജ് നിര്‍ത്തുകയാണ് . കണ്ണറ പാലങ്ങള്‍, തുരങ്കങ്ങളിലൂടെ ഉള്ള യാത്ര ഒക്കെ വേണ്ടേ... ? എന്നിട്ടും നിര്‍ത്തലാക്കാന്‍ രണ്ടു  ദിവസം കൂടി മാത്രമുള്ളപ്പോള്‍ വല്ലാത്ത നൊമ്പരം. ബ്രിട്ടിഷുകാര്‍   നൂറ്റാണ്ട് മുന്‍പ് തുടങ്ങിയതാണ്‌, കാട്ടിലൂടെ അരുവികള്‍ കണ്ടു മലനിരകള്‍ കണ്ടു വയലേലകള്‍ കണ്ടുള്ള യാത്ര വേണ്ടേ..?

 അവസാനം ഭര്‍ത്താവിനോട് പറഞ്ഞു, ആശുപത്രി സുപ്രണ്ടിനോട് പറഞ്ഞു, പല്ലു വേദനക്കരോട് പറഞ്ഞു : ചെങ്കോട്ടയ്ക്ക് പോകയാണ് ..
കുട്ടികള്‍ ചോദിച്ചു "എന്തിനാമ്മേ?"


അങ്ങിനെ രാവിലെ 8  മണിക്ക് സകുടുംബം പുനലൂര് വന്നിറങ്ങി.
അപ്പോഴല്ലേ കാഴ്ച ,അവിടം പൂരപ്പറമ്പ് !
കുടുംബയാത്രക്കാര്‍, സ്ഥിരം യാത്രക്കാര്‍, സ്കൂള്‍കുട്ടികള്‍, വീടിയോക്കാര്‍ , പത്രക്കാര്, ടിക്കടിനായ്   നീണ്ടു  പോകുന്ന ക്യൂ,  ഉല്ലാസ്സച്ചിരികള്‍ ആകെ ഒരുതരം അമ്പരന്ന ബഹളം. ..
ഇതേതു ഉത്സവം ? എല്ലാവര്ക്കും അവസാനമായി ആ യാത്രയില്‍ പങ്കുകൊള്ളണം.!


മറുവശത്തെ  പാലത്തിനരികില്‍ ഞങ്ങളും കാത്തിരുന്നു,
എല്ലാവര്‍ക്കുമൊപ്പം.
ട്രെയിന്‍ വരുന്നു ... തീവണ്ടി പുക ..കുച്ചു കുച്ചു ..


മിടുക്കര്‍ ആദ്യം ചാടി കയറി. ഞങ്ങള്‍ക്കും സ്ഥലം കിട്ടി. പിന്നാലെ സ്കൂള്‍ കുട്ടികള്‍ തിമിര്‍ത്തു വന്നു നിറഞ്ഞു. ഇനി സീറ്റ്‌ ഇല്ല .അപ്പൊ പെരുമ്പറ ചിരിയോടെ ഒരുകൂട്ടം യൂണിഫോം  ഇട്ട ആണ്‍കുട്ടികള്‍.. എടാ വിളികളും എടിവിളികളും ബെര്‍ത്തില്‍   കയറ്റവും  ഒക്കെയായി പിന്നെ.  ഗുരുവായൂര്‍ നിന്നെത്തിയ ചെറുപ്പക്കാര്‍ ഒരുകൂട്ടം,  ജനാല  മറഞ്ഞു നില്‍പ്പായി.

ട്രെയിന്‍ വിടറായി  .. വിട്ടു..
കൂക്കിവിളികള്‍ ഹര്‍ഷാരവം ..
പുറത്തുനിന്നവര്‍ കൈവീശി യാത്രയാക്കി  .
ട്രെയിന്‍ മെല്ലെ നീങ്ങി തുടങ്ങി... ചരിത്രത്തിലെക്ക് മായുന്ന ഒന്നായി.
 എനിക്കെതിരെ  പത്താം ക്ലാസ്സിലെ കുറെ ചെറിയ പെണ്‍കുട്ടികള്‍ ആയിരുന്നു.
എല്ലാവരും ആഹ്ലാദത്തില്‍, ഒരേ ദിശയിലെ ഒരേ വികാരത്തിലെ ഒഴുക്ക്. അവസാനത്തെ വണ്ടികളിലൊന്നിലെ യാത്രയാണ്  ..
എന്നും മുറ്റത്ത്‌ കൂടെ ഓടികളിച്ചിരുന്ന ബാലന്‍ പെട്ടന്നു  മറഞ്ഞതിലെ ദു;ഖം പോലെ ഇരുവശത്ത്  നിന്നും, ഒറ്റപെട്ട വീടുകളില്‍ നിന്ന്  ആള്‍ക്കാര്‍ നോക്കി നിന്നു. 

ഇടയ്ക്കിടെ ഓരോ അദ്ധ്യാപകര്‍ വന്നു ഒന്ന്, രണ്ടു, മൂന്നു.. കുട്ടികളെ എണ്ണി തിട്ടപ്പെടുത്തി .                         


             വണ്ടി വേഗത കൂട്ടി. അപ്പോഴേയ്ക്കും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ചങ്ങാതിമാരായി മാറി കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു ഒന്‍പതാം ക്ലാസ്സുകാരന്‍ ചെറിയ പയ്യനെ മൂന്നു പത്താം ക്ലാസ്സുകാരികള്‍ ഇക്കിളിയിടുന്നത്  കണ്ടു. അവന്‍  പോകറ്റ്  മുറുകെ പിടിച്ചിരുന്നു. കാര്യം തിരക്കിയപ്പോ അവന്‍ ഇത്തിരി നേരത്തെ പരിചയത്തിനിടെ ഒരു പെണ്‍കുട്ടിയുടെ കീ ചെയിന്‍ അടിച്ചു മാറ്റിയത്രെ! അവന്‍ പറയുന്നത് ഞാന്‍ 'ടീച്ചര്മാരുടെ കൈയിന്നു വരെ എടുക്കും പിന്നാ..'. എന്തായാലും യുദ്ധം കറെ തുടര്ന്നെങ്കിലും അത് അവന്റെ കയ്യില്‍ നിന്നും തിരികെ വാങ്ങാന്‍ അവര്‍ക്കായില്ല.
"എന്നാ  നീയെടുത്തോടാ"   എന്ന് ആ കൊച്ചു പെണ്‍കുട്ടി അവസാനം പറയേണ്ടി വന്നു. ഒരുപക്ഷെ റ്റൈയ്യും  കോട്ടും ഇട്ട പ്രൈവറ്റ് സ്ക്കൂള്‍ കുട്ടികള്‍ ഈ കൌമാര നിഷ്കളങ്കതകള്‍ മൂടിവച്ച് ഇരിക്കേണ്ടി  വന്നേനെ.       .


ഒരു തമിഴത്തി  എന്നെ നോക്കി പുഞ്ചിരിച്ചു, അവര്‍ മധുരയ്ക്ക് പോകയാണത്രേ! സ്വന്തം വീട്ടിലേയ്ക്ക്.
അപ്പോള്‍ അടുത്തിരുന്ന ആരോ പറയുന്നത് കേട്ടു: ഈ ട്രെയിന്‍ ഇതുപോലെ നില  നിര്‍ത്തിയെങ്കില്‍.. ഞാന്‍ നോക്കി, ഒരു  സാധാരണ കര്‍ഷകനെ പോലെ ഒരാള്‍ .


  യാത്രയില്‍  ഉടനീളം കുട്ടികളുടെ ബഹളം. പുറത്ത് നിഴലും തണുപ്പും വെയിലും മഴമേഘങ്ങളും മാറി മാറി .


തമിഴതിര്‍ത്തി എത്താറായപ്പോള്‍  ഭൂമി തന്നെ വിളിച്ചു പറഞ്ഞു.. 'നോക്കൂ.., ഞങ്ങള്‍ രാവിലെ ഉണര്‍ന്നു കുളി കഴിഞ്ഞു., നിങ്ങളെ പോറ്റാന്‍ തയ്യാറെടുക്കയാണ്'. ഉഴുതിറക്കിയ മണ്ണും വയലും കാറ്റാടികളും.. കാടുകയറിയ മലയാളി മണ്ണ് വെറുതെ ചിരിച്ചു.


                നോക്കൂ കാടെ.., നിന്നിലൂടെ ഊളയിടാന്‍  ഇന്നും മനുഷ്യര്‍ കൊതിക്കുന്നു. ജീവിതത്തിലെ ഒരു ദിവസം അടര്‍ത്തി വരുന്നവരെ കണ്ടിട്ടാവാം പ്രകൃതി ഒരു ചാറ്റല്‍ മഴ വീശി. ഏതോ മൊബയിലില്‍ പാട്ട് കേള്‍ക്കുന്നു .

ഇരുളിലേക്ക്  പെട്ടന്ന് ട്രെയിന്‍ ഇറങ്ങി.
കൂക്കി വിളികള്‍.. എല്ലാവരും ഉറക്കെ കൂവുന്നു. തുരങ്കയാത്ര ഉള്‍കൊള്ളുകയാണ് ..
പെണ്‍കുട്ടികളും ഉറക്കെ മാന്യമായി കൂവുന്നുണ്ടായിരുന്നു..


എന്താണിത് ഏതുവികാരം? പുനലൂര്‍ ചെങ്കോട്ട മീറ്റെര്‍ ഗേജ്ജിനോട്, മണ്ണിനോട്  അവരവര്‍ പോലുമറിയാതെ  മനസ്സില്‍ സ്നേഹം കാത്തിരുനെന്നോ ? പല തുരങ്കവിളികളും കടന്നു അവസാനം ചെങ്കോട്ട സ്റ്റേഷന്‍ എത്തി. കുട്ടികള്‍ പരസ്പ്പരം കൈവീശി യാത്ര പറഞ്ഞു.


           അവിടെ മലയാളി പെരുക്കം .സ്റ്റേഷന്‍ കവിഞ്ഞു ജനം. എല്ലാവരും ട്രെയിനിന്റെയും മനുഷ്യരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയാണ് .
ഏതോ കോണിലുള്ള ഈ ഒരുമ നാം പോലുമറിയാത്ത സ്നേഹമായി.,
രാജ്യസ്നേഹം  ഉണര്‍ത്തും  പോലെ ഏതോ പ്രകമ്പനമായി...
ഏതോ സ്നേഹവേദന ആബാലവൃദ്ധം ജനങ്ങളും, നൂറ്റാണ്ട് പഴക്കമുള്ളോരി  തീവണ്ടി ലോകം അപ്രത്യക്ഷമാകുന്നതില്‍  സൂക്ഷിക്കുന്നുണ്ടായിരുന്നു.
തുരങ്കത്തിലൂടെ, ആദിര്‍ശ്യമായി  തിങ്ങിയ  എതോവികാരം ഹൃദയങ്ങളില്‍ കോര്‍ത്ത്‌ ഞങ്ങള്‍ മടങ്ങി .
അപ്പോഴും തിരക്കിന്റെ അസ്വസ്ഥത കാരണം മകന്‍ വീണ്ടും ചോദിച്ചു: "എന്തിനാമ്മേ ഈ ഇടി കൊള്ളാന്‍ വന്നെ ?"


             മടക്കയാത്രയില്‍ സീറ്റ് ഉണ്ടായിട്ടും ഇരിക്കാതെ മകള്‍ക്ക് കാവല്‍ നിന്ന അമ്മയും. സ്നേഹം പറഞ്ഞിട്ടും പഴംപൊരി വാങ്ങിക്കാഞ്ഞപ്പോള്‍ ശകാരിച്ചും വാങ്ങിപ്പിക്കാന്‍ ശ്രമിക്കുന്ന പഴംപൊരി വില്‍പ്പനക്കാരിയും  എന്നെ അത്ഭുതപെടുത്തി  . 


എണ്‍പതു വയസ്സായ ഒരു വൃദ്ധന്‍ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടായിരുന്നു  .." പണ്ട് കാട്ടാന വന്നു പാളത്തില്‍  നില്‍ക്കും, ട്രെയിന്‍ നിര്‍ത്തിയിടും. പിന്നെ അതു പോയിട്ടെ യാത്ര തുടരാനാകൂ. മലയണ്ണാനെയും പുലികളെയും കാണാം. ഇന്നും പുലികള്‍ ധാരാളമുണ്ടത്രേ .., കാട്ടുപോത്തിനെ ആണ്  ഏറെ ഭയക്കെണ്ടത്, അത്  മനുഷ്യരുടെ  മണം പിടിച്ചു  വരും......."  എന്നിങ്ങനെ ഏറെനേരവും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ക്ഷീണിതരെങ്കിലും സന്തുഷട്ടരായി  ഞങ്ങള്‍ വീട്ടില്‍ മടങ്ങി എത്തി .

പിറ്റേന്ന് വലിയ തിരക്കായിരുന്നു. ട്രെയിനിന്റെ മുകളില്‍  നിരന്നു പോകുന്ന ജനം.


വൈകിട്ട് റ്റി വി വച്ചു കണ്ടോണ്ടിരുന്ന ഭര്‍ത്താവിന്റെ വിളി : "വേഗം വാ .., ദേ പോകുന്നു നമ്മള്‍ ചരിത്രത്തിലേക്ക്" ..
ഞാന്‍ നോക്കി; ടിവി യില്‍ ഞങ്ങളുടെയും ചിത്രം  മാലോകര്‍ക്കൊപ്പം.
 അപ്പൊള്‍ അടുത്ത് നിന്നൊരു ദീര്‍ഘനിശ്വാസവും പിന്നെ ചിരിയും കേട്ടു .. നോക്കിയപ്പോ മകന്റെ ചിരിച്ച മുഖം.
ഞാന്‍ ചോദിച്ചു: "എന്തെടാ?"

"ഭാഗ്യം.., അമ്മ പറഞ്ഞപോലെ ലീവ് ലെറ്ററില്‍ യാത്രയ്ക്ക് പോകുന്നു എന്ന് എഴുതിയത് ., പനിയാണെന്ന് കള്ളം എഴുതീട്ടു ടീച്ചര്‍ എങ്ങാനും ടിവി കണ്ടിരുന്നെലോ.?" 

അപ്പൊ ഞാന്‍ ചോദിച്ചു  "ഇപ്പൊ മനസ്സിലായോ മോനെ എന്തിനാ യാത്രപോയേന്നു?"

അവന്‍ പറഞ്ഞു: "ടി വ യില്‍ പടം വരാന്‍.., കള്ളം പറയരുത്  എന്ന് മനസ്സിലാക്കാന്‍ ...".അവനു സന്തോഷമായി.
    

                           ഒരുപക്ഷെ അടുത്ത അറുപതു വര്ഷം കഴിയുംപോള്‍,  
ഈ യാത്രയില്‍ ട്രെയിന്റെ മുകളില്‍ സഞ്ചരിച്ചവര്‍ , 
വലിയ നഗരമായ് മാറി ക്കഴിഞ്ഞിരിക്കാവുന്ന ഈ ദേശത്തെകുറിച്ച്  അന്ന്, ഇത്  പോലെ   ഓര്‍ക്കുമ്പോള്‍ ., ഒറ്റയ്ക്കിരുന്നു  വരും തലമുറയോട് പറയുമ്പോള്‍.., ഈ ഒത്തുകൂടിയവര്‍ 
ആരൊക്കെ എവിടെയൊക്കെയെന്നാര്‍ക്കറിയാം .....

11 comments:

ശ്രീനാഥന്‍ said...

അവസാനവണ്ടിയിലെ യാത്ര അവിസ്മരണീയമാണ്, സുഖകരമായ എഴുത്ത്‌! പിന്നെ ജോലിക്കിടയിൽ യശോദയെപ്പോലെ ഈരേഴുപതിന്നാലു ലോകങ്ങളൂം കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ടോ?

കല|kala said...

എണ്‍നാലു മുപത്തിരണ്ടു പല്ലോകവും നദുവില്‍ അനന്തന്റെ വിളായാട്ടവും ...

എത്ര കണ്ടിരിക്കുന്നു !
:)

ഊരുതെണ്ടി.. said...

അപ്രതീക്ഷിതമായിട്ടാണ് "പുനലൂര്‍ ചെങ്കോട്ട അവസാന തീവണ്ടി പറഞ്ഞത്" കണ്ടു മുട്ടുന്നത് .....വല്ലതോരശ്ചാര്യതോടെയാണ് ഉള്ളിലേക്ക് പ്രവേശിച്ചത്‌ .......സാധാരണക്കാരന്റെ ഭാഷയില്‍ വരികളിലൂടെ ഒരു യാത്ര ..പഴയ ഓര്‍മ്മകള്‍ തേടി ......അനുഭവിച്ചറിഞ്ഞ പഴയ ഗന്ധങ്ങളിലൂടെ ......നന്ദി ...ഈ ഓര്‍മ്മപ്പെടുതലുകള്‍ക്ക്......

ശ്രീനാഥന്‍ said...

അതൊരു തകർപ്പൻ മറുപടിയാണ്!

Sureshkumar Punjhayil said...

Yaathrakal iniyum avasanikkathe...!

manoharam, Ashamsakal...!!!

കല|kala said...

നനദി,
ശ്രീ, സോനാ, അരുണ്‍, ശ്രീകുമാര്‍.., :)

പകല്‍കിനാവന്‍ | daYdreaMer said...

ഉള്ളു നിറയെ തീവണ്ടി മണക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആദ്യമായിട്ടു ഒരു കര്യം പറയാം.എന്തൊരു കുളിര്‍മയായിരുന്നു ഈ യാത്രക്കു. വയ്നയിലുടനീളം ആ റ്റ്രെയിനിനുള്ളില്‍ തന്നെയായിരുന്നു ഞാനും. തിര്‍ന്നപ്പോളാണ് ഞാന്‍ കലാലൊകത്ത് :) ആയിരുന്നു എന്നു ഓര്‍മ്മവന്ന്ത്.

കല|kala said...

കിലുകിലുകിലുകിലു...:).com

Promod P P said...

“ഈ തീവണ്ടി ഇതു പോലെ എന്നും തുടർന്നിരുന്നെങ്കിൽ” എന്റെ ഉള്ളിലും ഇരുന്ന് ആരോ നെടുവീർപ്പിട്ടു,വായിച്ച് കഴിഞ്ഞപ്പോൾ.. നന്നായി എഴുതിയിരിക്കുന്നു.

അഭിനന്ദനങ്ങൾ

Unknown said...

വരും തലമുറയോട് പറയുമ്പോള്‍.., ഈ ഒത്തുകൂടിയവര്‍
ആരൊക്കെ എവിടെയൊക്കെയെന്നാര്‍ക്കറിയാം . ഇതെഴുതിയ ആളും .... ഇതു വായിച്ച ആളും..പിന്നെ ഈ ബ്ലോഗും..