My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, January 23, 2009

പനിക്കൂട്ടുകള്‍ ...കവിതയല്ല..കഥയുമല്ല.. ചങ്ങാതിയാണു


പനി പിടിച്ചു. ദിവസങ്ങളായ് പുതപ്പിനുള്ളില്‍.
ഒറ്റയ്ക്കല്ലോ എന്നു തോന്നി പോയി.
വേദന.. പനിയുടെ ഭാഷ. കേള്‍ക്കതെ വയ്യ.
മുഖം ഒരു മേശ പോലെ.
അതിന്റെ പുറത്തു ക്യാബേജ്ജ് നിരത്തിയ പോലെ വേദനകള്‍.
അവ ഉരുണ്ടു കൂടി നിന്നു വിങ്ങി.
അതിന്റെ കാലുകള്‍ താടിയെല്ലുകളായ് നിന്നു കഴച്ചു.
ഒരോന്നും തീവ്രം തീവ്രം എന്നു കൂകി.

അപ്പോഴാണു ഏകാന്തത എന്നൊടു കിന്നരിച്ചത്.
ഇത്രമേല്‍ ഒറ്റ്യ്ക്കു എനിക്കെന്നെ എപ്പോള്‍ കിട്ടാന്‍.. എന്ന്..?
എത സ്നേഹപ്പൂക്കള്‍ ഓര്‍മ്മ്കളായ് ചുറ്റും നില്‍ക്കുന്നുവെന്ന്..
ഒക്കെ അത് എനിക്കു കാട്ടി തന്നു.

ഇതാ...
പിങ്കു നിറ്ത്തിലെ അപ്പൂ‍പ്പന്‍ താടികള്‍ കൂട്ടമായ് എനിക്കു തലയിണയാകുന്നു ..
കൈകള്‍ കൂപ്പി ചരിഞ്ഞു മുഖം ചേര്‍ത്തു കാറ്റിനെയും തൊട്ടു ഞാന്‍ കണ്ണടച്ചു .
ചുറ്റും ഓര്‍മ്മകളുടെ സ്നേഹം കൂട്ടു ചേര്‍ന്നു താങ്ങി.. ഞാന്‍ മയങ്ങി.

ഉറക്കത്തില്‍
ഓരൊ വേദനെയെയും ഞാന്‍ നോക്കി, വെറുതേ നോക്കി.
അവയുടെ നിറം. ചിലതു പച്ചനിറത്തില്‍ പതിയെ പൊന്തി പൊന്തി .,
ചിലത് നീലിച്ചവ കണ്ണുകളിലേകു കുഴിച്ചുകൊണ്ട്,
ചിലതു തലയ്ക്കുമേല്‍ ചവിട്ടി പിളര്‍ന്നിട്ടു
.. പിന്നെം വെറുതേ നോക്കി കിടന്നു..
ശ്രദ്ധിക്കും തോറും അവ എന്നേം ശ്രദ്ധിച്ചു തുടങ്ങി ..
പിന്നെ പിന്നെ പതിയെ അവ ചൂളാന്‍ തുടങ്ങി
മ്.,,മ്മ്..,
എന്നെ അവ സ്നേഹിച്ചു തുടങ്ങിയോ?
വേദനയുടെ ഓരോ ബിന്ദുവിനേയും കണ്ടു .
കണ്ടൂകൊണ്‍ണ്ടിരിക്കവെ അവ മായാന്‍ തുടങ്ങി
ഓ.. !
എന്തൊരു മായം!
ഒരോ വേദനയും പൂച്ചയെ പോലെ ശരീരത്തുരുമ്മുന്നു...
ആട്ടിന്‍ കുട്ടികളെപ്പോലെ എന്റെ മുഖം ചേര്‍ന്നു നില്‍ക്കുന്നു
മാഞ്ഞു മാഞ്ഞു പോയ് സ്നേഹമായ് മാറുന്നു.

ഈ പനിയുടെ ഏകാന്തതയില്‍ അപരിചിതരായിരുന്ന എന്നെയും
പിന്നെ എന്നോടൊത്തുള്ള
ഓരോ പോക്കുവരവുകളെയും കണ്ടു.
രക്താണുക്കളും രോഗാണുക്കളും പരസ്പ്പരം വിഴുങ്ങി. കട്ടിലില്‍ ഞാന്‍ തിളച്ചു തുടങ്ങി.
എന്റെമേല്‍ പല മത്സരങ്ങളും നടന്നു. പല ഫല പ്രഖ്യാപനങ്ങളും.,
നെഞ്ചിലൂടെ എത്ര ഓട്ടമത്സരങ്ങള്‍..
ആരു ജയിച്ചലും തോറ്റാലും പനിപിടിക്കുമ്പോള്‍ ഞാനൊരു മൈതാനമാണ്.
അതിലെ കാഴ്ച്ചക്കാര്‍ക്കൊപ്പം ഞാന്‍ വേദനകളെ എണ്ണി എണ്ണി
പ്രിയപെട്ട ചങ്ങാതിമാരാക്കുന്നു.

Saturday, January 3, 2009

യോഗം


തിരുനെറ്റിയില്‍ നിന്നും
മുകളിലേക്കാണു
ഊഞ്ഞാലിട്ടത്.
മഴക്കാറുകള്‍ കൊണ്ടു കെട്ടി
മഴവില്ലിനറ്റത്തു നിന്നും
മുകളിലേക്കും താഴേക്കും..

കാലുകളില്‍ നനഞ്ഞ കാറ്റേല്‍ക്കെ
ഊഞ്ഞാല്‍ പടിക്കു
ചിറകുകളുണ്ടെന്നറിഞ്ഞു

നീളത്തില്‍ മുന്നോട്ടും പിന്നോട്ടും
ഊയലാടികൊണ്ടു
ജീവിക്കാന്‍ തന്നെയാണിഷ്ടം എന്നു
തെറിച്ചു പോയ
ഒരേഒരു ചിലങ്കമണിയൂം
ഉയരത്തില്‍ വച്ചു
കൈവെള്ളകളില്‍
മുത്തമിട്ടെന്നോടു പറഞ്ഞു.

അപ്പോഴേക്കും..
കാലം ഭൂഗോളം
പാ‍തി കറക്കിയിരുന്നു
ആകാശത്തില്‍ ഉലാത്തുന്ന
പകലോനും പറവകളും
മടക്കയാത്രയില്‍
ചക്രവാള പടിയും
ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു...

Wednesday, December 3, 2008

ഒരു ചീന്തു കാലം



മടങ്ങിപ്പോയി ആ വാതില്‍ തുറന്നു

ഞാന്‍ നോക്കാറേയില്ല.

എല്ലാമവിടെ ഇപ്പോഴുമുണ്ടോ എന്ന്,

ദൈവവും, വിളക്കുകളും

സത്യസന്ധമായ് സ്നേഹമറിയിച്ചു മറഞ്ഞ

സാമ്പ്രാണികളും

ഭസ്മവും ചന്ദനവും

അവിടെ ഉണ്ടാകുമൊ?

എനിക്കറിയില്ല.


ഇനിയും ഞാന്‍ തിരക്കാറില്ല.,

കാലം കൊണ്ടുപോയ പോക്കില്‍

നെഞ്ചിനുള്ളില്‍ സ്നേഹമൂതിയ

പവിത്രമാം ശംഖു തകര്‍ന്നു പോയതും ഞാന്‍

നോക്കാറില്ല.


പൊളിച്ചെറിഞ്ഞ

സ്മാരകത്തിനു മീതെ പണിത

സത്രങ്ങള്‍

സ്ഫോടനത്തില്‍ വെന്തപ്പോള്‍

തീവ്രവാദ തൂണുകള്‍ക്കിടയില്‍,

കാലത്തിനുള്ളില്‍ ,

കാറ്റു വകഞ്ഞു നീക്കി

നോക്കയായിരുന്നു ഇവിടെ

ഞാനെവിടെയാനെന്ന്.

(Drawings by kala ; acrylic on paper)

Tuesday, December 2, 2008

ജനാലയ്ക്കലെ പാവക്കുട്ടി



ഈ പാവക്കുട്ടി എത്രനാളായി
ജനാലയ്ക്കല്‍ തന്നെ ഇരിപ്പാണെന്നൊ
സുന്ദര നിറങ്ങള്‍ ഏറെ സുതാര്യമായ ശരീരം
കുപ്പിച്ചില്ലിനാല്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ട്
പുലരിയും സായന്തനവും
അവളില്‍ നിറഭേദങ്ങല്‍
എഴുതുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഉള്ളീലേക്കറങ്ങിയ സൂര്യരശ്മികള്‍
അവളുടെ ചോപ്പിലും
പച്ചയിലും അലിഞ്ഞുചേര്‍ന്ന മഞ്ഞയിലും
പറഞ്ഞു കൊണ്ടേയിരുന്നു.,
മരച്ചില്ലകളുടേ നിഴലിനപ്പുറത്തു
നിന്നും
വന്നും പോയും രാവും.

അതു കണ്ടിട്ടാകാം
സുതാര്യത സുതാര്യതയോടും
വെളിച്ചം വെളിച്ചത്തോടും
നിശബ്ധമാകും പോലെ
രശ്മികള്‍ക്കുള്ളിലലിഞ്ഞു
ഒന്നൊനിലേക്കു കൈമറിയുമൊരൂര്‍ജ്ജമായ്
ഒറ്റ തപസ്സിരിക്കാത്തതെന്തേ
എന്ന് ചുറ്റുമുള്ള സമയമെന്നോടു
എപ്പോഴും
ചോദിച്ചു കൊണ്ടേ ഇരിക്കുന്നത്.
(photo by kala.)

Tuesday, November 11, 2008

ചവറ്

ക്ഷായും ക്ത്രയും ജ്ഞയും.. മെല്ലാം
ഉള്ളില്‍ വച്ചു
മുന്നിലിരിപ്പുണ്ട് ഞാന്‍
നിനക്കുകേള്‍ക്കേണ്ടതൊക്കെ നീ
സ്വയമറിഞ്ഞു പൊയ്ക്കൊള്‍ക
കോര്‍ത്തിണക്കി
വിഷം വിതറി
രുചിപ്പിച്ച വാക്കുകള്‍
നല്‍കുന്ന
ഫാസ്റ്റ്ഫൂട് കടയെനിക്കില്ല.

Saturday, November 1, 2008

coloured escapes

peeping to us
through the yellow of mists,
                                 the whites of dawn,

                                                                                               and with the stills of life
..................................our own contemporaries,

Wednesday, October 29, 2008

അവസ്ഥാന്തരം

ഞാന്‍ നിന്നോട് പറയുമ്പോല്‍
എരിവും നീറ്റലും സുഗന്ധവും
തെറിപ്പിക്കും
മധുരനാരങ്ങാത്തോട് പൊളിക്കും പോലെ
നീയെന്നോട് പറയുമ്പോല്‍
കടല്‍ തുഴഞ്ഞകലുന്ന മനസ്സാണു
കാഴ്ച്ചയില്‍.
നാം
നിശബ്ധരാകുമ്പോള്‍
ചേക്കേറുന്നില്ല
വാതില്‍പ്പുറം സ്പര്‍ശിക്കാതെ
മടങ്ങുന്ന വാക്കുകള്‍.
നിറഞ്ഞ സത്തകള്‍ക്കു പിന്നില്‍
നാം നിശബ്ധര്‍.
മുന്‍പേ നടന്നില്ല
പിന്‍പേയും ഞാന്‍,
സമകാലീന ജന്മങ്ങളാം
ഭാഗ്യങ്ങള്‍ മാത്രം നാം.

Sunday, October 26, 2008

അവതാളം



വാക്കുകള്‍ കൂട്ടാമായ് ഒരുപോലെ
ചുവടുകളുയര്‍ത്തി
നൃത്തം ചെയ്ത് അടുത്തേയ്ക്കു വന്നു
അകത്തേയ്ക്കു കാല്‍ വയ്ച്ചു
മേളങ്ങള്‍ ഉച്ചത്തിലാകവേ
തണുവടര്‍ത്തിയിട്ടു ഇളം ചൂടുവിതറി
കൈപിടിച്ചവ
പറയുകയായിരുന്നു പരസ്പ്പരം.. ,
ഒരുനിമിഷം ..
കാല്‍ തട്ടി വീണൊന്നുപെട്ടന്നു
പിന്നെ പിറകേ ഓരോന്നും
ചിതറി അപരിചിതരാം
ഒറ്റയക്ഷരങ്ങാളായ് അറിയാത്തപോല്‍
തമ്മിലകന്നു പിന്തിരിഞ്ഞു
പടിയിറങ്ങി പോകുന്നെത്രവേഗത്തില്‍
തെരുവിലേക്ക് പലവാഹനങ്ങളിലായ്...!

Saturday, October 18, 2008

സിദ്ധികള്‍......

                 (ഒരു കഥയെഴുതിനോക്കിയതാണേ...)


                    നോക്കിനോക്കി നിന്നു സ്നേഹമേറി, പാളികള്‍നീട്ടി പൂണ്ടക്കം പിടിക്കുമ്പോള്‍, എല്ലാ കാഴ്ച്ചകളും നഷ്ടമാ‍കുന്നു എന്നതായിരുന്നു ജനാലകളുടെ ദുര്‍വിധി. അതിനുള്ളില്‍ വലകള്‍ നെയ്തു പോയ പുറം കാഴ്ച്ചകളിലൂടെ ഒരു ലോകം.

                    ഒരു ദിവസം ആ ജനാലയിലൂടെ ഒറ്റപ്പെട്ട മേഘങ്ങളുടെ നിസ്സാഹായത നോക്കി നില്‍ക്കെയാണ് അവള്‍ അതു കണ്ടത്, നാരകത്തിന്റെ കൊമ്പില്‍ ഒരു പക്ഷി, ഇളം കാറ്റ് വീശുന്നുടായിരുന്നു., തൂവലുകള്‍ പതിയെ അനങ്ങുന്നുണ്ടായിരുന്നു. മഞ്ഞും തണുപ്പും പുരയ്ക്കു മീതെ പെയ്തു നിന്നിരുന്നു.

                     പെട്ടെന്നാണ് അവള്‍ക്കാ സിദ്ധി കൈവന്നത്. കാഴ്ച്ചകളെല്ലാം സുതാര്യമാകുന്നപോലെ. നോക്കി നില്‍ക്കെ പക്ഷിയുടെ മൃദുവായ തൂവല്‍ അപ്രത്യക്ഷമായി.തൊലിയും ചട്ടക്കൂടുകളും മാഞ്ഞു എല്ലുകള്‍ കാണായി. പിന്നീട് പക്ഷിക്കുള്ളിലൊരു നീലിമ ., അവസാനം അതും അപ്രത്യക്ഷമായി. ആത്മാവിലേക്ക് കണ്ണുകല്‍ പാഞ്ഞു പോകെ പിന്നെ ഒന്നും കാണാനാവാത്ത പരിഭ്രാന്തി. ആത്മാവെവിടെ?

                      അതു തന്നെ മനസ്സിന്റെ എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്ന ചോദ്യമായി. അവള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു തിരികെ ശാഖകളിലീക്ക് മടങ്ങിയെത്തി. ദിവസ്സങ്ങള്‍ കഴിഞ്ഞെങ്കിലും അത് അവളെ അലട്ടിയിരുന്നു. പിന്നെ പിന്നെ പതിയെ എല്ലാം മറന്നു തുടങ്ങി.


                     ഒരു ഞാ‍യറാഴ്ച്ചയായിരുന്നു. സ്നേഹത്തിന്റെ തുലാസ് വല്ലാതെ ഉലയുന്നതവള്‍ അറിഞ്ഞൂ. വല്ലത്തഭാരം. നെഞ്ചിന്റെ ഇടതു വശം ചേര്‍ന്നു ഹൃദയത്തിന്റെ തട്ട് താണു പോകും പോലെ.

                     ഒരു  കാരണവുമില്ലാതെ സ്നേഹപ്രകോപനങ്ങല്ള്‍. കാറ്റിനോടും ചില്ലകളോടും, മണ്ണിനോടും ആകാശത്തോടും അങ്ങിനെ എല്ലാത്തിനെയും സ്നേഹിക്കും പോലെ. എന്നിട്ടും സന്തുലിതമാകാത്ത തട്ടുകള്‍ അവളെ അസ്വസ്ഥയാക്കി. പരിഭ്രാന്തിയില്‍ ഓരോന്നിനോടും സല്ലപിച്ചു... എല്ലാ കഴിവുകളേയും കലകളേയും തൂക്കി സദ്ഗുണങ്ങളെ തൂക്കി... ഒന്നിനും മറുതട്ടില്‍ ഭാരമുണ്ടായിരുന്നില്ല.

                        അവസാനം രക്ഷപെടലിന്റെ ഭാഗമായാണ് അതേ പോലെ പ്രണയ ഭാരം പേറുമൊരുവന് പറന്നു പറന്നു തളരവെ വിശ്രമിക്കാനിടം നല്‍കിയത്. കടുത്ത പ്രണയ ഭാരം കണ്ണിലൂടെ തെറിപ്പിച്ച്    ഒരു കാട്ടുപൂച്ചയെപ്പോലെ വീടിനു ചുറ്റും വിവശമായ ശബ്ദങ്ങളായ് അതു നിലവിളിച്ചു കരഞ്ഞുകൊണിരുന്നു.

                       തുലാസ്സിന്റെ തട്ടിലൊന്നു എന്നിട്ടും ഉയര്‍ന്നു തന്നെ കിടന്നു.  പ്രപഞ്ചം മുഴുക്കെ തൂ‍ക്കുമ്പോഴും ബാക്കിയാകുന്നു സ്നേഹം പിന്നെയും. അങ്ങിനെയാണ് ജീവിതം ഈവിധം തലകുത്തി നയിക്കാനാവില്ലാ എന്നവള്‍ തീരുമാനിച്ചത്. ആദ്യത്തെ ചുവട് കൃത്യമായ കാരണം കണ്ടുപിടിക്കലാണ്. പിന്നെ ആരെ സ്നേഹിക്കണം എന്തിന് വേണ്ടി?... വീണ്ടും വീണ്ടും ചോദ്യങ്ങളായി.
അസ്വസ്ഥത ഒഴിവാക്കാന്‍..,
സ്വന്തം സുഖത്തിനു വേണ്ടി ...
സ്നേഹം സ്വാര്‍ത്ഥ സുഖമോ?എനു പോയി ചോദ്യങ്ങള്‍.

ഭ്രാന്തമായ അന്വേക്ഷണത്തിനു മുന്‍പേ സ്നേഹിക്കാതെ വയ്യ എന്ന അവസ്ഥമാറ്റുകായായിരുന്നു പ്രധാനം.

                       അപ്പോഴേക്കും വിശ്രമിക്കാനെത്തിയവന്‍  വിടര്‍ന്ന പൂവാകുന്ന നേരമെത്തിയിരുന്നു.  പ്രണയം ആകാശത്തില്‍ ഒരായിരം താമരപ്പൂക്കള്‍ വിരിയിച്ചു. ഓടിയും നൃത്തം വയ്ച്ചുമവര്‍ ഭൂഖണ്ടങ്ങള്‍ക്ക് അപ്പുറം നിന്നു കൈകോര്‍ത്തു കടലില്‍ ചാടി.

                        ആഴങ്ങളില്‍ പായലുകളും, പവിഴങ്ങളും, പാറയിടുക്കുകളില്‍ ഇളം ചൂട് മധ്യാഹ്നം ഒഴുകുമ്പോല്‍, തെറ്റി തെന്നി കൈകോര്‍ത്ത് വര്‍ണ്ണമത്സ്യങ്ങളുടെ നഗ്നത ഉരുമി അവര്‍ നീന്തി.

                       ഭീമാകാരങ്ങളായ ശംഖിനുള്ളിലെ ഇരുട്ടിന്റെ ചുരുണ്ട അകങ്ങളില്‍ നിവര്‍ന്നു നിശ്ചലം ശയിച്ചു. കടല്‍ത്തട്ടില്‍ അരിച്ചെത്തുന്ന നീലവെളിച്ചവും മൌനങ്ങളുടെ അനക്കങ്ങളും,കാവല്‍ ജലവും അവരെ പുണര്‍ന്നു. താഴെ വിരല്‍ തൊട്ടും തൊടാതെയും ജലസ്പര്‍ശ്ങ്ങളാല്‍ താങ്ങി ഒഴുകി.

                     പക്ഷേ വിഭ്രാന്തികള്‍ക്കൊടുവില്‍ പെട്ടന്നാണ് മറുതട്ടു പണിപറ്റിച്ചത്. ഇടത് വലതിന്റെ മടിയിലിരുന്ന് ചങ്ങലകള്‍ ചുറ്റി കറങ്ങി. എന്നിട്ട് പ്രഖ്യാപിച്ചു; “ഇവിടെ തട്ടുകളും തുലാസ്സുകളും ആവശ്യമില്ല, എന്നില്‍നിന്നുമെന്നിലേക്കും,നിന്നില്‍നിന്നും നീ‍ന്നിലേക്കും നമുക്കു പരസ്പരവും , അളക്കേണ്ടതില്ല. ഭ്രമണവേഗതപോല്‍ പരസ്പ്പരം ചുറ്റിവരിഞ്ഞു ചങ്ങലകള്‍ എല്ലാ തൂക്കങ്ങളേയും ഒന്നാക്കി. പിന്നെ നിശബ്ദമത് അറ്റ് കടലിനുള്ളിലെ സുനാമിമലകള്‍ക്ക് മുകളില്‍ ചെന്നു ചേര്‍ന്നു.

                     കടല്‍ കവച്ചു വച്ച് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. കാറ്റു തേടിയെത്തിയ സായാഹ്ന്നങ്ങളില്‍ കടല്‍ പൂറം വിജനമായിരുന്നു. മുകളിലൂടെ വഞ്ചികള്‍ ഉള്‍കടലിലേക്കു പാഞ്ഞതും ആകാശത്തില്‍ മഴവില്ലു മാഞ്ഞതും അവര്‍ അറിഞ്ഞില്ല.

                        തെങ്ങിന്‍ കൂട്ടവും കുട്ടിലിനു മുന്നില്‍ കളിക്കുന്ന കുട്ടികളും വളരെ വളരെ ദൂരത്തെ ലോകമായി,
                      
                        അവിടെ വച്ച് അപ്പോഴാണ് അവള്‍ക്ക് വീണ്ടും ആ ദൃശ്യ സിദ്ധി വന്നത്. അവളുടെ ദൃഷ്ടികള്‍ അവന്റെ തൊലിയും മാംസവും അസ്ഥിയും കഴിഞ്ഞു ആത്മാവിന്റെ നീലിമിയിലുടക്കി.

                       ഒരു  നിമിഷം.... ലോകത്തിന്റെ എല്ലാ ചലനങ്ങളും ഒരെ നിറത്തിലവസാനിക്കുന്നു എന്നവള്‍ അറിഞ്ഞൂ.
                        ആ ഞെട്ടലില്‍ ഒരു തോന്നല്‍ അവളില്‍ നിന്നും വലുതായ് വലുതായി ഉയര്‍ന്നു  കടലിന്റെ പുറം തൊലി പൊട്ടിച്ച് അന്തരീക്ഷത്തിലേക്ക് പറന്നു..............

Friday, October 17, 2008

ചിഹ്ന്നംവിളി

തൊലിക്കുള്ളില്‍
നൂതന വഴികാട്ടികളെ ഇറക്കിവച്ചു
മറ്റൊരുവര്‍ഗ്ഗത്താല്‍
നയിക്കപ്പെടുന്ന ജീവിതം
ആനകള്‍ക്കാണേലും ഭാരിച്ചതു തന്നെ
കാട്ടിലേക്കെന്നു ചിഹ്ന്നം വിളിച്ചാല്‍
ഭ്രാന്തിളകിയെന്ന മയക്കുവെടി
ഹാ.. പക്ഷേ എന്നിട്ടും
മൃഗങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നില്ലല്ലൊ!
ചിലപ്പോള്‍ മൃഗങ്ങളേയും കണ്ടറിയേണം

Sunday, October 12, 2008

ജീവന്റെ ജോലി

ആത്മമര്‍മ്മരങ്ങള്‍ക്ക്
ഉറക്കമില്ല
പറഞ്ഞില്ലേ..
എനിക്കറിയില്ല രഹസ്യങ്ങള്‍
പ്രണയോല്‍പ്പത്തിയും,
പ്രപഞ്ചോല്‍ല്പത്തിയും,
കാഴ്ച്ചകളുടെ
വേദനാനന്ദങ്ങളും,
ആശ്ച്ചര്യചിഹ്ന്നങ്ങളും,
ജീവന്റെ ജോലി ജീവിക്കുക
എന്നല്ലാതെ...!