My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, April 24, 2010

കുടിയൊഴിപ്പിക്കല്‍

കൈകള്‍ കൊണ്ട്
സ്വയം കാലുകള്‍
ഇരുവശത്തേക്കും വലിച്ചു കീറി
രണ്ടായി പിളര്‍ന്നു
തലയിലേക്കു മുറിഞ്ഞു മാറും
നെഞ്ചില്‍ നിന്നും ശക്തിയായ്
പുറത്തേയ്ക്കുതെറിപ്പിക്കുന്നു
എന്നെയും
പറിഞ്ഞു പോകാത്തൊരി പ്രണയത്തേയും

അകം പുറത്തായി തിരിച്ചിട്ട്
തല കീഴായി
നിര്‍ത്തി ശക്തിയായ് കുടഞ്ഞിട്ടും
വാര്‍ന്നൊഴുകും രക്തത്തിലൊ
തകര്‍ന്ന അസ്ഥികളിലെ
ഓര്‍മ്മകളില്‍
നിന്നോ
വീണുപോകുന്നില്ലല്ലോ
ചേര്‍ന്നുപൊയൊരീ
തീവ്ര നോവും
ഒളിച്ചിരിക്കുമീ
പ്രണയവും ഞാനും.

Sunday, April 18, 2010

കുഞ്ഞുവിചാരം

മുട്ട വിരിയുന്നേ കണ്ണ്  മിഴിക്കുന്നേ
കാലു ചലിക്കുന്നെ  മണ്ണില്‍ തൊടുന്നാല്ലോ,
ഞാനൊന്നും ഓര്‍ക്കാതെ, പറയാതെ,  അയ്യയ്യോ..
ആരാണിതിന്‍ പിന്നില്‍  കോഴിയമ്മേ..?

കൂടെ കരയുന്നേ കൂടെപ്പിറപ്പുകള്‍
 നീയും  കരയുന്നേ, കൂട്ടുകാര്‍ കരയുന്നേ
ഞാനൊന്നും പറയാതെ അയ്യയ്യോ അയ്യയ്യോ
ചികയുന്നു വിരലുകള്‍ ചിറകുകള്‍  അടിക്കുന്നു
കൊത്തുന്നു  തീറ്റകള്‍ ചുണ്ടുകള്‍ പിടയ്ക്കുന്നു
ആര് പറഞ്ഞിട്ടെന്‍  കോഴിയമ്മേ ?

വളരുന്നു ദേഹം പറക്കുന്നു  വേഗം
പിടയെ പിടിക്കുന്നു കൊത്തി പിരിയുന്നു
തട്ടിപറിയ്ക്കുന്നു
പയ്യെ തളരുന്നു പമ്മി നടക്കുന്നു
ആര്  പറഞ്ഞിട്ടെന്‍ കോഴിയമ്മേ?

കൂട്ടിലടയ്ക്കുന്നു കാലില്‍ പിടിക്കുന്നു
കഴുത്തു ഞരിക്കുന്നു  മരിച്ചെന്നു പറയുന്നു
തൂവല്‍ പാറുന്നു കൊത്തി നുറുക്കുന്നു
ഞാനില്ലാതാവുന്നു
ആര് പറഞ്ഞിട്റെന്‍ കോഴിയമ്മേ?

മുട്ടതന്‍  ഉള്ളില്‍  ഇരുത്തിയിട്ടെന്നെ 
 പൊട്ടി വിരിച്ചതും  കിയ്യോ വിളിപ്പിച്ചതും
എന്തിനായിരുന്നെന്‍  കോഴിയമ്മേ..
ഇത്രനാള്‍ എന്തിനായിരുന്നെന്‍ ‍ കോഴിയമ്മേ..

Saturday, April 17, 2010

കൊല്ലുന്ന പ്രണയങ്ങളും, ദൈവത്തുടിപ്പുകളും .

എനിക്കറിയില്ല   ഹൃദയമിടിപ്പിയ്ക്കാന്‍
ഇത്  ദൈവമിടിപ്പുകളാണ്
ലബ്  ഡബ്.....
കൊല്ലുന്ന പ്രണയങ്ങളും
ഇത് തന്നെ ചെയ്തു
വെറുപ്പിന്റെ ചവര്‍പ്പുകളും
കനിവില്ലാത്ത  വേദനകളും
ദൈവമിടിപ്പുകളായി
എനിക്കറിയില്ല ഇന്നും
ഹൃദയമിടിപ്പിക്കാന്‍
ഒക്കെ ദൈവത്തുടിപ്പുകളാണ് ...
ഹൃദയത്തില്‍ വിരല്‍ തൊട്ടവനെന്നോ
 തഴുകിവിട്ടത്.....

Tuesday, April 6, 2010

നിയാണ്ടര്‍താല്‍ സ്ത്രീ




സഹസ്രവര്‍ഷങ്ങള്‍  മുന്‍പ്
എന്നെ നീ കണ്ടില്ലാ
വര്‍ഗ്ഗ ശത്രുവിന്‍  പിന്ഗാമി
നീ പുരുഷന്‍
ഫോസ്സിലാണ്
എന്റെ എല്ലിത്
പുനര്‍ജ്നിപ്പിക്കുന്നു
എന്നെ തന്നെ
മറഞ്ഞ ബോദ്ധങ്ങളെ കണ്മിഴിപ്പിക്കുന്നു
കൊടും കാട്ടില്‍ ജന്മം തുടരവേ
 അമ്പ്‌  എയ്തു  പിന്നില്‍ നിന്ന്
നിന്റെ മുന്‍ഗാമി തന്നെ
അവരെ ക്കൂടി ഓര്‍ക്ക
അതിന്‍ നാമ്പുണ്ട്
നിന്നിലിന്നും എന്നുമോര്‍ക്ക 
പുനര്‍ജനിപ്പിക്കുന്ന ശാസ്ത്രമേ
ഇത് നിയാണ്ടര്‍താള്‍ സ്ത്രീയുടെ
അന്യം നിന്ന അസ്ഥികള്‍
പറയുന്നവ ....


                *

ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ
ലേഡി ............
ഇവിടെ
ഉപേക്ഷിക്കപെടും എന്റെ നോവും
എഴുതുമീവിരല്‍ തുമ്പിലെ  അസ്ഥിയും
ഓര്‍ക്കില്ല പരസ്പരമപ്പോള്‍
സഹാരബ്ധങ്ങള്‍ക്ക് അപ്പുറം നിന്നാരോ 
എടുത്തുകൊണ്ടു പോകില്ലെന്നാര് കണ്ടു 
ഫോസ്സിലുകളുടെ പൂര്‍വ്വ രൂപമെടുതാടട്ടെ
ഇത്തിരിനാള്‍ കൂടിയെന്നാകിലും ...

Saturday, March 20, 2010

ഇരട്ടവാലന്‍


ഭംഗിയുള്ള പുറം ചട്ട ഭക്ഷിച്ചു.
അകത്തേയ്ക്ക്
പതിയെ പതിയെ.,
രുചിയോടെ അക്ഷരത്താളുകള്‍..

മറുപുറമെത്തി,
വീണ്ടും അകംച്ചട്ട, പുറംചട്ട
എന്തു നേടി ?
വെറുതേ ജീവിതം
കാഷ്ടിച്ചു തീര്‍ത്തു.

Friday, March 19, 2010

നീരോട്ടം

ആകാശം വലിച്ചെറിഞ്ഞു
മഴയായ്
ഭൂമിയും പുഴയെന്നു
ദൂരേയ്ക്ക് ആട്ടിയോടിച്ചു
പിന്നെ കടലും പുകച്ചു
ആകാശത്തേയ്ക്ക്
വെറുത്തു വിയര്‍ക്കേ..

മൃഗങ്ങള്‍ മരങ്ങള്‍
പക്ഷികള്‍ ശലഭങ്ങള്‍
പുഴുക്കളും വിസര്‍ജ്ജിക്കെ
പിന്നെ വീണ്ടും ആകാശമെത്തി
ഭൂമി കുളീച്ചു ഉറവകള്‍
പുറംതള്ളി..

എന്നിട്ടും നീരോടുന്നു ജീവനെന്നു
ആര്‍ത്തിയില്‍
ഊറ്റിക്കുടിച്ചുകൊണ്ടോരോ നിമിഷവും
ഉപേക്ഷിക്കപ്പെട്ടുകൊണ്ടതേ നിമിഷത്തിലും..

Tuesday, March 16, 2010

സൌഹൃദം

നീയെനിക്ക് ആരെന്നാല്‍
മറ്റൊരു ഞാന്‍ തന്നെ
അതാവാം നിന്നോട്
പ്രണയമാവാത്തത്..

എന്റടുത്തിരുന്നു മണ്ണപ്പം
ചുടും പോലെ
മണ്ണിരകളെ തൊടും പോലെ
കുന്നിക്കുരുമണി പെറുക്കും പോലെ

മുക്കൂറ്റി ചെടിയുടെ പൂന്തോപ്പിലിരുത്തീട്ട്
കാലു മടക്കി ഒന്നു തന്നിട്ട്
ചിരിച്ചപോല്‍
ഇതിങ്ങിങ്ങിനെ...

Saturday, March 13, 2010

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു ഓടക്കുഴലല്ലേ ഞാനും..!





പലവാതിലുകളിലൂടെ  പ്രപഞ്ച മൊഴുകുമീ  
നിഗൂഡ വഴിയിലെവിടെയോ വച്ചു ഞാന്‍ 
ഞാനായിടുന്നു !

 ഈ മഹത് പാതയെ പൊതിഞ്ഞു
നിന്നെപ്പോഴോ വളരുന്നു
ശരീരമെന്നു വിലസുന്നു ..!

അതോ!
ഒരു വീര്‍ത്ത കുഴലൂത്തു മാത്രമോ
ഞാന്‍ ..

(അറിയാതെന്നിലൂടെ  പാടിത്തിമിര്‍ക്കുന്നാരോ  
ജീവനെന്നു !) 

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..!

Monday, March 8, 2010

ചിതയ്ക്കപ്പുറം

                 1
മഴ പിറക്കുന്നിതാ തിരു മുറിവുകളില്‍ നിന്നും
മലര്‍ക്കെ ശയിക്കുമെന്‍ ചിതയ്ക്ക് മീതെ
പുകമൂടുമീ ഭസ്മം നനയുന്നു
തണുവിലും ചൂടിലും മരവിച്ചിരിക്കെ

അറിയാതൊരിടമുണ്ട്  അരികത്തെവിടെയോ
മൃത്യുവിന്‍ കണ്‍കള്‍ കാട്ടുന്നൊരിടം
അവിടെയ്ക്കെന്നോര്‍മ്മ വഴുതിടും മുന്‍പേ
മഴ പോഴിയുന്നിതാ പുനര്‍ജ്ജന്മ നോവായ്‌

നീറ്റി അണയ്ക്ക്മെന്‍ ജീവന്റെ പാര്‍ശങ്ങള്‍ 
കാറ്റഴിക്കുന്നു മഴചീന്തിയെറിയുന്നു
ഇരുട്ട് പുത്യ്ക്കുന്നു ഗാഡം പുണരുന്നു
ഏകയായ് ഏകതയില്‍ ഏകാന്തതയില്‍
ക്രുരാമാം നിര്‍വികാരതയില്‍ ഈ  ജന്മമൊടുങ്ങുന്നു

അണയുന്നുവോ ഞാന്‍ കത്തി ജ്വലിക്കുന്നുവോ
ശരിതെറ്റുകള്‍ നെടുകേവിറയ്ക്കുന്നു 
ഭാവിഭൂതങ്ങള്‍ ഇരുവശം പിളരുന്നു 
മദ്ധ്യേ ഈ ക്ഷണം വൈകി അറിയുന്നു 
                          2
പ്രണയ നിലവിളികളെ കൊന്ന
 ഒറ്റ മൌനമേ നീ വരിക 
പറയാതെ പോയതൊക്കേയുമറിക
നീ തന്ന ചെറുദീപമെന്‍ മഴക്കാടെരിക്കവേ
ചുടലക്കളത്തിലെന്‍ അസ്ഥിയുരുകവേ

വരികയെന്നരികത്ത് ശരീരമഴിക്ക
നഗ്നരായ് ആത്മാക്ളായി
ഇന്ദ്രിയമൂറ്റാത്ത അറിവായ്  നിറയ്ക്കാമി
പ്രണയം  പരസ്പരം .

                      3

ത്യത്തിന്‍ മുഖത്താഞ്ഞു പതിക്കുന്ന
വാറ്റിയ  ജീവാംശം എന്നറിയിക്കുമീമഴ
ആരവത്തോടായിരം  മുഖങ്ങള്‍
മുന്‍പേ വിളിക്കുന്നെന്നറിയിക്കുമീ മഴ

നാമറിയുന്നീലൊരുന്നാള്‍  നീയും ഞാനും
ഒന്നിച്ചു പെയ്തിടാം കാറ്റായ് മഴയായ്
പലതും പറഞ്ഞിടാം മുകിലൊപ്പം നനഞ്ഞിടാം

തമ്മിലറിയാത്ത ദു:ഖ വര്‍ഷങ്ങളായ്
അവിചാരിതമാം അന്യ ദ്രുവങ്ങളില്‍
പാര്‍ത്തിടാം  ഏതോ ബോധമില്ലായ്മയായ്

ക്ഷണം  വന്നു പുല്കുമൊരു മഴവില്ല്ല് നീയായിടാം
കുളിര്‍ചേര്‍ന്ന്  വിതുമ്പുന്ന മേഘം ഞാനായിടാം
ഭൂമിയായ്‌ നീയെന്നെ കുടിച്ചുവറ്റിച്ചിടാം
കടലോളം നിലയ്ക്കാത്ത സ്നേഹംച്ചുരന്നിടാം

ഇനി,

സൂര്യനിറങ്ങില്ല മഞ്ഞിന്‍ വരികളില്‍
വേരറ്റു പോകുന്ന വേദന പറയില്ല
പകലുണര്‍ത്തില്ല രാവുറക്കില്ല
അറിയാനിന്ദ്രിയങ്ങള്‍ ബാക്കിയില്ല

അതിദൂരമൊരു ഭൂമി അകലേയ്ക്ക് മായുന്നു
സ്മരണകള്‍ നിലയ്ക്കുന്ന  ശൂന്യതാസ്പര്‍ശമായ് 
മരണമായ് എനിക്കിന്ന് നിന്‍ വരവില്ലാതെ 
മഴ പൊഴിയുന്നിതാ പുനര്‍ജന്മനോവായ്‌  ..

Saturday, March 6, 2010

പനീര്‍പൂവേ,

എന്റെ പനീര്‍പൂവേ,

മുറ്റത്തു നിന്നെന്നെ
നോക്കി നോക്കി
ഓരോ ഇതളും
കൊഴിഞ്ഞു
കൊഴിഞ്ഞു
നീ മാഞ്ഞു വീഴവെ
നമുക്കിടയിലുണ്ടായിരുന്ന
നോട്ടം പോലും
കാറ്റു കൊണ്ടു പോകുമല്ലോ...
തീര്‍ച്ച...


ഇനിയും
പുലരിയും മഴയും
നീ അറിയതെ പോകേണ്ടാ
സൂര്യദീപം
നിന്നിലെഴുതാതെ പോകേണ്ടാ.,
കുയില്‍ നാദങ്ങളില്‍മയങ്ങാതെ വേണ്ടാ..
ജന്നാല കൊട്ടിയടക്കുന്നു
ഞാന്‍
നിന്‍ കാഴ്ചയെന്നും
ദീപ്തമായീടുവാന്‍