My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, August 6, 2010

തുള്ളികള്‍

തെളിനീര്‍  തടാകത്തില്‍ തണുപ്പറ്റം നീക്കീട്ടു 
 ഒരു മത്സ്യം
തലനീട്ടി പ്രപഞ്ചത്തോട് 
അമ്പരന്നു : എന്തുവാടെ ഇത് !


വാനത്തിന്‍ തോട് പൊക്കി
മനം
മാനം തൊട്ടു ചന്ദ്രനോട്  അമ്പരന്നു  :
എന്തുവാടെ ഇത് !

കൊള്ളിമീന്‍ കൊടി നാട്ടി 
താരക്കൂട്ടങ്ങള്‍ 
കറുത്തൊരു ശൂന്യതയുടെ 
ഇതള്‍ നുള്ളി അമ്പരുന്നു
എന്ത്വാടെ ഇത് !


നെട്ടനെ കെട്ടിയൊരു  അമ്പരപ്പിന്‍ 
രശ്മി  മാഞ്ഞും  തെളിഞ്ഞും 
തംബുരു മീട്ടൂമ്പോ 
കേട്ടും  കേള്‍ക്കാതെയും ഊളയിട്ടോടുന്നു 
കൂകിപ്പായുന്ന വിശ്വാസങ്ങള്‍    ..

Sunday, July 25, 2010

അവസാന സ്പര്‍ശം ..

ഞാനറിയുന്നു
അവള്‍ ഇപ്പോള്‍ എവിടെയോ ഉണ്ട്
ആരെന്നോ?
ആ മുത്തശ്ശി , മുത്തശ്ശി  പുഴു..
അരികിലോ അകലെയോ..

 ഏതോ ദിവസം
ഏതോ നിമിഷം എന്റെ ശരീരം 
മണ്ണില്‍ ഇറങ്ങുന്നതും  കാത്തു ..
 അവളുടെ പിന്ഗാമികള്‍ ഇരിക്കും
  പതിയെ   കണ്ണ് തുറന്നു നോക്കും
പിന്നെ  തലനീട്ടി ഒളിച്ചു വന്നെന്നെ  .,
'ഏതു അഗ്നി സ്ഫുടം ചെയ്ത ഭാസ്മമെന്നാലും
ഭേദമില്ലെന്നൊരു' മൂളി പാട്ട്  പാടി
പതിയ പതിയെ 
 അവസാനത്തെ ഞാന്‍  കോശവും മായും വരെ
എന്നിലൂടെ   നടക്കും .

അവള്‍ ഈ നിമിഷം എവിടെയോ ഉണ്ട്
ഞാനറിയുന്നു ..

എന്നെ മായ്ക്കും പുഴു ക്കൂട്ടങ്ങളുടെ  മുന്‍ഗാമി.,
 നാമൊന്നു കണ്ടെങ്കില്‍
ഇപ്പോള്‍  !
നിന്നെ കൊല്ലുമോ ഞാന്‍ വണങ്ങുമോ ?

ഈ നിമിഷം  നീ എവിടെ ഒളിക്കുന്നുവാ
അവസാന സ്പര്‍ശമേ..
ഏതു മഞ്ഞിന്‍  കണം മൂടി
ഏതിലച്ചാര്‍ത്തിനുള്ളില്‍ 
അരികിലായോ അകലെയോ  ?

Wednesday, July 7, 2010

കുതിരകയറ്റം

                            ഇത് മനുഷ്യരുടെ മനസ്സിന്റെ ഏതു കോണില്‍ നിന്നാണ് ചാടി വരുന്നെതെന്ന് ചിലപ്പോള്‍ അത്ഭുതം തോന്നും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ റോഡിലൂടെ, ബസ്സിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാത്തൊരു ഭാവം..,

                പലപ്പോഴും എതിരെ പെട്ടുപോയവനെ വിഷണ്ണനായി കാണാനാണിവര്‍ക്കിഷ്ടം. തന്റെ മുന്നില്‍ വന്നവന് മറ്റൊരു വഴിയും തല്‍ക്കാലം ഇല്ലെന്ന ബോധ്യത്തില്‍ നിന്ന് പുറകില്‍ വാലും നീണ്ടകാലും ഇളിച്ച പല്ലുകളും മുളയ്ക്കുന്നിവര്‍ക്കു. പിന്നെ കടിഞ്ഞാണിട്ടു.. ഞാന്‍ തല്‍ക്കാലം നിങ്ങളെ തിന്നുന്നില്ലാ, വിടുന്നു എന്ന ഭാവത്തില്‍ ഭരണം തുടങ്ങുകയായി.
                  

                 എവിടെ എന്നില്ല , ഇവര്‍ക്ക് അധികാരം കിട്ടിയാല്‍ അവരറിയാതെ ഈ ബാധ അവരില്‍ കൂടും.
                    റ്റീച്ചര്‍മാരായൊ, എച്ചെമ്മാരായൊ, പ്രിന്‍സിപ്പല്‍മാര്‍, പ്യൂണ്മാര്‍ മറ്റു ഗുമുസ്തന്മാര്‍, കണ്ടക്ടര്‍മാര്‍, കാവലാളന്മാര്‍, നെര്‍ഴ്സ്സു ഇവരിലെല്ലാം പൊതുവേ ഈ കുതിരകളെ കാണാം.


                   കഴിഞ്ഞ ദിവസം ഒരു കുതിരവന്‍ ഭാവം പൂണ്ടു നില്‍ക്കെ അതു വഴി പോകേണ്ടി വന്നു.
സ്കൂള്‍ ആണു രംഗം.
          

             വരാന്ത.... അകത്തു പഠനം നടക്കുന്ന ക്ലാസ്സുകള്‍. പുതിയ അഡ്മിഷന്‍. കുട്ടികളും രക്ഷകര്‍ത്താക്കളും പുസ്തകം വാങ്ങാന്‍ വരുന്നുണ്ട്. അപ്പോഴാണു രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും കയറേണ്ട മുറിയുടെ മുന്നില്‍ വാതില്‍ തടഞ്ഞു നിന്നു പ്രകടനം.
ഏഴു എട്ടു കുട്ടികള്‍ കിടു കിടു എന്നു നില്‍ക്കുന്നു. 
മുന്നില്‍ മുപ്പതു വയസ്സു തോന്നിപ്പിക്കുന്ന റ്റിപ്  റ്റോപ് അദ്ധ്യാപകന്‍. കയ്യില്‍ ചൂരല്‍.  എഴുന്നു നില്‍ക്കുന്ന മുടി. കടിച്ചു പിടിച്ച കാലുകള്‍... ഭഗവാനേ.., തുറിച്ചു നോട്ടം..
            

                    കടുകു വലിപ്പമുള്ളതും, കരടി വലിപ്പമുള്ളതുമായ  പത്താം ക്ലാസ്സ്  കുട്ടികള്‍ മുന്നില്‍ കൈ നീട്ടി നില്‍പ്പൂ..
ശ്ശീ.....ല്‍...
വായുവിലൂടെ അടി താഴേയ്ക്ക്, സ്കൂള്‍ മുഴങ്ങി.
കണ്ടപ്പോള്‍ തന്നെ ഞെട്ടി. 


                         കുട്ടികളെ ശിക്ഷിക്കാമോ വേണ്ടയൊ .. അതു മറ്റൊരു കാര്യം. വാതിലിനു മുന്നിലൂടെ അകത്തേക്കു പ്രവേശിക്കാനെത്തിയ ഞങ്ങള്‍ പരുങ്ങി.അമ്മയും മകനുമാണ്.അദ്ധ്യാപകന്‍ വഴി മാറുന്ന ലക്ഷണമില്ല.  ‘ഈ ക്ലാസ്സിലാണോ പുസ്തകം വിതരണം ചെയ്യുന്നത്? ‘ എന്റെ പകച്ച പൂച്ച ശബ്ദം. അയാള്‍ ഒന്നു ഇരുത്തി നോക്കി. കണ്ണാടിക്കു മുകളിലൂടെ...എന്നിട്ട് വഴി മാറുന്ന പോലെ ഒന്നു ഭാവിച്ചു തന്നു.
ഞങ്ങള്‍ എങ്ങനെയൊ അകത്തു കയറി.
               പുതിയ അഡ്മിഷന്‍ പയ്യന്‍ അതോടെ വിഷണ്ണനായി.

              
                     അകത്തു രണ്ടു മൂന്നു റ്റീച്ചര്‍മാര്‍. ഞാന്‍ അവരോടു ചോദിച്ചു “ഇതെന്താ ഇങ്ങനെ തല്ലുന്നത്?’“
“അതു കുറ്റം ചെയ്തവരെ ക്ലാസ്സില്‍ നിന്നു ഹെട്മാസ്റ്ററുടെ അടുത്തു കൊണ്ടു വന്നതാണു.” അവരുടെ മറുപടി.
ഞാന്‍ പറഞ്ഞു“ഹോ എനിക്കു കൂടി തല്ല് കിട്ടുമെന്നു തോന്നിയല്ലോ”
അവര്‍:“ഇന്നു ന്യൂ അഡ്മിഷന്‍ അല്ലേ? ഇതു കണ്ടാല്‍ പുതിയ കുട്ടികള്‍ വാല്‍ പൊക്കില്ല.”

                ഹോ അപ്പോ പ്രകടനമാണല്ലേ.. വേദന അനുഭവിക്കുന്ന കുട്ടികളില്‍., കണ്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റവാളികളില്‍., പ്രയോഗമാണല്ലെ..? ..

പരസ്യമായി വരാന്തയില്‍, പുതിയ അഡ്മിഷന്‍ ..രക്ഷകര്‍ത്താക്കളുടെ മുന്നില്‍..

                 അല്ലേലും ചില സാറന്മാക്കൊരു ഭാവമുണ്ട്., കുട്ടികള്‍ മാര്‍ക്കു വാങ്ങാന്‍ മാത്രമുള്ളവരാണെന്നും, അതിനു കഴിയാത്തത് ., ഈ രക്ഷകര്‍ത്താക്കള്‍ എന്ന ജ്ന്മങ്ങളുടെ കുറ്റമാണെന്നും.  ടോക്ടറോ എഞ്ജിനിയറോ ആക്കാന്‍  കഴിയാത്ത., 98 % മാര്‍ക്കു വാങ്ങാത്ത. അവജ്ഞര്‍മാരെ ഞങ്ങള്‍ക്കു വേണ്ടാ എന്നു അവര്‍ വക്രമുഖം കാട്ടുന്നു.,(അവരുടെ ദൃഷ്ടിയില്‍ ‘റ്റീച്ചര്‍മാരാകാന്‍‘ മാത്രം കഴിഞ്ഞ)  ഇവര്‍ പരമ പുഛത്തോടെ ആ പാവങ്ങളെ കൈകാര്യം ചെയ്യുന്നു.

                 എന്തെല്ലാം ഘടകങ്ങള്‍ ചേര്‍ന്നാണു ഒരു കുട്ടി ത്തം, കുട്ടി, വിദ്യാര്‍ത്ഥി,മത്സരാര്‍ത്ഥി,എന്നിങ്ങനെ രൂപാന്തരം വരുന്നത്? പിഞ്ചുമനസ്സുകളുടെ പുറത്തെല്ലോ ഒക്കെയും കുതിച്ചു ചാടുന്നത്.

                 ഓരോ പീരീഡും മനസ്സുകള്‍  കൈയ്യിലെടുത്ത്, പിച്ചി, തൊലിച്ച്, കുത്തിവയ്ച്ചു , ശരിയായി പായ്ക്ക് ചെയ്തു കൊടുക്കും എന്നു ബോര്‍ഡ് തൂക്കുന്ന കാലം ഇനി എന്നാണാവോ ഭഗവാനേ .................................   


ഇതാണു സ്റ്റ്രിക്റ്റ് ..strict....സ്കൂളുകള്‍.....


Friday, June 25, 2010

മഴവാക്കുകള്‍





                                        നിഷേധം   

                                       പുറത്തേക്കെറിഞ്ഞ
                       വിത്തുകള്‍ ഓരോന്നും
                  വേണ്ടായിരുന്നു വേണ്ടായിരുന്നു    
           എന്ന് വേരിറക്കി  മാമരങ്ങളായി വളര്‍ന്നു

                                          വിനിമയം 
                                  നോക്കൂ...
                              ഒരുവരി മാത്രം
                              ഒരു വാചകം.,
                          നമുക്ക് മാറ്റുരച്ചിടാം
                         നിന്റെയും എന്റെയും

                                            കലി 
                  ഇപ്പോള്‍ എനിക്ക് കലിയാണ്
               കറുത്ത അടുപ്പ് കല്ലുകളുടെ കലി.
 
                                  അവസാനം
              ഒരു ഇലയുടെ നിഴല്‍ മാത്രം ഞാനെടുക്കുന്നു 

                                     പിന്മഴ
                    വായുവും ജലവും ചേരുമിടത്തൊരു 
                    മേഘമിരുന്നു പുരമേയുന്നു       


                                       ഇടര്‍ച്ച  
                       നടക്കുമ്പോള്‍ പലപ്പോഴും
                 ജന്മങ്ങള്‍ക്ക് മുന്‍പും പിന്പുമെന്നു
                               കാലിടറുന്നു .             
                          

Sunday, June 6, 2010

വെയില്‍ തൂപ്പുകാരി

എല്ലാ പറമ്പുകളിലും കൊഴിഞ്ഞു വീണുകൊണ്ടിരുന്നത്
ഓര്‍മ്മകളായിരുന്നു..

മരങ്ങള്‍ അത് അവരുടേതെന്നും
കാറ്റ് കാറ്റി ന്റെതെന്നും
മണ്ണ് സ്വന്തം നനവിന്റെതെന്നും
പറഞ്ഞു.

അവള്‍ എല്ലാം അവളുടെ മാത്രം എന്ന്
നിസ്സംഗതയോടെ തൂത്തു
ഒരു മൂലയില്‍ ഒന്നിനു പിറകെ ഒന്നായി
കൂട്ടിയിട്ടുകൊണ്ടിരുന്നു.

ഓരോ ദിനവും, വെയില്‍ വിരിച്ച ഈര്‍ക്കിലുകള്‍
വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌
ചുമലില്‍ തട്ടി
അവളെയും തൂത്തു നീക്കുന്നത്
അറിയുന്നുണ്ടെന്നു്
പുഞ്ചിരിയോടെ സൂര്യനോട് തലകുലുക്കി.

ഒന്നിച്ചിട്ട് തീകത്തിക്കുമ്പോള്‍
സ്വയം എരിയുന്നത്‌,
ഭംഗിയോടെ ആകാശത്തേക്ക്
ചാരധൂളികള്‍ പോലെ പാറുന്നത് ,
വെയിലും ജ്വാലകളും ആകാശത്ത് കൂട്ടിമുട്ടുന്നത്,
അതായിരുന്നു കൊഴിഞ്ഞ ഇലകളും
വെയിലും അവളും തമ്മില്‍
ഇത്രയും നാള്‍ മധുരമായി
ചെയ്തിരുന്നത് ..


(തര്‍ജ്ജനിയില്‍ കൊടുത്തത്  )

Thursday, May 27, 2010

അയയില്‍ ഞാത്തപ്പെട്ടവര്‍.

അതിങ്ങിനെയായിരുന്നു :
വെയില്‍ ചിറകു മുളച്ച കാക്കളെ
 പോലെ ഒരിടത്തും ഇരിക്കാത്ത
പകലുകള്‍
ഇടതു ചെവിയില്‍ നിന്നും വലതിലേക്കും,
 വാക്കുകള്‍ എല്ലാം
കണ്ണിനും മനസ്സിനും ഇടയില്‍ നിന്ന്
 പരതി കിട്ടിയവ പകര്‍ത്തി
നാവിനു   കൊടുത്തുകൊണ്ടുമിരുന്നു.

കാറ്റ്  കൂട്ടം  കൂടി  മരച്ചോട്ടില്‍ നിന്നും
അവളെ ഇടനാഴികളിലേക്ക്  ഇറക്കി വിട്ടു
മുകളറ്റം മുതല്‍ താഴറ്റം വരെ
ഒക്സിജെന്‍ തിരഞ്ഞ മൂക്കും
ആദ്യത്തെ മിടിപ്പ് മുതല്‍ എന്നും
 സ്നേഹം തിരഞ്ഞ ഹൃദയവും
 ചൂലിനെയും   പത്രങ്ങളെയും  തീയിനെയും
മാറി മാറി തൊട്ടു നടക്കയായി

അങ്ങിനെ
ഒരുദിവസം
 അവള്‍ ഉണക്കാനിട്ട വസ്ത്രങ്ങളില്‍
കിടന്നു ഉറങ്ങിപ്പോയി 

അന്നാണ് അയാള്‍ അവളെ 
മേശമേല്‍ കിടത്തി നെഞ്ചില്‍നിന്നും കാലറ്റം വരെ
 ചുളിവു മാറ്റാന്‍  ഇസ്തിരി ഇട്ട്
മടക്കി അലമാരയില്‍ വച്ചത് 

മറ്റു വസ്ത്രങ്ങള്‍  എല്ലാം
ഓരോരോ സ്ത്രീകള്‍ ആയിരുന്നു
എന്ന് ഒരേ പൂട്ടിനുള്ളില്‍ ഒതുങ്ങവേ
അവള്‍ അറിഞ്ഞു .

എന്നിട്ടും .,
അയയില്‍ ഞാന്ന മറ്റു വിഷയങ്ങളെ കുറിച്ച്
അപ്പോഴും അവള്‍  മനസ്സില്‍
 പരീക്ഷയെഴുതി കൊണ്ടിരുന്നു..
പടികള്‍, പൊടികള്‍ ,മുറ്റം ,കൊഴിഞ്ഞ ഇലകള്‍
അടഞ്ഞ ജനാലകള്‍ ,ചിലന്തി വലകള്‍....എന്നിങ്ങനെ .

Friday, May 21, 2010

പെരുമഴ ശകടം

മഴവെള്ളം കവിള്‍കൊണ്ട
 ഭൂമിതന്‍
നാവിലൂടെ ഓട്ടോയില്‍
സഞ്ചാരി.,

മുടിയഴിച്ചിട്ട
നനവിന്‍  മഷിത്തണ്ട്
പുതച്ചിട്ട് 
തീരാത്ത വീഥിയില്‍
ചെളി വെള്ളം തെറിപ്പിച്ച്
ആകാശത്തേക്കും  മഴ..
എന്ന്  പുതുമണ്ണ്  പിടപ്പിച്ച് ..

വാതുറന്നില്ല
മിണ്ടിയി ല്ല
ഭൂമിയും, മഴയും
ഓട്ടോയും, ഞാനും

Thursday, May 13, 2010

ഒരു സായാഹ്ന തൃക്കണ്ണുകള്‍

മരണ വീട്ടിലെ
പവിഴമല്ലിച്ചെടിയില്‍ നിന്നും
ആത്മാക്കള്‍ ഇറ്റു വീഴുന്നു
  ശ് മശാന  പൂക്കളായി ..

ചടങ്ങ് തീര്‍ത്തു  മടങ്ങുന്നോരുടെ
നെറ്റിമേല്‍ കാണാകുന്നു
1..2.. 30.. എന്നിങ്ങനെ
 ശേഷ വര്‍ഷങ്ങള്‍
തന്‍ ആയുര്‍ കണക്കുകള്‍ ..
ഇനിയിത്രനാള്‍ മാത്രമോ  ജീവിതം
ബാക്കി എന്ന്
ഓരോരുത്തരോടും സ്നേഹമോടെ
മനസ്സ് ..

ഇത്തിരി പോയപ്പോ
 എന്റെ നെറ്റിമേലും  എന്തോ  തടയുന്നു
എതിരെ നടന്നവര്‍
പൂര്‍വ്വാധികം സ്നേഹമോടെന്നെ  നോക്കാന്‍
തുടങ്ങുന്നു  .
ഇനിയെത്ര നേരം പരസ്പരം കണ്ടിടാന്‍
അടയാളപ്പെട്ടവരത്രേ നമ്മള്‍
എന്ന്  എല്ലാ കണ്ണുകളിലും  സ്നേഹം  പറയുന്നു.

Saturday, April 24, 2010

കുടിയൊഴിപ്പിക്കല്‍

കൈകള്‍ കൊണ്ട്
സ്വയം കാലുകള്‍
ഇരുവശത്തേക്കും വലിച്ചു കീറി
രണ്ടായി പിളര്‍ന്നു
തലയിലേക്കു മുറിഞ്ഞു മാറും
നെഞ്ചില്‍ നിന്നും ശക്തിയായ്
പുറത്തേയ്ക്കുതെറിപ്പിക്കുന്നു
എന്നെയും
പറിഞ്ഞു പോകാത്തൊരി പ്രണയത്തേയും

അകം പുറത്തായി തിരിച്ചിട്ട്
തല കീഴായി
നിര്‍ത്തി ശക്തിയായ് കുടഞ്ഞിട്ടും
വാര്‍ന്നൊഴുകും രക്തത്തിലൊ
തകര്‍ന്ന അസ്ഥികളിലെ
ഓര്‍മ്മകളില്‍
നിന്നോ
വീണുപോകുന്നില്ലല്ലോ
ചേര്‍ന്നുപൊയൊരീ
തീവ്ര നോവും
ഒളിച്ചിരിക്കുമീ
പ്രണയവും ഞാനും.

Sunday, April 18, 2010

കുഞ്ഞുവിചാരം

മുട്ട വിരിയുന്നേ കണ്ണ്  മിഴിക്കുന്നേ
കാലു ചലിക്കുന്നെ  മണ്ണില്‍ തൊടുന്നാല്ലോ,
ഞാനൊന്നും ഓര്‍ക്കാതെ, പറയാതെ,  അയ്യയ്യോ..
ആരാണിതിന്‍ പിന്നില്‍  കോഴിയമ്മേ..?

കൂടെ കരയുന്നേ കൂടെപ്പിറപ്പുകള്‍
 നീയും  കരയുന്നേ, കൂട്ടുകാര്‍ കരയുന്നേ
ഞാനൊന്നും പറയാതെ അയ്യയ്യോ അയ്യയ്യോ
ചികയുന്നു വിരലുകള്‍ ചിറകുകള്‍  അടിക്കുന്നു
കൊത്തുന്നു  തീറ്റകള്‍ ചുണ്ടുകള്‍ പിടയ്ക്കുന്നു
ആര് പറഞ്ഞിട്ടെന്‍  കോഴിയമ്മേ ?

വളരുന്നു ദേഹം പറക്കുന്നു  വേഗം
പിടയെ പിടിക്കുന്നു കൊത്തി പിരിയുന്നു
തട്ടിപറിയ്ക്കുന്നു
പയ്യെ തളരുന്നു പമ്മി നടക്കുന്നു
ആര്  പറഞ്ഞിട്ടെന്‍ കോഴിയമ്മേ?

കൂട്ടിലടയ്ക്കുന്നു കാലില്‍ പിടിക്കുന്നു
കഴുത്തു ഞരിക്കുന്നു  മരിച്ചെന്നു പറയുന്നു
തൂവല്‍ പാറുന്നു കൊത്തി നുറുക്കുന്നു
ഞാനില്ലാതാവുന്നു
ആര് പറഞ്ഞിട്റെന്‍ കോഴിയമ്മേ?

മുട്ടതന്‍  ഉള്ളില്‍  ഇരുത്തിയിട്ടെന്നെ 
 പൊട്ടി വിരിച്ചതും  കിയ്യോ വിളിപ്പിച്ചതും
എന്തിനായിരുന്നെന്‍  കോഴിയമ്മേ..
ഇത്രനാള്‍ എന്തിനായിരുന്നെന്‍ ‍ കോഴിയമ്മേ..

Saturday, April 17, 2010

കൊല്ലുന്ന പ്രണയങ്ങളും, ദൈവത്തുടിപ്പുകളും .

എനിക്കറിയില്ല   ഹൃദയമിടിപ്പിയ്ക്കാന്‍
ഇത്  ദൈവമിടിപ്പുകളാണ്
ലബ്  ഡബ്.....
കൊല്ലുന്ന പ്രണയങ്ങളും
ഇത് തന്നെ ചെയ്തു
വെറുപ്പിന്റെ ചവര്‍പ്പുകളും
കനിവില്ലാത്ത  വേദനകളും
ദൈവമിടിപ്പുകളായി
എനിക്കറിയില്ല ഇന്നും
ഹൃദയമിടിപ്പിക്കാന്‍
ഒക്കെ ദൈവത്തുടിപ്പുകളാണ് ...
ഹൃദയത്തില്‍ വിരല്‍ തൊട്ടവനെന്നോ
 തഴുകിവിട്ടത്.....