My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, May 31, 2008

ഭാവഭേദം

























എന്നും
രാവിലെ പിന്നാമ്പു‌റവാതില്‍ തുറക്കെ
ഒരു കൂട്ടം കാക്കകള്‍ കാത്തിരിപ്പുണ്ട്.,
ഇലിമ്പിപുളിയിലെ പച്ചുറുമ്പുകള്‍
കൊമ്പുകളുയര്‍ത്തി പുഞ്ചിരിക്കുന്നു,
വെയില്‍ത്തള്ളിനീക്കി മണ്ണിര പിഞ്ചു മുഖം കാട്ടി
ഒക്കെയും നന്ദിയായ് സ്നേഹമായ്...

ആരുമില്ല പരിസരത്തപ്പോള്‍
ഞാന്‍ ചോദിയ്ക്കും
നാളേം വരില്ലെ?
ഒരു കീരി തലയുയര്‍ത്തി
ശലഭങ്ങള്‍ പോട്ടേ എന്നു ചിറകുരുമ്മി
പൈന്മരത്തിലെ പൂക്കള്‍ പാറി മുടിമേലിരിപ്പായി
സുഖമാണോ എന്നു ഞാന്‍
സുഖമെന്നവര്‍.,


എന്നും
പിന്നാമ്പുറ വാതിലടയ്ക്കുമ്പോള്‍
പുറത്തേയ്ക്കു ഒരു ചിറകടി
നെഞ്ചില്‍ നിന്നും
അവര്‍ക്കിടയിലേക്കു പറന്നിരുന്നു.


ഒരു ദിനം
എല്ലാം താനെ നിലച്ചു
പിന്നെ കുയില്‍ പറഞ്ഞതെന്തെന്ന് കേട്ടില്ല
പൂവാങ്കുറുന്തല്‍ ഒന്നും മിണ്ടിയില്ല
കാട്ടുപൂക്കളെല്ലാം കാണാത്തപോലെന്നെ. ..

Monday, May 26, 2008

നേരിന്റെ നേര്‍ത്തൊരീണം....

വെളിച്ചത്തിനു ശബ്ദമില്ല,
ശബ്ദത്തിനു വെളിച്ചമില്ല
കാറ്റിനു നിറവുമില്ല.
ഉണ്ടായിരുന്നെങ്കില്‍ ,
പകല്‍ വെളിച്ചത്തിന്റെ അലര്‍ച്ചയില്‍
കണ്ണുകളിലെ തിളക്കത്തിന്റെ
ശൂളം വിളി‍കളില്‍
ചെവിപൊത്തി നാം ഇരുട്ടിലൊളിച്ചേനെ .

രാത്രിയില്‍
കുഞ്ഞൂവെളിച്ചം കാട്ടി
നിലാവും നക്ഷത്രങ്ങളും
കൂടിയലോചിക്കുന്നതും
കൂര്‍ക്കംവലികള്‍ മിന്നാമിനുങ്ങാകുന്നതും
നമ്മെ ഭ്രാന്തു പിടിപ്പിച്ചേനെ.

പക്ഷെ
പലവര്‍ണ്ണങ്ങളിലെ കാറ്റില്‍
നമ്മുടെ നിശ്വാസങ്ങള്‍
നമ്മില്‍ നിന്നും ദൂരെമാറി
ഒന്നിച്ചുചേരുന്നതും
വീണ്ടും നമ്മില്‍ മാറിമാറീ
വന്നുപോകുന്നതും കാണാനയേനെ.
അവയുടെ നിറഭേദങ്ങള്‍
വീണ്ടും ശബ്ധമാകുമ്പോള്‍
നെഞ്ചില്‍ നിന്നു നേര്‍ക്കുനേര്‍നോക്കുന്ന
നേരിന്റെ നേര്‍ത്തൊരീണം
നാം കേട്ടേനെ..
...

Saturday, May 24, 2008

നേര്‍ച്ച




ദൈവമെ കൈക്കൂലി വാങ്ങാനൊ
കൊടുക്കുവാനൊ ഇട വരുത്തരുതെ..,
ദൈവമെ സ്വജനപക്ഷപാതം കൂടാതെ
ധര്‍മത്തോടെ ജീവിക്കാനാകണെ..,
ദൈവമെ ഇന്ന് രണ്ടു തെങ്ങാ കൂടി
ഞാന്‍ കൂടുതല്‍ അടിച്ചിട്ടുണ്ടെ..,
ദൂരത്തേയ്ക്കിട്ട എന്റെ ട്രാന്‍സ്ഫര്‍
നാട്ടിലെക്ക് മാറ്റി തരണെ..
നീയുമിങ്ങ്നെ മനുഷ്യരെ പോലെ ആകല്ലെ .. കൂടുതല്‍ തേങ്ങാ
നിനക്കെന്തിനാ ?

Wednesday, May 21, 2008

നൈരാശ്യങ്ങളുടെ ആപേക്ഷികത

ഈ പൂക്കുല മുഴുക്കെ
തട്ടി എന്റെ മേലിട്ടത്
ഈ സുഗന്ധം മുഴുക്കെ
കാറ്റിലലിയിച്ചത്
എന്നെ ശ്വാസം മുട്ടിക്കുവാനൊ?

കാണക്കാണെ
തെരുവില്‍ കൈനീട്ടുമൊരുവളുടെ
പല്ലും മുഖവും
മാറി നിന്നു ചിരിക്കുന്നു
പരിഹാസം
ഒക്കത്തിരുന്നു
ഭിക്ഷ ചോദിക്കുന്നു.

എന്നിട്ടും
ദുരിതമെന്നും ദുഖമെന്നും
കുരുക്കിടുന്നു ഞാന്‍.
മാറിടതെ
പിന്നെയും കൈനീട്ടുമവള്‍.
കയറഴിച്ചെന്നെയിറക്കി
ഞാന്‍ ദാനം കൊടുക്കെ
തിരികെ ജീവനും ഒരു കാഴ്ച്ചപ്പാടും
ബാക്കിയായ്.
നൈരശ്യങ്ങളുടെ ആപേക്ഷികത...

Saturday, May 17, 2008

മുറിവുകള്‍ പറയുന്നത്.

മുറിവുകളല്ലെ പറഞ്ഞുതന്നതു..
ശാഖപിരിഞ്ഞു പൂത്തുലഞ്ഞു
സ്നേഹത്തിന്റെ ചോപ്പായി
ധമനികള്‍ നിറഞ്ഞ് ഒഴുകുമ്പോള്‍..
പുറത്തൊ അകത്തൊ കാണാത്ത വേദന-
ഇരിപ്പിടവും, വഴിയും, അയലും,
നാടും നഗരവും നിറച്ച്,
കൂര്‍ത്ത നഖം നീട്ടിയ മരപട്ടികളുമായ്
ഇരുട്ടിന്റെ കോണുകളിലെല്ലാം പതുങ്ങി
നെഞ്ചുരിച്ചു തകര്‍ക്കാനിരിപ്പുണ്ടന്ന്.?
ഈ വേര്‍പെട്ട മുറുവുകളല്ലെ കാട്ടിതരുന്നത് ?

Tuesday, May 13, 2008

തെറ്റി

ഇത്രമേല്‍ പൂക്കളായ് ഈ തെറ്റി ചോക്കാമൊ?
ഇത്രമേല്‍ ദലങ്ങളായ് മകരം കൊഴിയാമൊ?
ഇത്രമേല്‍ സ്നേഹമായ് ഈ കാറ്റു വീശാമൊ?
ഇത്രമേല്‍ മൌനം ഈ താരകള്‍ ചിമ്മാമൊ?

Tuesday, May 6, 2008

ശരിതെറ്റുകള്‍


ഓരോന്നും ശരിയാകുന്നതില്‍

തെറ്റാകുന്നതില്‍

എനിക്കെന്തു പങ്ക്?

കേട്ടതെപ്പൊള്‍

പറഞ്ഞതാര്

നടന്നതെവിടെ

മാതാവാര്

പിതാവാര്

മറ്റെല്ലാരും മൊഴിഞ്ഞതെന്ത്

ഒക്കെ കഴികെ

തീരുമാനമായി.



ഞാനൊ,

അവരോ, കാലമൊ,

ശരികളെ ശരിയാക്കുന്നത്

തെറ്റിനെ തെറ്റാക്കുന്നത്?

അല്ലേല്‍ ഒരു ശരി മറ്റൊരുവന്റെ

തെറ്റാകുന്നതെങ്ങിനെ?

ഹോമം


ഉരുവിട്ടനേകാക്ഷരങ്ങളിലൂടെ

ജപിച്ചകറ്റുന്നു

ഓര്‍മ്മക്കൂട്ടങ്ങളെ,

മലകളീല്‍ തലയിടിച്ചു

താഴ്വാരങ്ങളില്‍ വീണുമരിക്കട്ടതിന്‍

ധ്വനികള്‍ പോലുമേ....



ഇന്നെന്തേ.. മഴേ..?

ഇന്നെന്തേ മഴേ.,

ഇത്ര പെയ്തിട്ടും നീയെന്നില്‍

തണുവായ് നിറായാത്തെ?

ഒക്കെ പറയാനും,

കേള്‍ക്കാനും,

മഴപോലെ അറിയാനും

മഴ മാത്രമല്ലെയുള്ളു?

കാല്‍ പിടിച്ചെന്നെ നിനവിലാഴ്ത്തി

അലിവോടെപ്പൊഴും ഒരുമിച്ചൊഴുക്കി

ചുറ്റും തുള്ളികള്‍ മൃദുവായ് ചിതറി

ബാല്യം കണ്ടപോല്‍

കുളിരായ് കുതറവേ..

കണ്ണില്‍ തഴുകുമൊരോര്‍മ്മ ചിരിയായ്

എന്നും മുന്നില്‍

മഴേ.., നീ മാത്രം,

നീ മാത്രം സ്നേഹമായ്

നേര്‍ക്കുനേര്‍

അത്മാവില്‍ മുഖം പൂഴ്ത്തി

നനവാര്‍‍ന്നു നില്‍ക്കാന്‍.

പേരാലായ് ആയിരം വേരാല്‍ തീരാത്ത പ്രണയം ചെയ്യുന്നു മണ്ണില്‍ ഒരു സാത്ത്വിക വൃക്ഷം.

Saturday, May 3, 2008

അവകാശി

വിതച്ചതും നീതന്നെ
നനച്ചതും നീ തന്നെ
വളര്‍ത്ത്യതും, പൂവിറുത്തതും
മാലകോര്‍ത്തതും,
പിഴുതിട്ടതും, നിലവിളിച്ചതും
കത്തിച്ചതും, കാവലിരുന്നതും
നീ തന്നെ...

വളര്‍ന്നതും പൂത്തതും
ഗന്ധം പകര്‍ന്നതും
നിലതെറ്റി വീണതും
കരയാതെ കരിഞ്ഞതും
പറയാതെ മരിച്ചതും
ഞാന്‍.

എങ്കിലും
വിതച്ചാലുമിരുന്നൂടെ
മുളയ്ക്കാതെയെന്നും?
പിഴുതാലുമിരുന്നൂടെ
മരിക്കതെയെന്നും ?
കലിതുള്ളും ചോദ്യങ്ങള്‍
അവ്നുണ്ടിനിയും..

Friday, May 2, 2008

തൊഴുമ്പോള്‍


എത്ര സമൃദ്ധമായ് എന്നില്‍
ആകാശം പെയ്തിരിപ്പൂ
വലകളില്‍ പൊതിഞ്ഞു വച്ച
കാറ്റായ് ഞാന്‍
കണ്ണികള്‍ക്കുള്ളില്‍
പരിധി തീര്‍ക്കാതെ..

ഞാന്‍ ചിരിക്കെയെന്നില്‍
ആരിത്ര സന്തൊഷിപ്പൂ?
ഇരുട്ടു വീഴ്ത്തുന്നേതു വെളിച്ചം
വന്നു പിന്‍വാങ്ങിയും..
ജ്വലിച്ചടങ്ങിയും?

എത്ര കുളീര്‍മ്മയോടെ
രാവുനിറയുന്നെന്നില്‍
അന്തിവെയിലും നിലാവും
നടക്കാനിറങ്ങുന്നു

ഒരുമണിനാദം
തുള്ളിയായ് ശീതമായ്
അനുഗ്രഹമായ്
കയ്യപിടിച്ചെന്‍
മനം തൊട്ടുകാട്ടിടുന്നു.