എന്നും
രാവിലെ പിന്നാമ്പുറവാതില്‍ തുറക്കെ
ഒരു കൂട്ടം കാക്കകള്‍ കാത്തിരിപ്പുണ്ട്.,
ഇലിമ്പിപുളിയിലെ പച്ചുറുമ്പുകള്‍
കൊമ്പുകളുയര്‍ത്തി പുഞ്ചിരിക്കുന്നു,
വെയില്‍ത്തള്ളിനീക്കി മണ്ണിര പിഞ്ചു മുഖം കാട്ടി
ഒക്കെയും നന്ദിയായ് സ്നേഹമായ്...
ആരുമില്ല പരിസരത്തപ്പോള്‍
ഞാന്‍ ചോദിയ്ക്കും
നാളേം വരില്ലെ?
ഒരു കീരി തലയുയര്‍ത്തി
ശലഭങ്ങള്‍ പോട്ടേ എന്നു ചിറകുരുമ്മി
പൈന്മരത്തിലെ പൂക്കള്‍ പാറി മുടിമേലിരിപ്പായി
സുഖമാണോ എന്നു ഞാന്‍
സുഖമെന്നവര്‍.,
എന്നും
പിന്നാമ്പുറ വാതിലടയ്ക്കുമ്പോള്
പുറത്തേയ്ക്കു ഒരു ചിറകടി
നെഞ്ചില്‍ നിന്നും
അവര്‍ക്കിടയിലേക്കു പറന്നിരുന്നു.
ഒരു ദിനം
എല്ലാം താനെ നിലച്ചു
പിന്നെ കുയില്‍ പറഞ്ഞതെന്തെന്ന് കേട്ടില്ല
പൂവാങ്കുറുന്തല്‍ ഒന്നും മിണ്ടിയില്ല
കാട്ടുപൂക്കളെല്ലാം കാണാത്തപോലെന്നെ. ..